TopTop
Begin typing your search above and press return to search.

ട്രംപ്, ട്രൂഡോ, ബോള്‍സൊനാരോ രോഗ ഭീതിയില്‍, യു കെ ആരോഗ്യ മന്ത്രിക്കും പോളിഷ് സൈനിക മേധാവിക്കും കോവിഡ് 19 - ഇവര്‍ മഹാമാരിയില്‍ കുടുങ്ങിയ ലോകനേതാക്കള്‍

ട്രംപ്, ട്രൂഡോ, ബോള്‍സൊനാരോ രോഗ ഭീതിയില്‍, യു കെ ആരോഗ്യ മന്ത്രിക്കും പോളിഷ് സൈനിക മേധാവിക്കും കോവിഡ് 19 - ഇവര്‍ മഹാമാരിയില്‍ കുടുങ്ങിയ ലോകനേതാക്കള്‍

ബ്രിട്ടീഷ് ആരോഗ്യ മന്ത്രിയും കണ്‍സര്‍വേറ്റീവ് പാര്‍ട്ടി എംപിയുമായ നദീന്‍ ഡോറിസിന് പിന്നാലെ കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയ്ക്കും ഭാര്യ സോഫിയ ട്രൂഡോയ്ക്കും കോവിഡ് 19 എന്നു വാര്‍ത്ത. സോഫിയയ്ക്ക് രോഗ ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇന്നലെ ഇവര്‍ സ്വയം ഐസൊലേഷന്‍ പ്രഖ്യാപിക്കുകയായിരുന്നു. ഏറ്റവും ഒടുവിലുള്ള റിപ്പോര്‍ട്ട് പ്രകാരം യു എസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് ആണ് കോവിഡ്-19 നിഴലിലുള്ള മറ്റൊരു രാഷ്ട്ര നേതാവ്. ട്രംപുമായി കൂടിക്കാഴ്ച നടത്തിയ ബ്രസീലിയന്‍ പ്രസിഡന്‍റ് ജെയര്‍ ബോള്‍സൊനാരോയുടെ കമ്മ്യൂണിക്കേഷന്‍ സെക്രട്ടറിക്ക് കോവിഡ് 19 സ്ഥിരീകരിച്ചതിന് പിന്നാലയാണ് ട്രംപിന്റെ ആരോഗ്യ സ്ഥിതിയെ കുറിച്ചുള്ള അഭ്യൂഹങ്ങള്‍ പുറത്തുവന്നത്. നേരത്തെ ഇറാനില്‍ രണ്ട് പാര്‍ലമെന്‍റ് അംഗങ്ങള്‍ കോവിഡ്-19 ബാധിച്ച് മരിച്ചിരുന്നു. കഴിഞ്ഞ ദിവസം യു കെയിലെ വീട്ടില്‍ സ്വയം നിരീക്ഷണത്തില്‍ കഴിയുകയാണെന്ന് വ്യക്തമാക്കി ഇറക്കിയ പത്രകുറിപ്പ് പുറത്തുവന്നതോടെയാണ് യു കെ ആരോഗ്യമന്ത്രിയുടെ നദീന്‍ ഡോറിസിന്റെ രോഗാവസ്ഥ പുറം ലോകം അറിഞ്ഞത്. മന്ത്രിയുടെ നില ഇപ്പോള്‍ തൃപ്തികരമാണെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി. മന്ത്രിക്ക് വൈറസ് ബാധ പിടിപെട്ട സാഹചര്യം കണ്ടെത്താനുള്ള ശ്രമങ്ങളും പുരോഗമിക്കുകയാണ്. പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ അടക്കം പ്രമുഖരായ നിരവധി പേരുമായി നദീന്‍ ഡോറിസ് അടുത്ത ദിവസങ്ങളില്‍ ഇടപഴകിയിരുന്നതായും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട നിയമനിര്‍മാണത്തില്‍ ബ്രിട്ടണില്‍ സുപ്രധാന പങ്കുവഹിച്ചയാളാണ് നദീന്‍ ഡോറിസ്. ഈ നിയമം സംബന്ധിച്ച് രേഖകളില്‍ ഒപ്പുവെക്കുന്നതിനിടെ മന്ത്രി കുഴഞ്ഞു വീണിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇവർക്ക് രോഗബാധ കണ്ടെത്തിയത്. ബ്രിട്ടണില്‍ നിലവില്‍ 10 പേരാണ് കൊറോണ വൈറസ് ബാധിച്ച് മരിച്ചത്. 590 പേര്‍ക്കാണ് യു കെയില്‍ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ഇന്നലെയാണ് ജസ്റ്റിന്‍ ട്രൂഡോയും സോഫിയ ട്രൂഡോയും സ്വയം ഐസൊലേഷന്‍ പ്രഖ്യാപിച്ചത്. യുകെയില്‍ നിന്ന് മടങ്ങിയെത്തിയതിന് പിന്നാലെയാണ് സോഫിയയ്ക്ക് കൊറോണ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയത്. സോഫിയയ്ക്ക് കൊറോണ സ്ഥിരീകരിച്ചതോടെ ജസ്റ്റിന്‍ ട്രൂഡോയും വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ തീരുമാനിച്ച് ഐസൊലേഷന്‍ പ്രഖ്യാപിക്കുകയായിരുന്നു. വാര്‍ത്താസമ്മേളനങ്ങളും ഫോണ്‍ കോളുകളും വിര്‍ച്വല്‍ മീറ്റിംഗുകളുമെല്ലാം പ്രധാനമന്ത്രി ഓഫീസില്‍ നിന്ന് കൈകാര്യം ചെയ്യുമെന്ന് ഓഫീസ് അറിയിച്ചു. ഒറ്റാവയില്‍ നടത്താനിരുന്ന കാനഡ പ്രവിശ്യാ നേതാക്കളുമായുള്ള കൂടിക്കാഴ്ച ജസ്റ്റിന്‍ ട്രൂഡോ റദ്ദാക്കി. യു എസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തിയ ബ്രസീലിയന്‍ പ്രസിഡന്‍റ് ജെയര്‍ ബോള്‍സൊനാരോയുടെ കമ്മ്യൂണിക്കേഷന്‍ സെക്രട്ടറിക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഫ്ലോറിഡ സന്ദര്‍ശനത്തില്‍ ബ്രസീലിയന്‍ പ്രസിഡന്റിനെ അനുഗമിച്ച ഫാബിയോ വാങ്ങര്‍ടനാണ് രോഗ ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. കഴിഞ്ഞ ആഴ്ച മാര്‍ എ ലാനിര്‍ഗോയില്‍ വെച്ചാണ് ട്രംപുമായി ഇയാള്‍ അടുത്തിടപഴകിയത് എന്നു ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം വ്യാഴാഴ്ച വൈറ്റ് ഹൌസ് പുറത്തിറക്കിയ പത്ര കുറിപ്പില്‍ ട്രംപും വൈസ് പ്രസിഡണ്ട് മൈക് പെന്‍സും വാങ്ങര്‍ടനുമായി ബന്ധപ്പെട്ടില്ല എന്നായിരുന്നു അവകാശപ്പെട്ടിരുന്നത്. എന്നാല്‍ ഇയാള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രത്തില്‍ ട്രംപിന് തൊട്ടടുത്ത് നില്‍ക്കുന്നതായി കാണാം. അതില്‍ ഇയാള്‍ക്കൊപ്പം ട്രംപ്, പെന്‍സ്, ബ്രസീലിയന്‍ ടി വി അവതാരകന്‍ അല്‍വാരോ ഗര്‍നേരോ എന്നിവരെ കാണാം. കൂടാതെ ട്രംപിനും ബോള്‍സോനാരോയ്ക്കും തൊട്ട് പിന്നില്‍ ഇയാള്‍ നില്‍ക്കുന്ന വീഡിയോയും പുറത്തുവന്നിട്ടുണ്ട്.

