കോവിഡ് സാരമായി ബാധിച്ച യു.എസില്‍ മരണസംഖ്യ 5,12,590 ആയി ഉയര്‍ന്നു. ആകെ 28,826,307 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 19,114,140 പേര് രോഗമുക്തരായി. 9,199,577 പേരാണ് ഇപ്പോഴും ചികിത്സയിലുള്ളത്. ഇതുവരെ 349,829,288 സാമ്പിളുകളാണ് പരിശോധിച്ചത്. കോവിഡില്‍ ജീവന് നഷ്ടപ്പെട്ടവര്‍ക്ക് രാജ്യം ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. വൈറ്റ് ഹൗസില്‍ മെഴുകുതിരി കത്തിച്ച് പ്രസിഡന്റ് ജോ ബൈഡനും വൈസ് പ്രസിഡന്റ് കമല ഹാരിസും ദുഖാചരണത്തില്‍ പങ്കുചേര്‍ന്നു. വൈറ്റ് ഹൗസിലെ പതാക അഞ്ച് ദിവസത്തേക്ക് പകുതി താഴ്ത്തി.
കോവിഡ് മഹാമാരി സൃഷ്ടിച്ച ദുഖത്തില്‍ മുങ്ങിപ്പോകരുത്, വൈറസിനെതിരായ പോരാട്ടത്തില്‍ ഐക്യപ്പെടാമെന്ന് ബൈഡന് രാജ്യത്തെ അഭിസംബോധന ചെയ്യവെ പറഞ്ഞു. ഒരു രാജ്യമെന്ന നിലയില്‍ ഇത്തരമൊരു ക്രൂരവിധി അംഗീകരിക്കാനാവില്ല. എല്ലാവരും തങ്ങള്‍ക്ക് നഷ്ടപ്പെട്ടവരെക്കുറിച്ച് ഓര്‍ക്കണം. അതേസമയം തന്നെ കോവിഡിനെതിരെ ജാഗ്രത പുലര്‍ത്തണം. സാമുഹിക അകലം പാലിക്കുകയും മാസ്ക് ധരിക്കുകയും വേണം. ഒരു ജനത എന്ന നിലയില്‍ ഒരുമിച്ചുനിന്ന് നമുക്ക് പോരാടേണ്ടതുണ്ട്. ഇതുവരെയുള്ളതിനെയെല്ലാം പിന്നിലാക്കി നാം മുന്നോട്ടുപോകും. ഈ രാജ്യം വീണ്ടും പുഞ്ചിരിക്കുമെന്നും ബൈഡന് കൂട്ടിച്ചേര്‍ത്തു.