TopTop
Begin typing your search above and press return to search.

കൊറോണ വൈറസ് സാധാരണ ശ്വാസോച്ഛ്വാസത്തിലൂടെ പകരാമെന്ന് ശാസ്ത്രജ്ഞര്‍; എല്ലാവരും മാസ്ക് ഉപയോഗിക്കണമെന്ന നിലപാടിലേക്ക് യുഎസ്

കൊറോണ വൈറസ് സാധാരണ ശ്വാസോച്ഛ്വാസത്തിലൂടെ പകരാമെന്ന് ശാസ്ത്രജ്ഞര്‍; എല്ലാവരും മാസ്ക് ഉപയോഗിക്കണമെന്ന നിലപാടിലേക്ക് യുഎസ്

വായുവിലൂടെയും കൊറോണ വൈറസ് പകര്‍ന്നേക്കാമെന്ന് ശാസ്ത്രജ്ഞരുടെ അനുമാനം. യുഎസ് ശാസ്ത്രജ്ഞരാണ് നിര്‍ണായകമായ ഈ പുതിയ അനുമാനം അവതരിപ്പിച്ചിരിക്കുന്നത്. ഇതുവരെയും വൈറസ് വ്യാപനത്തിന് നേരിട്ടുള്ള സ്പര്‍ശനം, ചുമ, തുമ്മല്‍ തുടങ്ങിയവ ആവശ്യമാണെന്ന അനുമാനമാണ് നിലനിന്നിരുന്നത്. ഇങ്ങനെ പുറത്തുവരുന്ന സ്വേദകണങ്ങള്‍ അപരവ്യക്തികളിലേക്ക് ശ്വാസത്തിലൂടെ കടന്നുചെല്ലുമ്പോള്‍ പകരുമെന്നായിരുന്നു കരുതിയിരുന്നത്. എന്നാല്‍ സംസാരിക്കുമ്പോഴും സാധാരണ രീതിയില്‍ ശ്വാസമെടുക്കുമ്പോഴും വൈറസ് വ്യാപിക്കാനിടയുണ്ടെന്നാണ് ശാസ്ത്രജ്ഞര്‍ ഇപ്പോള്‍ ചൂണ്ടിക്കാട്ടുന്നത്. ഇതോടെ യുഎസ് സര്‍ക്കാര്‍ എല്ലാ പൗരന്മാരും ഫേസ് മാസ്ക് ഉപയോഗിക്കണമെന്ന നിലപാടിലെത്തിയിട്ടുണ്ട്.

മാസ്ക് ഉപയോഗം സംബന്ധിച്ച് നിലവിലുള്ള മാര്‍ഗനിര്‍ദ്ദേശങ്ങളില്‍ ഇതോടെ മാറ്റം വരുമെന്ന് യുഎസ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്തിന്റെ പകര്‍ച്ചവ്യാധീ വിഭാഗം തലവനായ അന്തോണി ഫോസി പറയുന്നു. "ആളുകള്‍ വെറുതെ സംസാരിക്കുമ്പോള്‍ത്തന്നെ വൈറസിന് പടരാന്‍ സാധിക്കുമെന്ന അനുമാനമാണ് ഇപ്പോഴുള്ളത്. തുമ്മുകയും ചുമയ്ക്കുകയും വേണമെന്നില്ല." അദ്ദേഹം വിശദീകരിച്ചു.

രോഗബാധിതരോ, രോഗലക്ഷണങ്ങളുള്ളവരോ മാത്രം മാസ്കുകള്‍ ധരിച്ചാല്‍ മതി എന്നായിരുന്നു യുഎസ് സര്‍ക്കാരിന്റെ നേരത്തെയുള്ള മാര്‍ഗനിര്‍ദ്ദേശം. ഇതില്‍ നിന്നും മുമ്പോട്ടു പോയിരിക്കുകയാണ് സര്‍ക്കാരിപ്പോള്‍. എല്ലാവരും മാസ്ക് ധരിക്കേണ്ടതുണ്ടെന്ന നിലപാട് സര്‍ക്കാരെടുത്തു.

ഈ വിഷയവുമായി ബന്ധപ്പെട്ട് നാഷണല്‍ അക്കാഡമി ഓഫ് സയന്‍സസ് (എന്‍എഎസ്) ഇതടക്കമുള്ള പുതിയ അനുമാനങ്ങളും കണ്ടെത്തലുകളും വിശദീകരിച്ച് ഏപ്രില്‍ 1ന് വൈറ്റ് ഹൗസിന് കത്തയച്ചിട്ടുണ്ട്. തങ്ങളുടെ ഗവേഷണം പൂര്‍ണതയില്‍ എത്തിയിട്ടില്ലെങ്കിലും ലഭ്യമായ പഠനങ്ങളെല്ലാം വായുവിലൂടെ സാധാരണമായ ശ്വാസോച്ഛ്വാസത്തിലൂടെ ഈ രോഗം പകരുമെന്നതാണെന്ന് കത്തില്‍ പറയുന്നുണ്ട്.

എല്ലാവരും മാസ്ക് ഉപയോഗിച്ചിരിക്കണമെന്ന നിര്‍ദ്ദേശം കഴിഞ്ഞദിവസം വാര്‍ത്താസമ്മേളനത്തില്‍ കേരളത്തിന്റെ മുഖ്യമന്ത്രിയും മുമ്പോട്ടു വെച്ചിരുന്നു. രോഗാവസ്ഥയുള്ളഴരും രോഗലക്ഷണമുള്ളവരും മാത്രം മാസ്ക് ഉപയോഗിച്ചാല്‍ മതിയെന്നായിരുന്നു കേരളത്തിന്റെയും നിലപാട്.


Next Story

Related Stories