TopTop

സുലൈമാനി വധം വിശാലതന്ത്രത്തിന്റെ ഭാഗമെന്ന് യുഎസ്; നടപടി അജ്ഞതയും ധാർഷ്ട്യവും, ചർച്ചയ്ക്കില്ലെന്ന് ഇറാൻ

സുലൈമാനി വധം വിശാലതന്ത്രത്തിന്റെ ഭാഗമെന്ന് യുഎസ്;  നടപടി അജ്ഞതയും ധാർഷ്ട്യവും, ചർച്ചയ്ക്കില്ലെന്ന് ഇറാൻ

ചൈനയും റഷ്യയുമടക്കം നേരിടുന്ന വെല്ലുവിളികളെ മറികടക്കാനുള്ള വിശാലമായ തന്ത്രത്തിന്‍റെ ഭാഗമായാണ് ഖാസിം സുലൈമാനിയെ കൊലപ്പെടുത്തിയതെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ. സൊലൈമാനി യു.എസിനെ ആക്രമിക്കാന്‍ ഗൂഡാലോചന നടത്തിയിരുന്നുവെന്ന നേരത്തെ പറഞ്ഞ വാദങ്ങള്‍ നേര്‍പ്പിച്ചുകൊണ്ടാണ് പോംപിയോ ഇപ്പോള്‍ പ്രതികരിക്കുന്നത്. എന്നാല്‍ അപ്പോഴും സുലൈമാനി ഏതു തരത്തിലുള്ള ആക്രമണമാണ് പ്ലാന്‍ ചെയ്തിരുന്നത് എന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല.

വിശദമായ വിവരങ്ങള്‍ വെളിപ്പെടുത്താതെ രഹസ്യാന്വേഷണ വിഭാഗം നല്‍കുന്ന നിര്‍ദേശങ്ങള്‍ മാത്രം അടിസ്ഥാനമാക്കി മറ്റുള്ളവരെ ആക്രമിക്കുന്ന 'സ്വയം പ്രതിരോധ യുക്തിയെക്കുറിച്ച്' ഡെമോക്രാറ്റിക്, ചില റിപ്പബ്ലിക്കൻ നിയമനിർമ്മാതാക്കൾതന്നെ ഇതിനകം രംഗത്തു വന്നുകഴിഞ്ഞു. നാല് യുഎസ് എംബസികൾ വരെ ആക്രമിക്കാന്‍ സൊലൈമാനി പദ്ധതിയിട്ടിരുന്നു എന്നാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞിരുന്നത്. എന്നാല്‍ രഹസ്യാന്വേഷണ വിഭാഗം അത്തരത്തിലുള്ള യാതൊരു വിവരവും കൈമാറിയിട്ടില്ലെന്ന് പ്രതിരോധ സെക്രട്ടറി മാർക്ക് എസ്പർതന്നെ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സൊലൈമാനി ഒരു ഭീഷണിയായിരുന്നോ എന്നതൊന്നും ഒരു 'ഒരു വിഷയമേയല്ല' എന്ന വിവാദപരമായ വാദമാണ് ട്രംപ് ഇപ്പോള്‍ മുന്നോട്ടു വയ്ക്കുന്നത്.

