TopTop

ഇന്ധന വിലവർധന: ഇറാനിൽ ജനകീയ പ്രക്ഷോഭം; 70 പേർ കൊല്ലപ്പെട്ടു; അടിച്ചമർത്തൽ തുടരുന്നു

ഇന്ധന വിലവർധന: ഇറാനിൽ ജനകീയ പ്രക്ഷോഭം; 70 പേർ കൊല്ലപ്പെട്ടു; അടിച്ചമർത്തൽ തുടരുന്നു

ഇന്ധന വിലവര്‍ധനയെ തുടര്‍ന്ന് ഇറാനില്‍ ആരംഭിച്ച പ്രക്ഷോഭം ശക്തമായി തുടരുകയാണ്. യുഎസ് ഉപരോധത്തെ തുടര്‍ന്ന് രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പശ്ചാത്തലത്തിലാണ് ഈമാസം 15ന് ഇറാനില്‍ ഇന്ധനവില ഇരട്ടിയാക്കി വര്‍ധിപ്പിച്ചത്. അതോടെ 40 വർഷത്തെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രക്ഷോഭത്തിനാണ് ഇറാന്‍ സാക്ഷ്യം വഹിക്കുന്നത്. രണ്ടു ലക്ഷത്തോളം ആളുകളാണ് തെരുവില്‍ ഇറങ്ങിയിരിക്കുന്നത്. 7,000 പേര്‍ അറസ്റ്റിലായി. ഷിറാസിൽ മാത്രം 15 പേര്‍ കൊല്ലപ്പെട്ടതായി ആംനസ്റ്റി ഇന്റർനാഷണൽ സ്ഥിരീകരിച്ചു.

കഴിഞ്ഞയാഴ്ച അവസാനത്തോടെ രാജ്യത്ത് ഇന്റർനെറ്റ് സംവിധാനം റദ്ദാക്കിയത് ഏറ്റവും കൂടുതല്‍ ബാധിച്ച നഗരം ഷിറാസാണ്. 'റോസുകളുടെ നഗരം' എന്നറിയപ്പെടുന്ന ഷിറാസിൽ ഈ ദിവസങ്ങളില്‍ എന്താണ് സംഭവിച്ചതെന്ന് ഇനിയും പുറത്തുവന്നിട്ടില്ല. എന്നാൽ ഷിറാസിനകത്തും പുറത്തുമുള്ള മനുഷ്യാവകാശ പ്രവര്‍ത്തകര്‍ നല്‍കുന്ന അഭിമുഖങ്ങളും സോഷ്യൽ മീഡിയ പോസ്റ്റുകളുടെ വിശകലനവും ഒട്ടും പ്രതീക്ഷാവഹമായ വിവരങ്ങളല്ല നല്‍കുന്നത്. മരണസംഖ്യ കൂടാനാണ് സാധ്യതയെന്ന് വിവിധ ഏജന്‍സികളെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഷിറാസിലെ ഒരു പെട്രോള്‍ പമ്പില്‍വെച്ച് ഒരു യുവതി സുരക്ഷാ ഉദ്യോഗസ്ഥനോട് കയര്‍ത്തു സംസാരിക്കുന്ന ദൃശ്യം ഇതിനകംതന്നെ വൈറലായിട്ടുണ്ട്. 'നിങ്ങൾ ഞങ്ങളെ നശിപ്പിക്കുകയാണ്' എന്ന് ആക്രോശിച്ചുകൊണ്ട് അവര്‍ ഉദ്യോഗസ്ഥനുനേരെ പാഞ്ഞടുക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. തൊട്ടടുത്ത ദിവസം പ്രദേശത്തെ ജനങ്ങളെല്ലാം നിസ്സഹകരണ സമരം ആരംഭിച്ചു. തെരുവുകൾ പൂർണ്ണമായും നിശ്ചലമായി. വാഹങ്ങള്‍ റോട്ടില്‍ തന്നെ പാര്‍ക്ക് ചെയ്ത് ഡ്രൈവർമാർ ഇറങ്ങിപ്പോയി.

നവംബർ 15-ന് സർക്കാർ അപ്രതീക്ഷിതമായി പെട്രോൾ വിതരണം പരിമിതപ്പെടുത്തുകയും വില വർധിപ്പിക്കുകയും ചെയ്തതാണ് പ്രക്ഷോഭത്തിനിടയാക്കിയത്. ഇതിനെ നേരിടാനാണ് സർക്കാർ രാജ്യത്തെ മിക്കയിടത്തും ഇന്റർനെറ്റ് സംവിധാനം റദ്ദാക്കിയത്. ചുരുങ്ങിയത് അമ്പത് ശതമാനത്തിന്റെ വർധനവാണ് പെട്രോൾ വിലയിൽ വരുത്തിയത്. സബ്‌സിഡി നിർത്തലാക്കിയതാണ് പൊടുന്നനെ പെട്രോൾ വില വർധിക്കാൻ കാരണം. വാഹനമുള്ളവർക്ക് മാസം 15,000 റിയാലിന് 60 ലിറ്റർ പെട്രോൾ എന്ന നിലയിൽ പരമിതപ്പെടുത്തുകയും ചെയ്തു. ഇതിൽ കൂടുതലായി വാങ്ങുന്ന പെട്രോളിന് ഇരട്ടി വില നൽകണം. നേരത്തെ പതിനായിരം റിയാലിന് മാസം 250 ലിറ്റർ പെട്രോൾ വാങ്ങാമായിരുന്നു.

ഇറാനിലെ പ്രതിഷേധക്കാരെ അടിച്ചമര്‍ത്തിയതിനെ അന്താരാഷ്ട്ര സമൂഹം അപലപിക്കണമെന്ന് ആംനസ്റ്റിയുടെ പശ്ചിമേഷ്യയിലെ ഗവേഷണ- നിയമവിഭാഗം മേധാവി ഫിലിപ് ലൂഥര്‍ ആവശ്യപ്പെട്ടിരുന്നു. വളരെ അടുത്തുനിന്നാണ് പ്രതിഷേധക്കാരില്‍ ചിലര്‍ക്ക് വെടിയേറ്റത് എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. കെട്ടിടത്തിന്റെ മുകളില്‍ നിന്നുപോലും വെടിവച്ചിട്ടുണ്ടെന്നും അടിച്ചമര്‍ത്തലിന് പൊലിസിനു പുറമെ അര്‍ധസൈനിക വിഭാഗത്തെയും ഉപയോഗിച്ചതായും ആംനസ്റ്റി കുറ്റപ്പെടുത്തി.

2018ൽ ആണവ കരാറിൽ നിന്ന് അമേരിക്ക പിൻമാറിയതിനെത്തുടർന്ന് ഇറാന്റെ എണ്ണ കയറ്റുമതിക്കുമേൽ കനത്ത ഉപരോധങ്ങളാണ് ഏർപ്പെടുത്തിയത്. ഇതാണ്‌ ഇറാന്റെ സാമ്പത്തികനില താറുമാറാക്കിയത്. ഈ പ്രതിസന്ധി മറിക്കടക്കാനുള്ള ഏക മാര്‍ഗ്ഗമെന്നോണമാണ് ഇറാൻ പെട്രോൾ വില വർധിപ്പിച്ചത്.


Next Story

Related Stories