Top

'ആളുകളെ അകറ്റുന്ന, സ്വാതന്ത്ര്യത്തെ നിയന്ത്രിക്കുന്ന ഒരു മതിലും ഒരുപാട് ഉയര്‍ന്നിട്ടില്ല', ജര്‍മ്മന്‍ മതിൽ പതന വാർഷികത്തിൽ മെർക്കൽ

ബെർലിൻ മതിലിന്റെ പതനത്തിന്റെ 30-ാം വാർഷികത്തിൽ ജനാധിപത്യത്തെ പ്രകീർത്തിച്ച് ജര്‍മ്മന്‍ ചാൻസലർ ഏഞ്ചല മെർക്കൽ. ജനാധിപത്യത്തെ നിസ്സാരമായി കാണരുതെന്നായിരുന്നു ബെർലിൻ മതിൽ സ്മാരകത്തിലെ വാർഷികാഘോഷ ചടങ്ങിൽ പങ്കെടുത്തുകൊണ്ട് മെർക്കൽ നടത്തിയ പരാമർശം. 'ആളുകളെ അകറ്റിനിർത്തുകയും സ്വാതന്ത്ര്യത്തെ നിയന്ത്രിക്കുകയും ചെയ്യുന്ന ഒരു മതിലും ഇതുവരെ ഒരുപാട് ഉയര്‍ന്നിട്ടില്ല. ജനാധിപത്യത്തെ തകർക്കാൻ കഴിയില്ല'- മെര്‍ക്കല്‍ പറഞ്ഞു.

രണ്ടാം ലോക മഹായുദ്ധത്തിലെ തോല്‍വിയോടെയാണ് ജര്‍മ്മനിയില്‍ വിഭജനത്തിന്‍റെ മതില്‍ ഉയരുന്നത്. പശ്ചിമ ജര്‍മ്മനി അഥവാ ഫെഡറല്‍ റിപ്പബ്ലിക് ഓഫ് ജര്‍മ്മനി യൂറോപ്യന്‍ നിയന്ത്രണത്തിലും പൂര്‍വ്വ ജര്‍മ്മനി അഥവാ ജര്‍മ്മന്‍ ഡെമോക്രാറ്റിക് റിപ്പബ്ലിക്, സോവിയറ്റ് നിയന്ത്രണത്തിലുമായി. പശ്ചിമ ജര്‍മ്മനി സമ്പല്‍സമൃദ്ധമായിരുന്നു. അതിനാല്‍ തന്നെ ജനങ്ങള്‍ ഒരു പരിധിവരെ സംതൃപ്തരുമായിരുന്നു. എന്നാല്‍, നേരെ വിപരീതമായിരുന്നു പൂര്‍വ്വ ജര്‍മ്മനിയുടെ അവസ്ഥ. ഭരണകൂട ഭീകരതയും ജനങ്ങളുടെ അസംതൃപ്തിയും നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുവരുന്നതാണ് അവിടെ കണ്ടത്. സ്വാഭാവികമായും ആളുകള്‍ പശ്ചിമ ജര്‍മ്മനിയിലേക്ക് പാലായനം ആരംഭിച്ചു. അത് സോവിയറ്റ് യൂണിയനെ ചൊടിപ്പിച്ചു.

പ്രശ്‌നത്തിന് ഒരു പ്രതിവിധിയെന്നോണമാണ് 1961 ഓഗസ്റ്റ് 13-ന് ബെർലിൻ മതിൽ നിർമിക്കുന്നത്. നിരവധി വാച്ച് ടവറുകളും, വൈദ്യുതി കമ്പികളും, സുരക്ഷാ ഉദ്യോഗസ്ഥരും കാവലുള്ള 45 കിലോമീറ്റർ നീളമുള്ള കോൺക്രീറ്റ് മതിലായി ബെർലിൻ മതിൽ മാറി. അധികൃതർ ഔദ്യോഗികമായി ബെർലിൻ മതിലിനെ ആന്‍റി ഫാസിസ്റ്റ് പ്രൊട്ടക്ഷൻ റാംപാർട്ട് എന്നാണ് വിശേഷിപ്പിച്ചത്. പടിഞ്ഞാറൻ ബെർലിൻ നഗര സർക്കാർ ഇതിനെ "ലജ്ജയുടെ മതിൽ" എന്നും വിളിച്ചു. 1980 കളിൽ പോളണ്ടിലും, ഹംഗറിയിലും നടന്ന വിപ്ലവങ്ങളുടെ തുടർക്കഥയായി 1989 നവംബർ 9-ന് വെസ്റ്റ് ജർമനിയുമായുള്ള അതിർത്തി ഈസ്റ്റ് ജർമനി തുറന്നുകൊടുത്തു. അന്നാണ് ജർമനി വീണ്ടും ഒന്നാകുന്നതും.

'യൂറോപ്പ് മുന്നോട്ടുവച്ച മൂല്യങ്ങളായ സ്വാതന്ത്ര്യം, ജനാധിപത്യം, സമത്വം, നിയമവാഴ്ച, മനുഷ്യാവകാശങ്ങൾ തുടങ്ങിയവയെയെല്ലാം പുനരുജ്ജീവിപ്പിക്കണമെന്ന്' മെര്‍ക്കല്‍ ഓര്‍മ്മിപ്പിച്ചു. നമ്മുടെ സ്വാതന്ത്ര്യത്തിന്റെയും ജനാധിപത്യത്തിന്റെയും ഭാഗം നാംതന്നെ ചെയ്യേണ്ടതുണ്ട് എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.


Next Story

Related Stories