TopTop
Begin typing your search above and press return to search.

കൊറോണ: ജീവഹാനി മൂന്നാമത്തെ രാജ്യത്തേക്ക്, ജപ്പാനിൽ‌ എൺപതുകാരി മരിച്ചു

കൊറോണ: ജീവഹാനി മൂന്നാമത്തെ രാജ്യത്തേക്ക്, ജപ്പാനിൽ‌ എൺപതുകാരി മരിച്ചു

കൊറോണ വൈറസ് ബാധിച്ച ജപ്പാനിൽ ഒരാൾ മരിച്ചു. എൺപതുകാരിയാണ് ജപ്പാനിൽ മരണത്തിന് കീഴടങ്ങിയത്. ചൈനയ്ക്കും ഹോങ്കോങ്ങിനും ശേഷം കൊറോണ ബാധയിൽ മരണം സംഭവിക്കുന്ന മൂന്നാമത്തെ രാജ്യമാണ് ജപ്പാൻ. ജപ്പാൻ ആരോഗ്യ വകുപ്പാണ് മരണം സ്ഥിരീകരിച്ചത്. നിലവിൽ ചൈനയിൽ 1300 ൽ അധികം പേരും ഹോങ്കോങിൽ ഒരാളുമാണ് കൊറോണ ബാധിച്ച് ഇതുവരെ മരിച്ചതായി റിപ്പോർട്ടുകളുള്ളത്.

‌കണക്കുകൾ പ്രകാരം കൊറോണ വൈറസ് ബാധിച്ച് ബുധനാഴ്ച മാത്രം ചെനയിൽ മരിച്ചത് 242 പേരാണ്. ഇതുൾ‌പ്പെട രാജ്യത്തെ മരണ സംഖ്യ ഇതിനോടകം 1355 ആയി ഉയർന്നിട്ടുണ്ട്. കൊറോണയുടെ പ്രഭവ കേന്ദ്രമായ ഹുബെയ് പ്രവിശ്യയിലാണ് കൂടുതൽ മരണവും. പുതിയ രോഗബാധിതരുടെ എണ്ണം കുറയുന്നുണ്ടെന്നും വൈറസ് നിയന്ത്രണവിധേയമാകുന്നുവെന്നും ചൈന കഴിഞ്ഞ ദിവസം അവകാശപ്പെട്ടിരുന്നു. എന്നാൽ പുതിയതായി 14,840 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുമുണ്ട്.

കൊറോണ സ്ഥിരീകരിച്ചതിനെ തുടർന്ന് ഇന്ത്യക്കാരടക്കം 3700 പേരുമായി യോകോഹാമ കടലിൽ പിടിച്ചിട്ടിരിക്കുന്ന ജപ്പാൻ ആഡംബര വിനോദക്കപ്പലിൽ നിന്ന് ഏതാനും യാത്രികരെ പുറത്തെത്തിക്കുമെന്ന് ജപ്പാൻ അറിയിച്ചു.

ഇവർക്ക് ഐസലേഷൻ സൗകര്യമൊരുക്കും. കൊറോണ ബാധ സ്ഥിരീകരിച്ചവരെ ആശുപത്രിയിലേക്കു മാറ്റാൻ നടപടി സ്വീകരിക്കുമെന്നും ജപ്പാൻ സർക്കാർ അറിയിച്ചു. കപ്പലിൽ പുതുതായി 44 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. ഇതോടെ കപ്പലിൽ കൊറോണ ബാധിതരുടെ ആകെ എണ്ണം 218 ആയി. രണ്ട് ഇന്ത്യക്കാരാണ് രോഗബാധിതരായി കപ്പലിലുള്ളതെന്നാണ് വിവരം.

അതേസമയം, കൊറോണ ഭീഷണിയുടെ ഈ മാസം 24 മുതല്‍ സ്പെയിനിലെ ബാ‍ഴ്സലോണയില്‍ നടക്കാനിരുന്ന മൊബൈല്‍ വേള്‍ഡ് കോ‍ണ്‍ഗ്രസ് റദ്ദാക്കി. മുന്‍നിര മൊബൈല്‍ കമ്പനികള്‍ പലതും പിന്മാറിയതോടെയാണ് തീരുമാണം. ഏപ്രില്‍ 19 മുതല്‍ ഷാങ്ഹായില്‍ നടക്കാനിരുന്ന ചൈനീസ് ഗ്രാന്‍പ്രീയും മാറ്റിവച്ചു.


Next Story

Related Stories