TopTop

കാട്ടുതീ കൈകാര്യം ചെയ്തതിൽ വീഴ്ചയുണ്ടായെന്ന് ഓസ്ട്രേലിയൻ പ്രധാനമന്ത്രി

കാട്ടുതീ കൈകാര്യം ചെയ്തതിൽ വീഴ്ചയുണ്ടായെന്ന് ഓസ്ട്രേലിയൻ പ്രധാനമന്ത്രി

ഓസ്ട്രേലിയയില്‍ ദുരിതം വിതച്ച കാട്ടുതീ കൈകാര്യം ചെയ്തതിൽ വീഴ്ച പറ്റിയെന്ന് സമ്മതിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി സ്‌കോട്ട് മോറിസൺ. കൂടുതല്‍ മെച്ചപ്പെട്ട രീതിയിൽ കാര്യങ്ങൾ കൈകാര്യം ചെയ്യാമായിരുന്നുവെന്ന് മോറിസൺ സമ്മതിച്ചു. തീപടരുന്നത് തടയുന്നതിൽ സർക്കാർ അലംഭാവം കാണിച്ചെന്ന കടുത്ത വിമർശനം ഉയരുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ ഏറ്റുപറച്ചിൽ. കാട്ടുതീയുടെ ഭാഗമായി 28 ജീവനുകളാണ് നഷ്ടമായത്. കോടിക്കണക്കിനു മറ്റു ജീവിവര്‍ഗ്ഗങ്ങളും നാമാവശേഷമായി. രണ്ടായിരത്തിലധികം വീടുകള്‍ കത്തിച്ചാമ്പലായി. പലരും ഇപ്പോഴും ക്യാമ്പുകളില്‍ കഴിയുകയാണ്.

രാജ്യത്തുണ്ടായ ദുരന്തത്തെ കൂടുതൽ ഫലപ്രദമായ രീതിയിൽ പ്രതിരോധിക്കാൻ തനിക്കാകുമായിരുന്നുവെന്ന് സ്‌കോട്ട് മോസിസൺ എബിസി ടെലിവിഷന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ഗ്രാമീണ മേഘലയില്‍ പ്രവര്‍ത്തിക്കുന്ന അഗ്നിശമനസേനയ്ക്ക് കൂടുതല്‍ ഉപകരണങ്ങള്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് ഒരു യുവതി മോറിസണെ സമീപിച്ചിരുന്നു. എന്നാല്‍ അവരില്‍ നിന്നും ഒഴിഞ്ഞുമാറാനാണ് അദ്ദേഹം ശ്രമിച്ചത്. നിങ്ങളൊരു വിഡ്ഢിയാണെന്നും ഇവിടെ നിന്ന് ഇനി നിങ്ങള്‍ക്ക് ഒരു വോട്ട് പോലും കിട്ടില്ലെന്നും ആളുകള്‍ മോറിസണ് നേരെ ആക്രോശിക്കുന്ന അവസ്ഥവരെ ഉണ്ടായി. കാട്ടുതീ രൂക്ഷമായിത്തുടങ്ങിയ സമയത്ത് മോറിസണ്‍ കുടുംബത്തോടൊപ്പം ഹാവായിലേക്ക് വിനോദയാത്ര പോയതും വിവാദമായിരുന്നു. പ്രതിഷേധത്തെ തുടര്‍ന്ന് അദ്ദേഹത്തിന് യാത്ര വെട്ടിച്ചുരുക്കി തിരിച്ചുവരേണ്ടിവന്നു.

കാട്ടുതീ ഏറ്റവുമധികം ബാധിച്ച വിക്ടോറിയ, ന്യൂ സൗത്ത് വെയിൽസ് എന്നിവിടങ്ങളിൽ സന്ദർശനം നടത്തുന്നതിനിടെയാണ് ആളുകൾക്കിടയിൽ നിന്ന് മോറിസനെതിരെ വലിയ രീതിയിലുള്ള പ്രതിഷേധമുയർന്നത്. വികാരനിർഭരമായ സന്ദർഭം എന്നാണ് മോറിസൺ ഇതേക്കുറിച്ച് പ്രതികരിച്ചത്. പ്രധാനമന്ത്രിയും മനുഷ്യനാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, കൂടിയ ചൂടും കാറ്റുമാണ് ഓസ്ട്രേലിയയിൽ കാട്ടുതീ പടരാൻ കാരണമാകുന്നത്. അടുത്ത ആഴ്‍ചയും കാട്ടുതീ രൂക്ഷമാകുമെന്ന് കാലാവസ്ഥാ വിദഗ്‍ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. കാട്ടുതീമൂലം തീറ്റകിട്ടാതെ വലഞ്ഞ ജീവികൾക്ക് ഹെലികോപ്റ്ററിൽനിന്ന് ഭക്ഷണം നൽകാനുള്ള ശ്രമങ്ങള്‍ തുടരുന്നുണ്ട്. ന്യൂസൗത്ത് വെയിൽസ് നാഷണൽ പാർക്ക് ജീവനക്കാരും വന്യജീവിസംരക്ഷകരും അതിനായി മുന്നിട്ടറങ്ങി. ക്യാരറ്റും മധുരക്കിഴങ്ങുമാണ് ആകാശമാർഗം നൽകിയത്. ആയിരക്കണക്കിന് കിലോ കിഴങ്ങുകൾ ഇതുവഴിനൽകിയതായി അധികൃതർ പറഞ്ഞു.


Next Story

Related Stories