TopTop
Begin typing your search above and press return to search.

ലൈംഗികത്തൊഴിലാളികളെ നിർബന്ധിച്ച് പണിയെടുപ്പിച്ച് ശിക്ഷിക്കുന്നത് ചൈന നിർത്തി

ലൈംഗികത്തൊഴിലാളികളെ നിർബന്ധിച്ച് പണിയെടുപ്പിച്ച് ശിക്ഷിക്കുന്നത് ചൈന നിർത്തി

ലൈംഗികത്തൊഴിലാളികൾക്കുള്ള ശിക്ഷാ സമ്പ്രദായം ചൈന അവസാനിപ്പിച്ചു. ലൈംഗികത്തൊഴിലാളികളെയും അവരുടെ ക്ലയന്റുകളെയും വിഖ്യാതമായ ‘പരിവര്‍ത്തന കേന്ദ്രങ്ങളില്‍’ രണ്ടുവർഷം വരെ കസ്റ്റഡിയിൽ വെക്കാൻ പോലീസിന് അനുവാദം നൽകുന്ന നിയമമാണ് ചൈന എടുത്ത് കളഞ്ഞിരിക്കുന്നത്. തടവുകാരെക്കൊണ്ട് നിര്‍ബന്ധിച്ച് കളിപ്പാട്ടങ്ങളും വീട്ടുസാധനങ്ങളും നിര്‍മ്മിക്കുന്ന ജോലി ചെയ്യിപ്പിക്കുകയും ചെയ്യും. ഡിസംബർ 29-ഓടെ തടങ്കൽ സംവിധാനം അവസാനിക്കും. നിലവില്‍ കസ്റ്റഡിയിലുള്ളവരെ വിട്ടയക്കുമെന്ന് ചൈനീസ് സ്റ്റേറ്റ് മീഡിയയായ സിൻ‌ഹുവ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം വേശ്യാവൃത്തി നിയമവിരുദ്ധമായിതന്നെ തുടരും. 15 ദിവസം വരെ തടവും 5,000 യുവാൻ വരെ പിഴയുമാണ് ശിക്ഷ.

20 വർഷങ്ങൾക്ക് മുമ്പ് പരിവര്‍ത്തന കേന്ദ്രങ്ങളെന്ന ആശയം അവതരിപ്പിച്ചതു മുതൽ ‘നല്ല സാമൂഹിക അന്തരീക്ഷവും പൊതു ക്രമവും’ നിലനിർത്താൻ കഴിഞ്ഞുവെന്ന് സിൻ‌ഹുവ അവകാശപ്പെടുന്നു. എന്നാല്‍ 2013-ൽ ഏഷ്യ കാറ്റലിസ്റ്റ് എന്ന എൻ‌ജി‌ഒ നടത്തിയ പഠനം ഈ പദ്ധതിയുടെ ഫലപ്രാപ്തിയെ ചോദ്യം ച്യ്തിരുന്നു. രണ്ട് നഗരങ്ങളിൽ നിന്നുള്ള മുപ്പതോളം സ്ത്രീ ലൈംഗിക തൊഴിലാളികളുമായി നടത്തിയ അഭിമുഖങ്ങളുടെ പശ്ചാത്തലത്തിലാണ് അവര്‍ അത്തരമൊരു ചോദ്യം ഉന്നയിച്ചത്. പരിവര്‍ത്തന കേന്ദ്രങ്ങളില്‍നിന്നും അവര്‍ക്ക് പുതിയ കഴിവുകള്‍ ഒന്നുംതന്നെ ആര്‍ജ്ജിക്കാന്‍ കഴിയുന്നില്ലെന്നും, അഭിമുഖം നടത്തിയ എല്ലാ ലൈംഗിക തൊഴിലാളികളും മോചിതരായ ഉടൻ വേശ്യാവൃത്തിക്കുതന്നെ മടങ്ങിയെന്നും ഏഷ്യ കാറ്റലിസ്റ്റ് പുറത്തിറക്കിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

തടങ്കൽ കേന്ദ്രങ്ങളിലേ നിർബന്ധിത തൊഴിൽ അവസാനിപ്പിക്കാനുള്ള നീക്കം ക്രിയാത്മകമാണെന്നും എന്നാൽ ലൈംഗികത്തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള ഒരു ചെറിയ ചുവടുവെപ്പ് മാത്രമാണിതെന്നും ഏഷ്യ കാറ്റലിസ്റ്റ് ഡയറക്ടർ ഷെൻ ടിംഗ്റ്റിംഗ് പറഞ്ഞു. ‘വേശ്യാവൃത്തിയെ ഒരു തൊഴിലായി അംഗീകരിച്ച് ആവശ്യമായ ആരോഗ്യവും സുരക്ഷയും ഉറപ്പുവരുത്തുന്നതിനുള്ള ഒരു ചട്ടക്കൂട് തയ്യാറാക്കുന്നതിന് പകരം അതിനെ നിരോധിക്കുന്നതിലും തടയുന്നതിലുമാണ് ചൈനീസ് നിയമവും നയങ്ങളും ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന്’ അവർ പറഞ്ഞു.


Next Story

Related Stories