കഴിഞ്ഞവര്‍ഷം കിഴക്കന്‍ ലഡാക്കിലെ ഗാല്‍വന്‍ താഴ്വരയില് ഇന്ത്യന്‍ സൈന്യവുമായി നടന്ന ഏറ്റുമുട്ടലില്‍ അഞ്ച് സൈനികര്‍ കൊല്ലപ്പെട്ടിരുന്നതായി പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി (പിഎല്‍എ). ഗാല്‍വനിലുണ്ടായ ഏറ്റുമുട്ടലില്‍ സൈനികരുടെ ജീവന് നഷ്ടപ്പെട്ടതായി ആദ്യമായാണ് ചൈന തുറന്നുസമ്മതിക്കുന്നതെന്നും പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. അഞ്ച് സൈനികര്‍ക്കും മരണാനന്തര ബഹുമതിയും പ്രഖ്യാപിച്ചതായും ചൈനീസ് സൈന്യത്തിന്റെ ഔദ്യോഗിക പത്രമായ പിഎല്‍എ ഡെയ്ലി റിപ്പോര്‍ട്ട് ഉദ്ധരിച്ച് ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഗാല്‍വനിലെ പോരാട്ടത്തില്‍ 20 ഇന്ത്യന്‍ സൈനികര്‍ക്ക് ജീവന് നഷ്ടപ്പെട്ടിരുന്നു. ചൈനീസ് സൈന്യത്തില്‍ 40ലധികം പേര്‍ക്കെങ്കിലും ജീവന് നഷ്ടപ്പെട്ടിട്ടുണ്ടെന്ന് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നെങ്കിലും ചൈന അതിനോട് പ്രതികരിച്ചിരുന്നില്ല.
2020 ജൂണ്‍ 15നുണ്ടായ ഏറ്റുമുട്ടലില്‍ കാരക്കോറം മലനിരകളില്‍ നിലയുറപ്പിച്ചിരുന്ന ഉദ്യോഗസ്ഥരും സൈനികരുമാണ് കൊല്ലപ്പെട്ടതെന്നാണ് സെന്‍ട്രല്‍ മിലിട്ടറി കമ്മീഷന് ഓഫ് ചൈന വ്യക്തമാക്കിയിരിക്കുന്നത്. കൊല്ലപ്പെട്ടവരില്‍ പിഎല്‍എ സിന്‍ജിയാങ് മിലിട്ടറി കമാന്‍ഡിലെ റെജിമെന്റല്‍ കമാന്‍ഡറായ ക്വി ഫബാവോയും ഉള്‍പ്പെടുന്നു. അതിര്‍ത്തി സംരക്ഷണത്തിനുള്ള ഹീറോ റെജിമെന്റല്‍ കമാന്‍ഡര്‍ എന്ന ബഹുമതിയാണ് ക്വി ഫബാവോയ്ക്ക് മരണാനന്തരം നല്‍കിയത്. ചെന്‍ ഹൊങ്ജുന് എന്ന സൈനികന് ഹീറോ ടു ഡിഫെന്‍ഡ് ബോര്‍ഡര്‍ ബഹുമതിയും ചെന്‍ സിയാങ്റോങ്, സിയാവമോ സിയുവാന്‍, വാങ് ഷുവോറന്‍ എന്നിവര്‍ക്ക് ഫസ്റ്റ് ക്ലാസ് മെറിറ്റ് ബഹുമതിയുമാണ് മരണാനന്തരം നല്‍കിയിരിക്കുന്നത്.
ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ നാല് പതിറ്റാണ്ടിനിടെ ഉണ്ടായ ഏറ്റവും മോശം സംഭവമായാണ് ഗാല്‍വാന്‍ താഴ്വരയിലെ ഏറ്റുമുട്ടലിനെ വിശേഷിപ്പിക്കുന്നത്. ഏറ്റുമുട്ടലിനു പിന്നാലെ 20 സൈനികര്‍ കൊല്ലപ്പെട്ടതായി ഇന്ത്യ അറിയിച്ചിരുന്നെങ്കിലും ആക്രമണവുമായി ബന്ധപ്പെട്ട ഏതെങ്കിലും വിധത്തിലുള്ള വിവരങ്ങള്‍ ചൈന പുറത്തുവിട്ടിരുന്നില്ല. നിരവധി ചൈനീസ് സൈനികര്‍ കൊല്ലപ്പെട്ടിരുന്നതായി ഇന്ത്യന്‍ കേന്ദ്രമന്ത്രിമാര്‍ ഉള്‍പ്പെടെയും അമേരിക്കന്‍, റഷ്യന്‍ രഹസ്യാന്വേഷണ ഏജന്‍സികളും അഭിപ്രായപ്പെട്ടിരുന്നെങ്കിലും ഇക്കാലമത്രയും ചൈന അക്കാര്യം സമ്മതിച്ചിരുന്നില്ല. ഗല്‍വാന്‍ താഴ്വരയിലെ സംഘര്‍ഷം അപ്രതീക്ഷിതമല്ലായിരുന്നെന്ന് യുഎസ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടിരുന്നെങ്കിലും ചൈന അതും നിഷേധിച്ചിരുന്നു.