TopTop
Begin typing your search above and press return to search.

ഇസ്രായേലും സൗദിയും യുകെയും ട്രംപിനൊപ്പം; ആശങ്കയോടെ റഷ്യയും ഫ്രാൻസും ചൈനയും: ഇറാനിലെ യുഎസ് ആക്രമണത്തോട് ലോകരാജ്യങ്ങൾ പ്രതികരിച്ചത് ഇങ്ങനെ

ഇസ്രായേലും സൗദിയും യുകെയും ട്രംപിനൊപ്പം; ആശങ്കയോടെ റഷ്യയും ഫ്രാൻസും ചൈനയും: ഇറാനിലെ യുഎസ് ആക്രമണത്തോട് ലോകരാജ്യങ്ങൾ പ്രതികരിച്ചത് ഇങ്ങനെ

ഡ്രോൺ ആക്രമണത്തിൽ ഇറാൻ സൈനിക കമാൻഡർ മേജർ ജനറൽ ഖാസിം സുലൈമാനിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ ലോക രാജ്യങ്ങളുടെ ഭാഗത്തുനിന്നും സമ്മിശ്ര പ്രതികരണമാണ് ഉണ്ടാകുന്നത്. യുഎന്‍ സ്ഥിരാംഗങ്ങളായ റഷ്യയും ചൈനയും ഫ്രാന്‍സും ആക്രമണത്തില്‍ ആശങ്ക അറിയിച്ചു. യൂറോപ്പിന്‍റെ പ്രതോകരണത്തില്‍ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ നിരാശ പ്രകടിപ്പിച്ചു. യുകെ, ഫ്രാൻസ്, ജർമ്മനി തുടങ്ങിയ രാജ്യങ്ങളുടെ ഭാഗത്തുനിന്നും വേണ്ടത്ര പിന്തുണ ലഭിച്ചിട്ടില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. എന്നാല്‍ സൈനിക നടപടികള്‍ എപ്പോഴും അപകടകരമാണെന്നായിരുന്നു ഫ്രഞ്ച് വിദേശ ഉപമന്ത്രി അമേലിയ ഡി മന്ദ്ഷാലി പറഞ്ഞത്. ഇത്തരം നടപടി മധ്യപൗരസ്ത്യദേശത്തെ പുതിയ സംഘര്‍ഷത്തിലേക്ക് നയിക്കുമെന്ന് റഷ്യന്‍ വിദേശകാര്യവകുപ്പും പ്രസ്താവനയില്‍ പറഞ്ഞു. അമേരിക്കന്‍ ആക്രമണം കടുത്ത ആശങ്കയുണ്ടാക്കുന്നതാണെന്നായിരുന്നു ചൈനയുടെ പ്രതികരണം.

ഇസ്രായേൽ, സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് എന്നീ രാജ്യങ്ങള്‍ അമേരിക്കക്ക് പൂര്‍ണ്ണ പിന്തുണയാണ് നല്‍കുന്നത്. അതേസമയം സംഭവത്തെ കുറിച്ച് ഇതുവരെ പ്രതികരിക്കാത്ത ബോറിസ് ജോണ്‍സനെതിരെ ശക്തമായ വിമര്‍ശമാണ് ഉയര്‍ന്നുവരുന്നത്. കാമുകി കാരി സൈമണ്ട്സിനൊപ്പം മസ്റ്റിക്ക് ദ്വീപിൽ അവധിക്കാലം ആഘോഷിക്കുകയാണ് ജോൺസൺ. സുലൈമാനിയെ വധിച്ചതിനു ശേഷം പോംപിയോ ഈ രാജ്യങ്ങളുമായി ചര്‍ച്ച നടത്തിയിരുന്നു. കഴിഞ്ഞ രണ്ടു ദിവസമായി സഖ്യകക്ഷികളുമായി സംസാരിച്ചു വരികയാണെന്നും, എന്തുകൊണ്ടാണ് സുലൈമാനിയെ വധിച്ചതെന്ന് ബോധ്യപ്പെടുത്തിയെന്നും പോംപിയോ പറഞ്ഞു. യൂറോപ്പിലെ ജനങ്ങളുടെ ജീവന്‍കൂടെയാണ് ഞങ്ങള്‍ രക്ഷിച്ചതെന്ന് ബ്രിട്ടണും ഫ്രാന്‍സും ജര്‍മ്മനിയും മനസ്സിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഇറാന്‍ നയം എപ്പോഴും യുഎസിനേയും യൂറോപ്പിനേയും തമ്മിൽ ആഴത്തിൽ ഭിന്നിക്കുന്ന വിഷയമാണ്. ഇറാനുമായി വന്‍കിട രാജ്യങ്ങള്‍ ഉണ്ടാക്കിയ ആണവക്കരാറില്‍നിന്ന് ട്രംപ് ഏകപക്ഷീയമായി പിന്മാറിയിരുന്നു. തുടര്‍ന്ന്‍ ഇറാനെതിരെ കൂടുതല്‍ ഉപരോധമേര്‍പ്പെടുത്തുകയും ചെയ്തു. ഇറാനെ സാമ്പത്തികമായി ശ്വാസം മുട്ടിക്കാനുള്ള ട്രംപിന്റെ ശ്രമങ്ങളെ യൂറോപ്യൻ രാജ്യങ്ങള്‍ കുറ്റപ്പെടുത്തുന്നുണ്ട്. ഹ്രസ്വകാലത്തേക്കെങ്കിലും സുലൈമാനിയുടെ കൊലപാതകം ഇറാഖിലെയും സിറിയയിലെയും ഇസ്ലാമിക് സ്റ്റേറ്റിനെ തുടച്ചുനീക്കാനുള്ള വിശാലമായ സഖ്യ ശ്രമത്തെ റദ്ദ് ചെയ്യും.


Next Story

Related Stories