TopTop
Begin typing your search above and press return to search.

'രാജ്യത്തിന് തീപിടിക്കുമ്പോൾ' അവധി ആഘോഷിച്ച് പ്രധാനമന്ത്രി, ഒടുവിൽ മാപ്പ് പറഞ്ഞ് സ്‌കോട്ട് മോറിസൺ

രാജ്യത്തിന് തീപിടിക്കുമ്പോൾ അവധി ആഘോഷിച്ച് പ്രധാനമന്ത്രി, ഒടുവിൽ മാപ്പ് പറഞ്ഞ് സ്‌കോട്ട് മോറിസൺ

കാട്ടുതീ വ്യാപകമായതോടെ ഓസ്‌ട്രേലിയയിലെ ന്യൂ സൗത്ത് വെയിൽസിലും ക്വീൻസ് ലാന്റിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. നിരവധി പേര്‍ മരിക്കുകയും ആയിരങ്ങൾക്ക് വീട് ഉപേക്ഷിച്ച് പോകേണ്ടിവരികയും ചെയ്ത സാഹചര്യവുമുണ്ട്. എന്നാല്‍ അതിനിടയിലാണ് പ്രധാനമന്ത്രി സ്‍കോട്ട് മോറിസണ്‍ അവധി ആഘോഷത്തിനായി അമേരിക്കയിലേക്ക് പോയത്. രാജ്യം കടുത്ത പ്രതിസന്ധി നേരിടുന്നതിനിടെ വിദേശത്ത് അവധി ആഘോഷിക്കാന്‍ പോയതിന് ജനങ്ങളോട് മാപ്പ് പറഞ്ഞിരിക്കുകയാണ് മോറിസണ്‍ ഇപ്പോള്‍.

വിമർശനങ്ങൾ വർദ്ധിച്ചതോടെ അദ്ദേഹത്തിന് യാത്ര വെട്ടിച്ചുരുക്കി മടങ്ങേണ്ടിയും വന്നു. മൂന്ന് സംസ്ഥാനങ്ങളിൽ കനത്ത നാശനഷ്ടങ്ങള്‍ സൃഷ്ടിച്ച് കാട്ടുതീ പടര്‍ന്നു പിടിക്കുകയാണ്. അഗ്നിരക്ഷാസേനയിലെ 3000 പേരാണ് തീയണയ്ക്കാൻ ഭഗീരഥപ്രയത്നം നടത്തുന്നത്. തീരപ്രദേശങ്ങളിലെ ആയിരം കിലോമീറ്ററോളം വരുന്നപ്രദേശത്ത് 60 വിമാനങ്ങളും രംഗത്തുണ്ട്. കിഴക്കൻ ഓസ്‌ട്രേലിയയിൽ വ്യാപകമായി തീക്കാറ്റ് വീശുന്നതിനാൽ തീ അതിവേഗം പടർന്നുപിടിക്കുമെന്ന് അധികൃതർ ചൂണ്ടിക്കാട്ടുന്നു. വീടുപേക്ഷിച്ചുവന്ന ആയിരക്കണക്കിനു പേര്‍ ദിവസങ്ങളായി ക്യാമ്പുകളിലാണ് കഴിയുന്നത്.

മോറിസണെതിരെ വന്‍ പ്രതിഷേധമാണ് ഓസ്ട്രേലിയയില്‍ നടന്നത്. അതോടെ യുഎസിലെ ഹവായിലേക്കുള്ള തന്‍റെ യാത്ര അവസാനിപ്പിച്ച അദ്ദേഹം ജനങ്ങളോട് മാപ്പു പറയുകയാണെന്നും എത്രയും പെട്ടെന്ന് തിരികെ വരുമെന്ന് അറിയിക്കുകയുമായിരുന്നു. തെറ്റ് മനസ്സിലാക്കുന്നുവെന്നും രാജ്യത്തെ ജനങ്ങള്‍ ഇത്രയും പ്രയാസമനുഭവിക്കുമ്പോള്‍ താന്‍ കുടുംബത്തിനൊപ്പം വിദേശത്ത് പോയത് ശരിയല്ലെന്നും മോറിസണ്‍ പറഞ്ഞു.

അതേസമയം, മോറിസന്‍റെ അവധി അദ്ദേഹത്തിന് അവകാശപ്പെട്ടതാണെന്നായിരുന്നു സര്‍ക്കാരിന്‍റെ വിശദീകരണം. എന്നാല്‍ എവിടെയാണ് പ്രധാനമന്ത്രി പോയതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നില്ല. ഹവായിലാണ് മോറിസണ്‍ ഉള്ളതെന്ന വാര്‍ത്തകള്‍ തെറ്റാണെന്നുമായിരുന്നു മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ പറഞ്ഞത്. വെള്ളിയാഴ്‍ച 2GB റേഡിയോയാണ് മോറിസണ്‍ കുടുംബത്തോടൊപ്പം ഹവായിലാണെന്ന് സ്ഥിരീകരിക്കുന്ന റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഹവായിലാണെങ്കിലും കാര്യങ്ങളെല്ലാം ഞാന്‍ അറിയുന്നുണ്ടെന്നും വേണ്ട നിര്‍ദേശങ്ങള്‍ നല്‍കുന്നുണ്ടെന്നും അദ്ദേഹം 2GB-യോട് പറഞ്ഞിരുന്നു.

രണ്ടുവർഷമായി ഓസ്‌ട്രേലിയയിൽ കനത്ത ചൂടാണ് അനുഭവപ്പെടുന്നത്. കാലാവസ്ഥാവ്യതിയാനംതന്നെയാണ് കാട്ടുതീക്ക്‌ കാരണമായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. 2009 ഫെബ്രുവരിയിലാണ് ഓസ്ട്രേലിയയിൽ ഏറ്റവും വലിയ കാട്ടുതീദുരന്തമുണ്ടായത്. വിക്ടോറിയ സംസ്ഥാനത്ത് അന്ന് 173 പേർ മരിച്ചു. 414 പേർക്ക് പരിക്കേറ്റു. 4500 ചതുരശ്രകിലോമീറ്റർ പ്രദേശം അന്ന് അഗ്നിക്കിരയായി.


Next Story

Related Stories