TopTop
Begin typing your search above and press return to search.

പാകിസ്ഥാനില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ചു; 30 പേര്‍ മരിച്ചു;നിരവധി പേര്‍ക്ക് പരിക്ക്

പാകിസ്ഥാനില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ചു; 30 പേര്‍ മരിച്ചു;നിരവധി പേര്‍ക്ക് പരിക്ക്

തെക്കന്‍ പാകിസ്ഥാനില്‍ തിങ്കളാഴ്ച രണ്ട് എക്‌സ്പ്രസ് ട്രെയിനുകള്‍ കൂട്ടിയിടിച്ച് 30 യാത്രക്കാര്‍ മരിക്കുകയും 50 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി പ്രാദേശിക ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. സിന്ധ് പ്രവിശ്യയിലെ ഘോത്കി നഗരത്തിനടുത്തുള്ള റെയ്തി- ദഹാര്‍കി റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയില്‍ മില്ലത് എക്‌സ്പ്രസുമായി സര്‍ സയ്യിദ് എക്‌സ്പ്രസ് കൂട്ടിയിടിച്ചുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

പ്രദേശവാസികളും പൊലീസും മറ്റു രക്ഷാപ്രവര്‍ത്തകരും ചേര്‍ന്ന് പരിക്കേറ്റവരെയും മരിച്ചവരെയും സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി.ലാഹോറില്‍നിന്നും കറാച്ചിയിലേക്കുള്ള യാത്രയിലായിരുന്നു സര്‍ സയിദ് എക്‌സ്പ്രസ്. കറാച്ചിയില്‍നിന്നും സര്‍ഗോഥയിലേക്ക് പോകുകയായിരുന്ന മില്ലത് എക്‌സ്പ്രസ് പാളംതെറ്റുകയും സര്‍ സയിദ് എക്‌സ്പ്രസുമായി കൂട്ടിയിടിക്കുകയുമായിരുന്നു. മില്ലത് എക്‌സ്പ്രസിന്റെ 14ഓളം ബോഗികള്‍ അപകടത്തില്‍ മറിഞ്ഞുവീണു.അപകടസമയത്ത് 1,100 യാത്രക്കാര്‍ ട്രെയിനിലുണ്ടായിരുന്നുവെന്ന് റെയില്‍വേ അധികൃതര്‍ പറഞ്ഞു.

പാകിസ്ഥാനില്‍ ട്രെയിന്‍ അപകടങ്ങള്‍ സാധാരണമാണ്, കൃത്യമായ സിഗ്നല്‍ സംവിധാനമില്ലാത്തതും ട്രാക്കുകള്‍ നവീകരിക്കാത്തതുമാണ് അപകടങ്ങള്‍ക്ക് കാരണം. മാര്‍ച്ചില്‍ റോഹ്രി, സാങ്കി സ്റ്റേഷനുകള്‍ക്കിടയില്‍ ട്രെയിന്‍ പാളം തെറ്റി ഒരാള്‍ മരിക്കുകയും 40 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. 2020 ജൂലൈയില്‍ കിഴക്കന്‍ പാകിസ്ഥാനില്‍ പാസഞ്ചര്‍ വാനുമായി ട്രെയിന്‍ കൂട്ടിയിടിച്ച് 19 തീര്‍ത്ഥാടകര്‍ മരിച്ചിരുന്നു. പാക്കിസ്ഥാനിലെ ഏറ്റവും വലിയ പ്രവിശ്യയായ പഞ്ചാബിലെ ഷെയ്ഖുപുര നഗരത്തിന് സമീപമുള്ള ആളില്ലാ റെയില്‍വേ ക്രോസിംഗിലാണ് അപകടംമുണ്ടായത്.


Next Story

Related Stories