നിലവില്‍ തന്റെ വീട്ടില്‍ ഐസോലേഷനിലാണ് വാങ്ങര്‍ട്ടന്‍. ബ്രസീലിയന്‍ പ്രസിഡന്‍റ് ജെയര്‍ ബോള്‍സൊനാരോയും നിരീക്ഷണത്തിലാണ്. ചൈനയും ഇറ്റലിയും കഴിഞ്ഞാല്‍ കോവിഡ് 19 ആഞ്ഞടിച്ച ഇറാനില്‍ പാര്‍ലമെന്‍റ് അംഗങ്ങളായ മുഹമ്മദ് അലി റമസാനി, ഫാത്തിമ റബ്ബാര്‍ എന്നിവര്‍ മരണപ്പെട്ടു. മാര്‍ച്ച് 7നു ടെഹ്റാന്‍ ആശുപത്രിയില്‍ വെച്ചായിരുന്നു ഫാത്തിമ മരണപ്പെട്ടത്. ഇറാനില്‍ നിരവധി പ്രമുഖര്‍ക്ക് കോവിഡ് ബാധിച്ചതായാണ് റിപ്പോര്‍ട്ട്. ഏറ്റവും ഒടുവിലുള്ള കണക്കനുസരിച്ച് 429 പേര്‍ ഇറാനില്‍ മരിച്ചിട്ടുണ്ട്. ജര്‍മ്മനിയിലെ പ്രതിരോധ സമ്മേളനത്തില്‍ പങ്കെടുത്ത് നാട്ടില്‍ തിരിച്ചെത്തിയ പോളിഷ് സൈനിക മേധാവി ജറോസ്ലൊ മൈക്കയ്ക്ക് കൊറോണ ബാധ സ്ഥിരീകരിച്ചു. പോളിഷ് പ്രതിരോധ മന്ത്രാലയമാണ് ഈ കാര്യം പുറത്തുവിട്ടത്. യു എസ് ആര്‍മി കമാന്‍ഡര്‍ അടക്കം ഈ സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു.

