TopTop

കൊറോണ ശക്തിപ്പെടുന്നതായി ചൈനീസ് ആരോഗ്യമന്ത്രി; വൈറസ് ബാധിതൻ രോഗം തിരിച്ചറിയും മുമ്പെ മറ്റുള്ളവരിലേക്ക് പടരുന്നു

കൊറോണ ശക്തിപ്പെടുന്നതായി ചൈനീസ് ആരോഗ്യമന്ത്രി; വൈറസ് ബാധിതൻ രോഗം തിരിച്ചറിയും മുമ്പെ മറ്റുള്ളവരിലേക്ക് പടരുന്നു

കൊറോണ വൈറസ് കൂടുതൽ ശക്തിപ്പെടുന്നുവെന്ന ആശങ്ക പങ്കുവെച്ച് ചൈനീസ് ആരോഗ്യമന്ത്രി മാ ഷിയോവ. ഇതിനിടെ 56 പേർ മരണപ്പെട്ടിട്ടുണ്ട്. രോഗബാധ രണ്ടായിരത്തിലധികം പേരിലേക്ക് എത്തിക്കഴിഞ്ഞു. കൊറോണ വൈറസ് ലക്ഷണങ്ങൾ പ്രകടിപ്പിക്കാതെ പടർന്നു തുടങ്ങിയത് ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ടെന്ന് ബിബിസി റിപ്പോർട്ട് ചെയ്യുന്നു. ഇതാണ് വൈറസ് ശക്തിപ്പെടുന്നുവെന്ന് സംശയിക്കാൻ കാരണം.

വൈറസ് എങ്ങനെയെല്ലാം പടരുന്നുവെന്നത് സംബന്ധിച്ച് ഇപ്പോഴും അവ്യക്തതകളുണ്ടെന്ന് മന്ത്രി പറയുന്നു. ഒരു വ്യക്തി രോഗബാധിതനായാൽ അക്കാര്യം അയാൾ അറിയുന്നതിനു മുമ്പു തന്നെ അയാളിൽ നിന്ന് രോഗം മറ്റുള്ളവരിലേക്ക് പടരുന്നുണ്ട്. ഇതാണ് അപകടകരമായ സ്ഥിതി. നഗരങ്ങളിൽ നിന്നുള്ള ദീർഘദൂര വാഹന സർവ്വീസുകൾക്ക് താൽക്കാലിക വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.

രാജ്യത്ത് ഇതോടെ കൂടുതൽ നിയന്ത്രണങ്ങൾ വരുമെന്ന് ഉറപ്പായി. ഇതിനകം തന്നെ വുഹാൻ മേഖലയെ രാജ്യത്തിന്റെ ഇതര ഭാഗങ്ങളില്‍ നിന്ന് ഒറ്റപ്പെടുത്തിയിട്ടുണ്ട്. ഇങ്ങോട്ടുള്ള യാത്രകൾക്ക് നിയന്ത്രണമുണ്ട്. പ്രദേശത്തു നിന്ന് പുറത്തേക്കും ആരെയും വിടുന്നില്ല.

വന്യമൃഗങ്ങളിൽ നിന്നാണ് വൈറസ് പടർന്നതെന്നാണ് കരുതപ്പെടുന്നത്. വുഹാനിലെ ഒരു മാർക്കറ്റിൽ വിറ്റിരുന്ന ഒരിനം വെള്ളിക്കെട്ടൻ പാമ്പിലേക്ക് സംശയം നീണ്ടിരുന്നു. എന്നാൽ ഇക്കാര്യത്തിൽ ഇതുവരെയും തെളിവോടു കൂടിയ സ്ഥിരീകരണം ഉണ്ടായിട്ടില്ല. രാജ്യത്ത് എല്ലായിനം വന്യമൃഗങ്ങളെയും വിൽക്കുന്നത് നിരോധിച്ചിട്ടുണ്ട്.


Next Story

Related Stories