TopTop
Begin typing your search above and press return to search.

പ്രധാനമന്ത്രി ജോൺസൺ വംശീയ പരാമർശം നടത്തിയെന്ന് ജെറിമി കോർബിൻ

പ്രധാനമന്ത്രി ജോൺസൺ വംശീയ പരാമർശം നടത്തിയെന്ന് ജെറിമി കോർബിൻ

ബ്രിട്ടീഷ് പാർലമെന്റ് തിരഞ്ഞെടുപ്പിന് ഒരാഴ്ച മാത്രം ശേഷിക്കെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ‘വംശീയ പരാമർശം’ നടത്തിയെന്ന ആരോപണവുമായി ജെറമി കോർബിൻ. കഴിഞ്ഞ ദിവസം നടന്ന സംവാദത്തിനിടെ ഇരുവരും ഇസ്ലാമോഫോബിയയെയും ആന്റിസെമിറ്റിസത്തേയും ചൊല്ലി രൂക്ഷമായ വാദപ്രതിവാദത്തില്‍ ഏര്‍പ്പെട്ടിരുന്നു. ലേബര്‍ പാര്‍ട്ടിക്കകത്തുള്ള ആന്റിസെമിറ്റിസവുമായി ബന്ധപ്പെട്ട പരാതികൾ കൈകാര്യം ചെയ്യുന്നത് വന്‍ പരാജയമാണെന്ന് ജോണ്‍സണ്‍ ആരോപിച്ചിരുന്നു.

എന്നാല്‍ ആന്റിസെമിറ്റിസത്തെ അഭിസംബോധന ചെയ്യാൻ തന്റെ പാർട്ടി എന്തെല്ലാം ചെയ്തുവെന്ന് വ്യക്തമാക്കിയ കോര്‍ബിന്‍ ഇസ്ലാമോഫോബിയയെ നേരിടുന്നതിൽ ജോൺസൺ പരാജയപ്പെട്ടുവെന്നും, കൺസർവേറ്റീവുകള്‍ നിരന്തരം വംശീയമായ ഭാഷ ഉപയോഗിക്കുന്നതായും ചൂണ്ടിക്കാട്ടി. ‘നമ്മുടെ സമൂഹത്തിൽ ഇസ്ലാമോഫോബിയയുടെ പ്രശ്നങ്ങളുണ്ട്. ഞാന്‍ ആരെയും ഒരിക്കല്‍പോലും വംശീയമായി അധിക്ഷേപിച്ചിട്ടില്ല’- കോര്‍ബിന്‍ പറഞ്ഞു.

ഇസ്ലാമോഫോബിയയോ വംശീയതയോ നിറഞ്ഞ പ്രസ്താവനകള്‍ നടത്തിയ ടോറികള്‍ പലരും ക്ഷമ ചോദിച്ചിട്ടുണ്ടെന്നും അവരില്‍ പലരും സ്ഥാനാര്‍ഥികളായി നില്‍ക്കുന്നുണ്ടെന്നും ജോണ്‍സണ്‍ പ്രതികരിച്ചു. തുടര്‍ന്ന്‍ ‘ലേബർ പാർട്ടിയിലെ ജൂത ജനതയ്ക്ക് വേണ്ടി നിലകൊള്ളാന്‍ കോര്‍ബിന്‍ തയ്യാറാകാത്തത് നേതൃപരമായി അദ്ദേഹത്തിന്‍റെ വലിയ പരാജയമാണെന്ന്’ ജോണ്‍സണ്‍ തുറന്നടിച്ചു. എന്നാല്‍ ജോണ്‍സണ്‍ മുന്‍പ് നടത്തിയ വംശീയമായ പരമാര്‍ശങ്ങള്‍ അക്കമിട്ടു നിരത്തിയാണ് കോര്‍ബിന്‍ അതിനു മറുപടി നല്‍കിയത്. കറുത്ത വര്‍ഗ്ഗക്കാരെ അദ്ദേഹം ‘തണ്ണിമത്തൻ പുഞ്ചിരിയുള്ള പിക്കാനിനികൾ’ എന്ന് വിശേഷിപ്പിച്ചതും, മൂടുപടം ധരിച്ച മുസ്ലീം സ്ത്രീകളെ ‘ബാങ്ക് കൊള്ളക്കാർ’, ‘ലെറ്റർ ബോക്സ്’ എന്നിവയുമായി താരതമ്യം ചെയ്തതും കോര്‍ബിന്‍ എടുത്തുപറഞ്ഞു.

വിവിധ രാജ്യങ്ങളിലോ നമ്മുടെ സമൂഹത്തിൽ തന്നെയോ ഉള്ള മനുഷ്യരെ വംശീയമായി അധിക്ഷേപിക്കുന്ന തരത്തില്‍ പരാമര്‍ശം നടത്തുന്ന നേതാവായ താങ്കളാണ് വലിയ തോല്‍വിയെന്ന് കോര്‍ബിന്‍ തുറന്നടിച്ചു. ‘ഞാനൊരിക്കലും അത് ചെയ്യില്ല. എഴുതിയ അഭിപ്രായങ്ങളും ലേഖനങ്ങളും കാണുമ്പോള്‍ സാധാരണ മനുഷ്യര്‍ക്ക്‌ അനുഭവപ്പെടുന്ന വേദന പ്രധാനമന്ത്രി മനസ്സിലാക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു’- അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പ് അടുത്തുനില്‍ക്കെ നിർണായകമായ അവസാന ദിവസങ്ങളിൽ മേൽക്കൈ നേടാനുള്ള പരിശ്രമത്തിലാണ് ഇരുകൂട്ടരും. ബ്രക്സിറ്റ്, എൻഎച്ച്എസ്, രാജ്യത്തിന്റെ സാമ്പത്തിക നില, പരിസ്ഥിതി തുടങ്ങി എല്ലാ മേഖലകളെയും സ്പർശിക്കുന്ന ചോദ്യങ്ങള്‍ക്ക് അവര്‍ മറുപടി പറഞ്ഞുകൊണ്ടിരിക്കുകയാണ്. അഭിപ്രായ സര്‍വേകളില്‍ കണ്‍സര്‍വേറ്റുകള്‍ക്ക് നേരിയ മുൻതൂക്കമാണ് ഉള്ളത്. ആരെയും ആകർഷിക്കുന്ന പ്രകടന പത്രികയ്ക്കൊപ്പം ഇന്നുകൂടി തിരഞ്ഞെടുപ്പു സംവാദത്തിൽ കത്തിക്കയറാനായാൽ ലേബറിന് ടോറികൾക്ക് ഒപ്പമെത്താം.


Next Story

Related Stories