ഇറ്റലിയില്‍ കൊറോണ കായിക താരങ്ങളിലേക്കും പടര്‍ന്ന് പിടിച്ചിരിക്കുകയാണ്. ഇറ്റലിയില്‍ രോഗം പടര്‍ന്നതോടെ ഇറ്റാലിയന്‍ സീരി എ അടക്കമുള്ള ഫുട്ബോള്‍ പോരാട്ടങ്ങളെ അത് കാര്യമായി ബാധിച്ചു. യുവന്റസിന്റെ സെന്റര്‍ ബാക്കായ ഡാനിയെലെ റുഗാനിയ്ക്ക് കൊറൊണ സ്ഥിരീകരിച്ചു. താരത്തിന്റെ ആരോഗ്യനില തൃപ്തികരമാണ് എങ്കിലും ഈ പരിശോധന ഫലം ഫുട്‌ബോള്‍ ലോകമാകെ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്. രണ്ട് ദിവസം മുമ്പ് നടന്ന ഇന്റര്‍ മിലാന്‍ യുവന്റസ് മത്സരത്തിന്റെ ഭാഗമായിരുന്നു റുഗാനി. താരം മത്സര ശേഷം യുവന്റസ് ടീമിനൊത്തുള്ള ചിത്രങ്ങളും പങ്കുവെച്ചിരുന്നു. താരവുമായി അടിത്ത് ഇടപെട്ടതു കൊണ്ട് യുവന്റ്‌സ് ടീമില്‍ ഇനിയും കൊറൊണ ടെസ്റ്റുകള്‍ പോസിറ്റീവ് ആകാന്‍ സാധ്യതയുണ്ട് എന്ന് വിദഗ്ദ്ധര്‍ പറയുന്നു. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ അടക്കമുള്ള മുഴുവന്‍ യുവന്റസ് ടീമംഗങ്ങളും 14 ദിവസത്തേക്ക് ഐസൊലേഷനില്‍ കഴിയണം എന്ന് നിര്‍ദേശം നല്‍കിയിരിക്കുകയാണ്. ഏറ്റവും ഒടുവില്‍ ആഴ്സനല്‍ മാനേജര്‍ മൈക്കല്‍ അര്‍ട്ടേറ്റയ്ക്ക് കോവിഡ് ബാധിച്ചതായാണ് കായിക ലോകത്ത് നിന്നും പുറത്തുവന്ന വാര്‍ത്ത. ഹോളിവുഡ് താരങ്ങളായ ടോം ഹങ്സിനും ഭാര്യ നടിയും ഗായികയുമായ റിത വിൽസണും കൊവിഡ് 19 ബാധയെന്ന് സ്ഥിരീകരണം. ടോം ഹാങ്സ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. സോഷ്യൽ മീഡിയയിലായിരുന്നു ടോം ഹാങ്സ് ബാധ സംബന്ധിച്ച പരിശോധനാ ഫലം പോസിറ്റീവാണെന്ന് വ്യക്തമാക്കിയത്.

നിലവിൽ ഓസ്ട്രേലിയയിലാണ് ദമ്പതികളുള്ളത്. അസുഖ ബാധയെ കുറിച്ച് ടോം ഹങ്സ് തന്റെ ഇൻസ്റ്റഗ്രാമിലും ചെറിയ കുറിപ്പ് പോസ്റ്റ് ചെയ്തിട്ടുണ്ട്. 'കഴിഞ്ഞ ദിവസങ്ങളിലായി ജലദോഷവും ശരീരവേദനയും ഉള്ളതുപോലെയും അൽപ്പം ക്ഷീണവും അനുഭവപ്പെട്ടിരുന്നു. റിത ചില ലക്ഷണങ്ങളും കാണിച്ചു. നേരിയ പനിയും കണ്ടെത്തി. ഇതോടെ ലോകത്ത് ഇപ്പോൾ പടരുന്ന കൊറോണ വയറസ് ബാധ സംബന്ധിച്ച പരിശോധന നടത്താൽ തീരുമാനിച്ചു. ആ പരിശോധന പോസിറ്റീവ് ആണെന്ന് കണ്ടെത്തി. " എന്നായിരുന്നു കുറിപ്പിലെ ഉള്ളടക്കം.


Next Story

Related Stories