കാര്‍ഷിക നിമയങ്ങള്‍ക്കെതിരെ ഡല്‍ഹിയില്‍ കര്‍ഷകര്‍ നടത്തുന്ന പ്രക്ഷോഭത്തിന് പിന്തുണയുമായി കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോ. കര്‍ഷക പ്രതിഷേധത്തെക്കുറിച്ച് ഇന്ത്യയില്‍നിന്നു വരുന്ന വാര്‍ത്തകള്‍ ആശങ്കാജനകമാണ്. സുഹൃത്തുക്കളെയും കുടുംബങ്ങളെയും കുറിച്ച് ആധിയുണ്ട്. അവകാശങ്ങള്‍ക്കുവേണ്ടി സമാധാനപരമായി പോരാടുന്ന കര്‍ഷകര്‍ക്കൊപ്പമാണ് കാനഡ എന്നും നിലകൊള്ളുന്നു. ചര്‍ച്ചകളില്‍ വിശ്വാസമുണ്ട്. തങ്ങളുടെ ആശങ്കകള്‍ അറിയിക്കാന്‍ ഇന്ത്യന്‍ ഭരണാധികാരികെ ബന്ധപ്പെടാന്‍ പലവിധത്തില്‍ ശ്രമിച്ചിരുന്നു. എല്ലാവരും ഒരുമിച്ച് ശ്രമിക്കേണ്ട സന്ദര്‍ഭമാണിതെന്നും ട്രൂഡോ കൂട്ടിച്ചേര്‍ത്തു. ഗുരു നാനാക്ക് ജയന്തി ദിനത്തില്‍ സിഖ് മതവിശ്വാസികളെ അഭിസംബോധന ചെയ്തുള്ള ട്വിറ്റര്‍ സന്ദേശത്തിലായിരുന്നു ട്രൂഡോയുടെ പ്രതികരണം. കര്‍ഷകരെ പിന്തുണച്ചുകൊണ്ട് രംഗത്തെത്തുന്ന ആദ്യ അന്താരാഷ്ട്ര നേതാവാണ് ട്രൂഡോ.
അതേസമയം, ട്രൂഡോയുടെ പ്രതികരണത്തെ കേന്ദ്ര സര്‍ക്കാര്‍ തള്ളി. വിഷയത്തെക്കുറിച്ച് കൃത്യമായ ധാരണകളില്ലാതെയാണ് അദ്ദേഹത്തിന്റെ പ്രതികരണമെന്നായിരുന്നു കേന്ദ്രത്തിന്റെ പ്രതികരണം. ട്രൂഡോയെ വിമര്‍ശിച്ച് ശിവസേനയും രംഗത്തെത്തി. ഇത് ഇന്ത്യയുടെ ആഭ്യന്തര പ്രശ്നമാണെന്നായിരുന്നു ശിവസേനയുടെ മുതിര്‍ന്ന നേതാവ് പ്രിയങ്ക ചതുര്‍വേദിയുടെ പ്രതികരണം. മറ്റു രാജ്യങ്ങള്‍ ഇത് അവരുടെ രാഷ്ട്രീയനേട്ടത്തിനായി ഉപയോഗിക്കേണ്ടതില്ല. മറ്റു രാജ്യങ്ങളോട് തങ്ങള്‍ പുലര്‍ത്തുന്ന മര്യാദകളെ ബഹുമാനിക്കാന്‍ ശ്രദ്ധിക്കണമെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.