TopTop
Begin typing your search above and press return to search.

ഹിറ്റ്ലർ ജനിച്ച ഓസ്ട്രിയയിലെ വീട് ഇനി പോലീസ് സ്റ്റേഷൻ

ഹിറ്റ്ലർ ജനിച്ച ഓസ്ട്രിയയിലെ വീട് ഇനി പോലീസ് സ്റ്റേഷൻ

അഡോൾഫ് ഹിറ്റ്ലർ ജനിച്ച വീട് ഒരു പോലീസ് സ്റ്റേഷനായി മാറ്റുമെന്ന് ഓസ്ട്രിയൻ ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചു. വർഷങ്ങളായി അതു സംബന്ധിച്ച നിയമ പോരാട്ടം നടക്കുകയായിരുന്നു. കെട്ടിടം ഒരു നവ നാസി ദേവാലയമായി മാറുന്നത് തടയാനുള്ള ശ്രമത്തിലാണ് സർക്കാർ. 1889 ഏപ്രിൽ 20-നാണ് ജർമ്മനിയുടെ അതിർത്തിയിലുള്ള ബ്രൗണൗ പട്ടണത്തിൽ ഹിറ്റ്ലർ ജനിക്കുന്നത്. വീട് 2016-ൽ സർക്കാർ ഏറ്റെടുത്തു. അതോടെ ഒരു നൂറ്റാണ്ടിലേറെക്കാലം വീടിന്റെ ഉടമസ്ഥരായിരുന്ന ഗെർലിൻഡെ പോമ്മറുടെ കുടുംബം കോടതിയെ സമീപിക്കുകയായിരുന്നു.

പോമ്മറിന് അർഹമായ നഷ്ടപരിഹാരം നൽകുന്നത് സംബന്ധിച്ച് രാജ്യത്തെ പരമോന്നത കോടതി വിധി വന്നതോടെയാണ് കേസ് അവസാനിച്ചത്. നഗരത്തിൽ പോലീസ് സേനയുടെ ആസ്ഥാനം നിർമ്മിക്കാൻ ആഭ്യന്തര മന്ത്രാലയം ഇനി ആർക്കിടെക്റ്റുകളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കും. 'ഈ കെട്ടിടം ഒരിക്കലും നാസിസത്തെ അനുസ്മരിപ്പിക്കുന്ന സ്ഥലമായിരിക്കില്ല എന്നത് പോലീസ് അവരുടെ പ്രവർത്തിയിലൂടെ കാണിച്ചു കൊടുക്കുമെന്ന്' ആഭ്യന്തര മന്ത്രി വുൾഫ് ഗാംഗ് പെഷോൺ പത്രക്കുറിപ്പിലൂടെ പറഞ്ഞു. യൂറോപ്യൻ യൂണിയനിൽ വാസ്തുവിദ്യാ മത്സരം നടത്തി അടുത്ത വർഷം ആദ്യം തന്നെ മികച്ച ഡിസൈൻ തിരഞ്ഞെടുക്കുമെന്നും, അത് കണ്ടെത്തുന്നതിനായി മികച്ച ജൂറിയെതന്നെ അണിനിരത്തുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

പോമ്മറിന് ഏകദേശം 900,000 ഡോളർ നഷ്ടപരിഹാരം നൽകണമെന്നാണ് കോടതിവിധിച്ചത്. അത് അവർ ആവശ്യപ്പെട്ട തുകയേക്കാൾ കുറവാണ്. എന്നാൽ നേരത്തെ അവർക്ക് നൽകുമെന്ന് പറഞ്ഞതിനേക്കാൾ കൂടുതലുമാണ്. സർക്കാർ അവർക്ക് പ്രതിമാസം 4,800 ഡോളർ വാടക നൽകി വൈകല്യമുള്ളവർക്കുള്ള അഭയകേന്ദ്രമാക്കി കെട്ടിടം ഉപയോഗിച്ചുവരികയായിരുന്നു. എന്നാൽ 2011-ൽ ആവശ്യമായ നവീകരണ പ്രവൃത്തികൾ നടത്താനോ, കെട്ടിടം വിൽക്കാനോ പോമ്മർ തയ്യാറാവാതിരുന്നതോടെ പ്രശനം വഷളായി. അന്നുമുതൽ കെട്ടിടം ഉപയോഗ ശൂന്യമായി കിടക്കുകയായിരുന്നു. ഹിറ്റ്ലർ വളരെ കുറച്ചു കാലം മാത്രമേ അവിടെ താമസിച്ചിട്ടൊള്ളൂ.


Next Story

Related Stories