TopTop
Begin typing your search above and press return to search.

ഒബാമയുടെ പുതിയ പുസ്തകത്തിന് വന്‍ വരവേല്‍പ്പ്; 'എ പ്രോമിസ്ഡ് ലാന്‍ഡ്' ആദ്യ ദിനം വിറ്റത് 8.87 ലക്ഷം കോപ്പികള്‍

ഒബാമയുടെ പുതിയ പുസ്തകത്തിന് വന്‍ വരവേല്‍പ്പ്; എ പ്രോമിസ്ഡ് ലാന്‍ഡ് ആദ്യ ദിനം വിറ്റത് 8.87 ലക്ഷം കോപ്പികള്‍

യുഎസ് മുന്‍ പ്രസിഡന്റ് ബറാക് ഒബാമയുടെ പുതിയ പുസ്തകത്തിന് വന്‍ വരവേല്‍പ്പ്. 'എ പ്രോമിസ്ഡ് ലാന്‍ഡ്' എന്ന ഓര്‍മക്കുറിപ്പിന്റെ ആദ്യ പതിപ്പ് പുറത്തിറങ്ങിയ ദിവസം 8.87 ലക്ഷം കോപ്പികളാണ് വിറ്റുപോയത്. യുഎസിലും കാനഡയിലുമായി പ്രീ ഓര്‍ഡറുകള്‍ ഉള്‍പ്പെടെയാണ് ഇത്രയും കോപ്പികള്‍ വിറ്റത്. പ്രസിദ്ധീകരിച്ച് ആദ്യ ദിവസം തന്നെ ഒരു പുസ്തകത്തിന്റെ ഇത്രയധികം കോപ്പികള്‍ വിറ്റഴിയുന്നത് ആദ്യമാണെന്ന് പ്രസാധകരായ പെന്‍ഗ്വിന്‍ റാന്‍ഡം ഹൗസ് അറിയിച്ചു.

രാഷ്ട്രീയ ജീവിതത്തിന്റെ തുടക്കം മുതല്‍ പാകിസ്താനിലെ അബോട്ടാബാദില്‍ യുഎസ് സീല്‍ ടീം ഒസാമ ബിന്‍ ലാദനെ കൊലപ്പെടുത്തിയതുവരെയുള്ള ഓര്‍മകളാണ് ഒബാമ പുസ്‌കത്തില്‍ വിവരിക്കുന്നത്. ഉള്ളടക്കം വിവരിച്ചുകൊണ്ട് നൈജീരിയന്‍ എഴുത്തുകാരന്‍ ചിമാമണ്ട എന്‍ഗോസി അഡിച്ചി ന്യൂയോര്‍ക്ക് ടൈംസില്‍ എഴുതിയതിനു പിന്നാലെ പുസ്തകം വലിയ ചര്‍ച്ചയായിരുന്നു. വ്യക്തി ജീവിതത്തേക്കാള്‍ രാഷ്ട്രീയ നിലപാടുകള്‍ക്ക് ഊന്നല്‍ നല്‍കുന്നതാണ് പുസ്തകം. ഇന്ത്യന്‍ നേതാക്കളായ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെയും എംപി രാഹുല്‍ ഗാന്ധിയെയുംകുറിച്ച് പരാമര്‍ശമുണ്ട്. റഷ്യന്‍ മുന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍, ഫ്രഞ്ച് മുന്‍ പ്രസിഡന്റ് നിക്കോളാസ് സര്‍ക്കോസി, മുന്‍ ചൈനീസ് പ്രസിഡന്റ് ഹു ജിന്റാവോ, ജോര്‍ജ് എച്ച്ഡബ്ല്യു ബുഷ്, ജോ ബൈഡന്‍ തുടങ്ങിയ ലോകനേതാക്കളെക്കുറിച്ചുള്ള നിരീക്ഷണങ്ങളും പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ആധുനിക ചരിത്രത്തില്‍ പ്രസിഡന്റിന്റെ ഓര്‍മക്കുറിപ്പുകളുടെ വില്‍പനയില്‍ ഒബാമ പുതിയ ചരിത്രം സൃഷ്ടിക്കുകയാണ്. ബില്‍ ക്ലിന്റന്റെ മൈ ലൈഫ് ആദ്യദിനം നാല് ലക്ഷം കോപ്പികളാണ് വിറ്റത്. ജോര്‍ജ് ഡബ്ല്യു ബുഷിന്റെ ഡിസിഷന്‍ പോയിന്റ്‌സ് 2.20 ലക്ഷം കോപ്പികളാണ് ആദ്യ ദിനം വിറ്റുപോയത്. ഇതുവരെ മൈ ലൈഫ് 3.5 മില്യണും ഡിസിഷന്‍ പോയിന്റ്‌സ് നാല് മില്യണ്‍ കോപ്പികളും വിറ്റഴിഞ്ഞിട്ടുണ്ട്. ഈ റെക്കോഡുകളെല്ലാം എ പ്രോമിസ്ഡ് ലാന്‍ഡ് മറികടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദി ഒഡാസിറ്റി ഓഫ് ഹോപ്പ്: തോട്ട്‌സ് ഓണ്‍ റിക്ലെയ്മിങ് ദി അമേരിക്കന്‍ ഡ്രീം (2006), ഡ്രീംസ് ഫ്രം മൈ ഫാദര്‍: എ സ്റ്റോറി ഓഫ് റേസ് ആന്‍ഡ് ഇന്‍ഹെറിറ്റന്‍സ് (1995), ഓഫ് തീ ഐ സിംഗ്: എ ലെറ്റര്‍ ടു മൈ ഡോട്ടേഴ്‌സ് (2010, കുട്ടികളുടെ പുസ്തകം) എന്നിങ്ങനെ ഒബാമയുടെ പുസ്തകങ്ങള്‍ക്ക് വിപണിയില്‍ വളരെ ആവശ്യക്കാരുണ്ടായിരുന്നു.

ഒബാമ മാത്രമല്ല, മുന്‍ പ്രഥമ വനിത മിഷേല്‍ ഒബാമയുടെ പുസ്തകങ്ങള്‍ക്കും ആരാധകര്‍ ഏറെയുണ്ടായിരുന്നു. 2018ല്‍ ബികമിംഗ് എന്ന മിഷേലിന്റെ ഓര്‍മക്കുറിപ്പ് ആദ്യ ദിനം 7.25 ലക്ഷം കോപ്പികളാണ് വിറ്റുപോയത്. ആദ്യ ആഴ്ചയില്‍ തന്നെ 1.4 മില്യണ്‍ കോപ്പികള്‍ വിറ്റു. ലോകമാകെ 10 മില്യണ്‍ കോപ്പികളാണ് ഇതുവരെ വിറ്റത്.


Next Story

Related Stories