സുലൈമാനിയെ കൊലപ്പെടുത്തിയതിനു പിന്നില്‍ 'ഒരു വലിയ തന്ത്രം'തന്നെ ഉണ്ടായിരുന്നുവെന്ന് പോംപിയോ പറഞ്ഞു. പ്രസിഡന്റ് ട്രംപും അദ്ദേഹത്തിന്റെ ദേശീയ സുരക്ഷാ സംഘത്തിലുള്ളവരും ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാനെതിരെ യഥാർത്ഥ പ്രതിരോധം പുനസ്ഥാപിക്കുകയാണെന്നാണ് അദ്ദേഹത്തിന്‍റെ അവകാശവാദം. 'തിരിച്ചടി നല്‍കാനുള്ള കഴിവുണ്ടെന്ന് മാത്രമല്ല, വാസ്തവത്തിൽ അത് ചെയ്യാനും നമ്മള്‍ തയ്യാറാണെന്നും എതിരാളി മനസ്സിലാക്കണം. 2018-ൽ ട്രംപ് പിൻവലിച്ച 2015-ലെ ഇറാനിയൻ ആണവ കരാർ യഥാര്‍ത്ഥത്തില്‍ ടെഹ്‌റാനെ ശക്തിപ്പെടുത്തുകയാണ് ചെയ്തത്'- പോംപിയോ പറഞ്ഞു. സ്റ്റാൻഫോർഡ് സർവകലാശാലയുടെ ഹൂവർ ഇൻസ്റ്റിറ്റ്യൂട്ടിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എന്നാൽ, ഖാസിം സുലൈമാനിയുടെ കൊലപാതകം വെളിവാക്കുന്നത് അമേരിക്കയുടെ അജ്ഞതയും ധാർഷ്ട്യവുമാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രി ജവാദ് ഷെരിഫ് തിരിച്ചടിച്ചു. വാഷിംഗ്ടൺ കാര്യങ്ങൾ അവരുടെ വീക്ഷണകോണിൽ നിന്ന് മാത്രമാണ് നോക്കിക്കാണുന്നത്. ഒരു പ്രദേശത്തിന്റെ തനത് താൽപ്പര്യങ്ങൾ അവർ പരിഗണിക്കുന്നില്ലെന്നും അദ്ദേഹം പ്രതികരിച്ചു. യുഎസ് നടപടിക്കെതിരെ ഇന്ത്യയിൽ വരെ പ്രതിഷേധങ്ങൾ അരങ്ങേറിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യാ സന്ദർശനത്തിനിടെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഖാസിം സുലൈമാനിയുടെ മരണം യുഎസിന് ഒപ്പ് ആഘോഷിച്ചത് ഇസ്ലാമിക് സ്റ്റേറ്റ് മാത്രമാണ്. ട്രംപ്, പോംപിയോ, ഐഎസ് എന്നിവര്‍ക്ക് മാത്രമായിരുന്നു ആഹ്ളാദം. മറ്റെവിടെയെങ്കിലും ഇത്തരം പ്രകടനങ്ങൾ നടന്നതായി അറിയുമോ എന്നും അദ്ദേഹം പോംപിയോയുടെ ആരോപണങ്ങൾക്ക് മറുപടിയായി ആരോപിച്ചു.

ഇറാനിലെ തെരുവുകളിൽ സുലൈമാനിയെ അനുസ്മരിച്ച് ഒൻപത് ദശലക്ഷം ആളുകളാണ് തെരുവിലറങ്ങിയത്. പ്രതിഷേധിക്കാൻ നിങ്ങൾക്ക് ഇത്രയധികം ആളുകളെ കൊണ്ടുവരാൻ ഒരിക്കലും നിങ്ങൾക്കാവില്ല. സംഘർഷത്തിനിടെ ഒരു വിമാനം വെടിവച്ചത് തെറ്റ് സംഭവിച്ചതായിരുന്നു. 180 കുടുംബങ്ങൾ തങ്ങളുടെ പ്രിയപ്പെട്ടവരുടെ നഷ്ടത്തിൽ വിലപിക്കുന്നെന്ന് ഞങ്ങൾ മനസിലാക്കുന്നു. ഇപ്പോൾ നിലനിൽക്കുന്ന പ്രതിസന്ധിക്ക് നയതന്ത്ര പരിഹാരത്തിന് അവസരമുണ്ടോയെന്ന ചോദ്യത്തെ ഇല്ലെന്ന തരത്തിലായിരുന്നു ഷരിഫ് പ്രതികരിച്ചത്.

"ഇറാന് നയതന്ത്ര ചർ‌ച്ചകളിൽ താല്പര്യമുണ്ട്. എന്നാൽ യുഎസുമായി ചർച്ച നടത്താൻ ഞങ്ങൾക്ക് താൽപ്പര്യമില്ല. ആണവ കരാറിന് കീഴിൽ യുഎസ് അതിന്റെ നിബന്ധനകൽ പാലിച്ചില്ല. കരാർ യുഎസ് ലംഘിച്ചെന്നും വിദേശകാര്യമന്ത്രി ആരോപിച്ചു.


Next Story

Related Stories