TopTop

കൊറോണ: മരണങ്ങളിൽ 95 ശതമാനവും ഹുബെ പ്രവിശ്യയിൽ, കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത് ഉയർന്ന നിരക്ക്

കൊറോണ: മരണങ്ങളിൽ 95 ശതമാനവും ഹുബെ പ്രവിശ്യയിൽ, കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത് ഉയർന്ന നിരക്ക്

കൊറോണ വൈറസിനെ ലോകാരോഗ്യ സംഘടന ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിക്കുമ്പോൾ ചൈനയില്‍ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണത്തില്‍ ഒരൊറ്റ ദിവസത്തെ ഏറ്റവുംവലിയ വര്‍ധനവാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. കുറഞ്ഞത് 18 രാജ്യങ്ങളിലായി ഇതുവരെ 100 ഓളം കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിന് പിന്നാലെയായിരുന്നു ലോകാരോഗ്യ സംഘടനയുടെ നടപടി.

മരണസംഖ്യ കഴിഞ്ഞ ദിവസം 213 ആയി ഉയർന്നു. തൊട്ടു മുന്‍പത്തെ ദിവസംവരെ അത് 170 ആയിരുന്നു. ചൈനയില്‍ 9,692 പേരിരിലും, ആഗോള തലത്തില്‍ 7,818 പേരിലുമാണ് നിലവില്‍ രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്. 162 മരണങ്ങളും (95%) സംഭവിച്ചത് ഹുബെ പ്രവിശ്യയിലാണ്. ഇന്നലെ മരിച്ചവരില്‍ 37 പേരും ഹുബെയില്‍ നിന്നും ഒരാള്‍ സിചുവാനിലുമാണ്. വൈറസിന്റെ പ്രഭവകേന്ദ്രമായ വുഹാന്‍ ഹുബെ പ്രവിശ്യയിലാണ് സ്ഥിതിചെയ്യുന്നത്. അതുകൊണ്ട് തന്നെ കൊറൊണയുടെ ചൈനയിലെ പ്രഭവ കേന്ദ്രമായ വുഹാന്‍ അടക്കമുള്ള ചൈനീസ് നഗരങ്ങളില്‍ ഇപ്പോഴും കുടുങ്ങിക്കിടക്കുന്ന പൗരന്മാരെ ഒഴിപ്പിക്കാൻ ലോക രാജ്യങ്ങൾ പാടുപെടുകയാണ്.

അതേസമയം, സ്റ്റേറ്റ് ടെലിവിഷനിലൂടെ ജനങ്ങള്‍ക്ക് വ്യക്തമായ നിര്‍ദേശങ്ങള്‍ നല്‍കുന്നതിലും, ജനങ്ങളുടെ സംശയങ്ങള്‍ക്ക് ഉത്തരം നല്‍കുന്നതിലും വീഴ്ച വരുത്തിയ ഹുവാങ്ഗാംഗ് നഗരത്തിലെ ചീഫ് ഹെൽത്ത് ഓഫീസര്‍ ടാങ് സിഹോംഗിനെ ചൈനീസ് സർക്കാർ ഉടൻ പുറത്താക്കി. വുഹാന്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട നഗരമാണ് ഹുവാങ്ഗാംഗ്. സ്ഥിതിഗതികള്‍ പരിശോധിക്കുവാന്‍ വന്ന കേന്ദ്ര സംഘത്തിനും വ്യക്തമായ മറുപടി നല്‍കാന്‍ അവര്‍ക്ക് സാധിച്ചിരുന്നില്ല. ഒരു ആശുപത്രിയിൽ എത്ര രോഗികളുണ്ടെന്ന ചോദ്യത്തിന് 'എനിക്കറിയില്ല, അക്കാര്യത്തില്‍ എനിക്ക് വ്യക്തതയില്ല. എത്ര കിടക്കകളുണ്ടെന്ന് വേണമെങ്കില്‍ പറയാം' എന്നായിരുന്നു അവര്‍ മറുപടി നല്‍കിയത്.

അതിനിടെ, ചൈനയില്‍ കുടുങ്ങിയ ഇന്ത്യക്കാരുടെ ആദ്യ സംഘത്തെ നാളെ നാട്ടിലെത്തിക്കും. ഹൂബെയില്‍ കുടുങ്ങിയവില്‍ ആദ്യ സംഘത്തെ അടുത്ത ഇരുപത്തിനാലു മണിക്കൂറിനുള്ളില്‍ ഇന്ത്യയിലെത്തിക്കുമെന്ന് ബെയ്ജിങ്ങിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. ഏതാണ്ട് അറുനൂറിലധികം പേരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് വിദേശകാര്യമന്ത്രാവും വ്യക്തമാക്കി. തിരികെവരാന്‍ താല്‍പര്യമുള്ളവരെയാണ് നാട്ടിലെത്തിക്കുക.


Next Story

Related Stories