Top

ജോ ബൈഡനെതിരായ അന്വേഷണം സിഎൻഎൻ അഭിമുഖത്തിൽ പ്രഖ്യാപിക്കാൻ ഉക്രൈൻ പ്രസിഡൻ്റ് തീരുമാനിച്ചിരുന്നു

ജോ ബൈഡനെതിരായ അന്വേഷണം സിഎൻഎൻ അഭിമുഖത്തിൽ പ്രഖ്യാപിക്കാൻ ഉക്രൈൻ പ്രസിഡൻ്റ് തീരുമാനിച്ചിരുന്നു

യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഉക്രേനിയൻ പ്രസിഡന്‍റ് വ്ളാദിമിർ സെലൻസ്കിയും തമ്മിലുള്ള ഫോണ്‍കോള്‍ വിവാദം പുറത്തുവരുന്നതിന് മുന്‍പ് താന്‍ സെലൻസ്കിയെ അഭിമുഖം ചെയ്യാന്‍ തീരുമാനിച്ചിരുന്നതായി സിഎൻഎന്നിലെ മാധ്യമപ്രവർത്തകൻ ഫരീദ് സക്കറിയ. സെപ്റ്റംബറിൽ സി‌എൻ‌എന്നിന് നൽകാനിരുന്ന അഭിമുഖത്തിനിടെ ട്രംപിന്റെ രാഷ്ട്രീയ എതിരാളികളെക്കുറിച്ച് അന്വേഷണം പ്രഖ്യാപിക്കാൻ സെലെൻസ്കി പദ്ധതിയിട്ടിരുന്നതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു.

എന്നാല്‍ ട്രംപ് വാഗ്ദാനം ചെയ്ത സൈനിക സഹായം നല്‍കിയതോടെ ആ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. 'അഭിമുഖം നടത്താന്‍ തീരുമാനിച്ചിട്ട് മാസങ്ങളായിരുന്നു. പക്ഷെ, ഉക്രേനിയന്‍ അഴിമതി വാര്‍ത്തകള്‍ പുറത്തുവരാന്‍ തുടങ്ങിയതോടെ അത് നടക്കാതെയായി' എന്ന് സക്കറിയ പറഞ്ഞു. 'പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതുമുതൽ എങ്ങനെയെങ്കിലും അദ്ദേഹവുമായി ഒരു അഭിമുഖം നടത്താൻ ഞങ്ങള്‍ ശ്രമിച്ചിരുന്നു. അതിനായി സെലൻസ്കിയുമായും അദ്ദേത്തിന്റെ ഓഫീസുമായും മാസങ്ങള്‍ നീണ്ട ചർച്ചകളും നടത്തിയിരുന്നു'- സക്കറിയ വ്യക്തമാക്കി. വിസിൽബ്ലോവറുടെ പരാതിയെക്കുറിച്ചുള്ള വാർത്തകൾ പുറത്തുവന്നതോടെ അഭിമുഖം നടക്കില്ലെന്ന് ബോധ്യമായെന്നും അദ്ദേഹം പറഞ്ഞു.

സൈനിക സഹായം നല്‍കാന്‍ യു.എസ് ഭരണകൂടം തയ്യാറായതോടെ സെലെൻസ്‌കിയുടെ ടെലിവിഷൻ അഭിമുഖത്തിന്‍റെ പ്രസക്തി നഷ്ടപ്പെട്ടുവെന്ന് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. അഭിമുഖത്തില്‍ വെച്ച് അന്വേഷണം പ്രഖ്യാപിക്കാനുള്ള ആസൂത്രിതമായ തീരുമാനത്തെ സെലെൻസ്കിയുടെ എല്ലാ സഹായികളും പിന്തുണച്ചിരുന്നതായി സി.എന്‍.എന്‍. റിപ്പോര്‍ട്ട് ചെയ്യുന്നു. കൂടാതെ ട്രംപിനെ പിന്തുണയ്ക്കുന്നതായി തോന്നിപ്പിക്കുന്നതിന്‍റെ അപകടസാധ്യത അവര്‍ തിരിച്ചറിഞ്ഞതായും അവര്‍തന്നെ സമ്മതിക്കുന്നുണ്ട്.

2020-ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാകാനിടയുള്ള ഡെമോക്രാറ്റ് നേതാവ് ജോ ബൈ‍ഡനെ തോജോവധം ചെയ്യാൻ ഉക്രൈന്‍ പ്രസിഡന്റ് വ്ലാഡിമിർ സെലെൻസ്കിയുമായുള്ള ഫോൺ സംഭാഷണത്തിൽ ട്രംപ് സഹായം തേടിയതുമായി ബന്ധപ്പെട്ടാണ് പ്രസിഡന്റിനെ ഇംപീച്ച് ചെയ്യാൻ പ്രതിപക്ഷം രംഗത്തിറങ്ങിയത്. ഇതിനു മുന്നോടിയായാണ് യുഎസ് കോൺഗ്രസ് സമിതികളുടെ അന്വേഷണം. ട്രംപിനെ ഇംപീച്ച് ചെയ്യുന്നതിനുള്ള പ്രമേയം യു.എസ് ഹൗസ് അംഗീകരിച്ചു കഴിഞ്ഞു. ഇനി സെനറ്റിലും പാസ്സാകണം. എന്നാലേ ഇംപീച്ച്മെന്‍റ് നടക്കൂ. ഉക്രെയ്നിയന്‍ പ്രസിഡന്‍റിനെ ട്രംപ് പലതവണ ഫോണില്‍ വിളിച്ചെന്ന് ഒരു വിസില്‍ ബ്ലോവര്‍ ആണ് വെളിപ്പെടുത്തിയത്.


Next Story

Related Stories