TopTop

ലോകമാകെ 170 കോടി ജനങ്ങള്‍ ലോക്ക് ഡൗണില്‍, രണ്ട് മാസത്തെ അടച്ചിടല്‍ പിന്‍വലിക്കുന്നതായി പ്രഖ്യാപിച്ച് വുഹാന്‍

ലോകമാകെ 170 കോടി ജനങ്ങള്‍ ലോക്ക് ഡൗണില്‍, രണ്ട് മാസത്തെ അടച്ചിടല്‍ പിന്‍വലിക്കുന്നതായി പ്രഖ്യാപിച്ച് വുഹാന്‍

2019 ഡിസംബര്‍ അവസാനം കണ്ടെത്തിയ കൊറോണയുടെ കേന്ദ്ര സ്ഥാനമായ വുഹാന്‍ നഗരത്തിലെ ലോക്ക് ഡൗണ്‍ പിന്‍വലിക്കാന്‍ ഒരുങ്ങി ചൈന. അടുത്ത മാസം ഏപ്രില്‍ 8നു ലോക്ക് ഡൗണ്‍ പിന്‍വലിക്കുമെന്നാണ് ഹുബെയ് പ്രവിശ്യാ ഗവണ്‍മെന്‍റ് അറിയിച്ചിരിക്കുന്നത്. ഹുബെയ് പ്രവിശ്യയുടെ തലസ്ഥാനമാണ് വുഹാന്‍.

ലോകത്തിന് മുന്നില്‍ നിന്നും വുഹാന്‍ പൂര്‍ണ്ണമായും വിച്ഛേദിക്കപ്പെട്ടിട്ടു രണ്ടു മാസങ്ങള്‍ക്ക് ശേഷമാണ് തീരുമാനം വരുന്നത്. ഹുബെയ് പ്രവിശ്യയിലെ മറ്റ് നഗരങ്ങളിലെ ലോക്ക് ഡൗണ്‍ ബുധനാഴ്ച പിന്‍വലിക്കുമെന്ന് അധികൃതര്‍ ഇന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

മാര്‍ച്ച് 19 മുതല്‍ തുടര്‍ച്ചയായി അഞ്ചു ദിവസം പുതിയ കേസുകള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്യാത്ത സാഹചര്യത്തില്‍ യാത്ര നിയന്ത്രണത്തിലും ഇളവുകള്‍ വരുത്തിയിട്ടുണ്ട്. ഇന്ന് ഹുബെയ് ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ക്ക് മാത്രമാണ് വുഹാനില്‍ കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.

ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്ത 81,171 കേസുകളില്‍ 67,801 കേസുകളും റിപ്പോര്‍ട്ട് ചെയ്തത് ഹുബെയ് പ്രവിശ്യയിലാണ്. മരണത്തിന്റെ ഭൂരിപക്ഷവും നടന്നതും ഇവിടെ തന്നെ. 3160 പേര്‍.

ഇന്ന് ലോകമൊട്ടാകെയുള്ള വിവിധ രാജ്യങ്ങള്‍ നടപ്പിലാക്കുന്ന ലോക്ക് ഡൗണ്‍ ആദ്യമായി പ്രഖ്യാപിച്ചത് വുഹാനിലാണ്. ജനുവരി 23 മുതല്‍ വിമാന-ട്രെയിന്‍-ബസ് സര്‍വ്വീസുകള്‍ ഇവിടെ റദ്ദാക്കിയിരുന്നു. ദേശീയ പാതകളിലേക്കുള്ള പ്രവേശനം നിരോധിക്കുകയും ചെയ്തിരുന്നു. പിന്നീട് ഹുബെയ് പ്രവിശ്യയിലെ മറ്റ് നഗരങ്ങളും ഇതേ നടപടികള്‍ പിന്‍തുടരുകയായിരുന്നു. ഏകദേശം 60 മില്ല്യണ്‍ ജനങ്ങളാണ് രണ്ടു മാസമായി ലോക്ക് ഡൗണ്‍ ചെയ്യപ്പെട്ട് കിടക്കുന്നത്.

വുഹാനൊഴികെയുള്ള ഹുബെയിലെ മറ്റ് നഗരങ്ങളിലെ ജനങ്ങള്‍ക്ക് മൊബൈലില്‍ പച്ച ക്യു ആര്‍ കോഡ് ഉണ്ടെങ്കില്‍ യാത്ര ചെയ്യാമെന്ന് പ്രവിശ്യാ ഗവണ്‍മെന്‍റ് വെയിബോയില്‍ പോസ്റ്റ് ചെയ്ത ഒരു നോട്ടീസിലൂടെ അറിയിച്ചു. മൂന്നു തരത്തിലുള്ള കളര്‍ കോഡുകളാണ് ജനങ്ങള്‍ക്ക് നല്കിയിരിക്കുന്നത്. രോഗം സ്ഥിരീകരിച്ച, സംശയിക്കുന്ന ആളുകള്‍ക്ക് ചുവപ്പ്, അവരുമായി അടുത്ത ബന്ധമുള്ളവര്‍ക്ക് മഞ്ഞ, രോഗത്തിന്റെ യാതൊരു ചരിത്രവുമില്ലാത്തവര്‍ക്ക് പച്ച എന്നിവയാണ് നല്കിയിരിക്കുന്ന ക്യു ആര്‍ കോഡുകള്‍. പച്ച ക്യു ആര്‍ കോഡുള്ളവര്‍ പൂര്‍ണ്ണ ആരോഗ്യവാന്മാരും സുരക്ഷിതമായി യാത്ര ചെയ്യാവുന്നവരുമാണ്. ഏപ്രില്‍ 8 മുതല്‍ പച്ച ക്യു ആര്‍ കോഡുള്ള വുഹാനിലെ പൌരന്‍മാര്‍ക്കും യാത്ര ചെയ്യാനുള്ള അനുമതി നല്‍കി. കൂടാതെ ചൈനയിലെ മറ്റ് പ്രവിശ്യളിലുള്ള പച്ച ക്യു ആര്‍ കോഡുള്ളവര്‍ക് വുഹാനില്‍ പ്രവേശിക്കുന്നതിനും തടസ്സമില്ല.


Next Story

Related Stories