കോവിഡ് പ്രതിരോധത്തില്‍ 86 ശതമാനം ഫലപ്രദമെന്ന് കണ്ടെത്തിയ ചൈനീസ് കമ്പനിയുടെ സിനോഫാം വാക്സിന് യുഎഇയില്‍ വിതരണം തുടങ്ങി. സ്വയം സന്നദ്ധത അറിയിച്ചെത്തുന്നവര്ക്കാണ് വാക്സിന് വിതരണം ചെയ്യുന്നത്. അബുദാബിയില്‍ തുടക്കമിട്ട വാക്സിന് വിതരണം ദുബൈ, ഷാര്‍ജ, വടക്കന്‍ എമിറേറ്റുകളിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്. രാാജ്യമെങ്ങും വാക്സിന് വിതരണം ചെയ്യാനുള്ള തീരുമാനം ഉടന്‍ ഉണ്ടായേക്കുമെന്നാണ് കരുതുന്നത്.
ക്ലിനിക്കല്‍ പരീക്ഷണങ്ങളുടെ ഭാഗമായി വാക്സിന് യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ നേരത്തെ വിതരണം ചെയ്തിരുന്നു. മൂന്നാം ഘട്ടം ക്ലിനിക്കല്‍ പരീക്ഷണത്തിന്റെ ഭാഗമായി വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 31,000 പേരിലാണ് വാക്സിന് കുത്തിവെച്ചത്. കോവിഡ് പ്രതിരോധത്തില്‍ വാക്സിന് 86 ശതമാനം ഫലപ്രദമാണെന്ന് ആരോഗ്യമന്ത്രാലയം വിലയിരുത്തിയിരുന്നു. ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളോ പാര്‍ശ്വഫലങ്ങളോ റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല. ഇതേത്തുടര്‍ന്നാണ് രാജ്യത്ത് വാക്സിന് വിതരണത്തിന് തുടക്കമിട്ടത്. അബുദാബിയില്‍ ആരോഗ്യമന്ത്രാലയത്തിനു കീഴിലുള്ള സിഹ ആരോഗ്യ കേന്ദ്രങ്ങള്‍ക്കു പുറമെ, തെരഞ്ഞെടുക്കപ്പെട്ട സ്വകാര്യ സ്ഥാപനങ്ങളിലും വാക്സിന് ലഭിക്കും. അബുദാബിയിലെ വിപിഎസ് ഹെല്‍ത്ത് കെയര്‍, ദുബായ് ജബല്‍ അലിയിലെ ദുബായ് പാര്‍ക്സ് ആന്റ് റിസോര്‍ട്ട് ഫീല്‍ഡ് ഹോസ്പിറ്റല്‍, ഷാര്‍ജയിലെ വാസിത് മെഡിക്കല്‍ സെന്റര്‍, അജ്മാനിലെ അല്‍ ഹുമൈദിയ്യ സെന്റര്‍, ഉമ്മുല്‍ ഖുവൈനിലെ അല്‍ ബൈത്ത് മിതവഹിദ് സെന്റര്‍, ഫുജൈറയിലെ മുറാഷിദ് മെഡിക്കല്‍ സെന്റര്‍ എന്നിവിടങ്ങളില്‍ വാക്സിന് ലഭിക്കും.
ലോകത്ത് ഇതുവരെ വികസിപ്പിച്ച കോവിഡ് വാക്സിനുകളില്‍ ഫലപ്രാപ്തിയില്‍ മൂന്നാം സ്ഥാനത്താണ് സിനോഫാം. 95 ശതമാനത്തോളം ഫലപ്രാപ്തിയുള്ള ഫൈസറാണ് മുന്നില്‍. രണ്ടാം സ്ഥാനത്തുള്ള മൊഡേണയുടെ വാക്സിന് 94 ശതമാനമാണ് ഫലപ്രാപ്തി. 70 ശതമാനം ഫലപ്രാപ്തിയുമായി ആസ്ട്ര സെനെക്കയാണ് നാലാം സ്ഥാനത്തുള്ളത്.