TopTop
Begin typing your search above and press return to search.

സ്വയം പ്രഖ്യാപിത പ്രസിഡണ്ടിനെ ചോദ്യം ചെയ്ത് ജനങ്ങള്‍ തെരുവില്‍; ബൊളീവിയയില്‍ ആഭ്യന്തര കലഹം രൂക്ഷം

സ്വയം പ്രഖ്യാപിത പ്രസിഡണ്ടിനെ ചോദ്യം ചെയ്ത് ജനങ്ങള്‍ തെരുവില്‍; ബൊളീവിയയില്‍ ആഭ്യന്തര കലഹം രൂക്ഷം

പ്രസിഡന്‍റ് ഇവോ മൊറേൽസ് രാജ്യം വിട്ടതോടെ ബൊളീവിയില്‍ ആഭ്യന്തരകലഹം രൂക്ഷമായി. ബൊളീവിയയുടെ ഇടക്കാല പ്രസിഡന്റായി സെനറ്റ് അധ്യക്ഷ ജെനീൻ അനെസ് സ്വയം പ്രഖ്യാപിച്ചിരുന്നു. പ്രസിഡന്‍റിന്‍റെയും വൈസ് പ്രസിഡന്‍റിന്‍റെയും അഭാവത്തില്‍ സെനറ്റിന്‍റെ അംഗീകാരം പോലുമില്ലാതെയാണ് അവര്‍ അധികാരമേറ്റത്. അതോടെ മൊറേൽസിനെ അനുകൂലിക്കുന്നവര്‍ തെരുവിലിറങ്ങി. ലാ പാസിൽ അവര്‍ നടത്തിയ വ്യാപകമായ പ്രതിഷേധം അക്രമാസക്തമായി. പൊലീസിനുനേരെ കല്ലേറുണ്ടായി. ജെനീൻ പുറത്തുപോകൂ എന്ന് ആക്രോശിച്ച് മൊറേൽസിന്റെ അനുയായികൾ പാർലമെന്റിൽ കടക്കാൻ ശ്രമിച്ചു.

തെരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നെന്നാരോപിച്ചാണ് പ്രതിപക്ഷ കക്ഷികളായ വലതുപക്ഷ പാര്‍ട്ടികള്‍ പ്രക്ഷോഭം ആരംഭിച്ചതോടെയാണ് ഇവോ മൊറേൽസിന് പ്രസിഡന്‍റ് പദവി ഒഴിഞ്ഞ് രാജ്യം വിട്ട് മെക്സിക്കോയില്‍ രാഷ്ട്രീയ അഭയം തേടേണ്ടിവന്നത്. തുടർച്ചയായി നാലാംവട്ടവും ഇടതുപക്ഷത്തെ അധികാരത്തിലെത്തിച്ച നേതാവായിരുന്നു മൊറേൽസ്. സഭയില്‍ മൂന്നിൽ രണ്ട് ഭൂരിപക്ഷമുള്ള മൊറേൽസിന്‍റെ പാര്‍ട്ടിയായ എംബോൾഡഡ് മൂവ്‌മെന്റ് ഫോർ സോഷ്യലിസം (മാസ്) പാര്‍ട്ടിയുടെ അംഗങ്ങള്‍ ജെനീൻന്‍റെ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള അവകാശവാദം നിയമവിരുദ്ധമാണെന്ന് പ്രഖ്യാപിക്കാനും മൊറേൽസിന്റെ രാജി തള്ളാനും ശ്രമം നടത്തിയിരുന്നു.

അതേസമയം, മൊറേൽസ് തന്റെ രാഷ്ട്രീയ എതിരാളികളുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് ആഹ്വാനം ചെയ്തെങ്കിലും താൻ ഒരു അട്ടിമറിയുടെ ഇരയാണെന്ന ആരോപണം ആവർത്തിച്ചു. എത്രയും പെട്ടന്ന്‍ പുതിയ ഇടക്കാല തെരഞ്ഞെടുപ്പ് നടത്താമെന്നാണ് ജെനീൻന്‍റെ വാഗ്ദാനം. ‘ചരിത്രത്തിലെ ഏറ്റവും വലിയ തന്ത്രപരവും വിനാശകരവുമായ അട്ടിമറിയാണ്’ ജീനിൻ അനസ് നടത്തിയിരിക്കുന്നത് മെക്സിക്കോയില്‍ വെച്ച് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മൊറേൽസ് പറഞ്ഞിരുന്നു.

നേരത്തേ, മൊറേൽസിന്‍റെ തെരഞ്ഞെടുപ്പ് വിജയത്തിന്‍റെ സാധുത അന്താരാഷ്ട്ര നിരീക്ഷണ സംഘടനയായ ഓർഗനൈസേഷൻ ഓഫ് അമേരിക്കൻ സ്റ്റേറ്റ്സ് (ഒ.എ.എസ്.) ചോദ്യം ചെയ്ത് രംഗത്തെത്തിയിരുന്നു. അതോടെയാണ് പ്രക്ഷോഭം കൂടുതല്‍ ശക്തമായത്. പ്രക്ഷോഭം നിയന്ത്രിക്കാന്‍ സാധിക്കാതെ വന്നതോടെ ബൊളീവിയന്‍ സായുധ സേനയുടെ കമാൻഡർ-ഇൻ-ചീഫ് വില്യംസ് കലിമാന്‍ മൊറേൽസിനോട്‌ അധികാരം ഒഴിയാന്‍ ആവശ്യപ്പെട്ടിരുന്നു. അതോടെ വൈസ് പ്രസിഡന്റ് അൽവാരോ ഗാർസിയ ലിനേറയും രാജിവച്ചു. ഇരുവരുടേയും അഭാവത്തില്‍ ഭരണഘടനാപരമായി പ്രസിഡന്‍റ് ആവേണ്ടത് ചേംബർ ഓഫ് സെനറ്റ് പ്രസിഡന്‍റാണ്. പക്ഷെ കോറം തികയുകയും സെനറ്റര്‍മാര്‍ അതിന് അംഗീകാരം നല്‍കുകയും വേണം. അതൊന്നുമില്ലാതെയാണ് ജീനിൻ അനസ് അധികാരമേറ്റത്.


Next Story

Related Stories