TopTop

ചിലവേറിയ ചികില്‍സ, ഇല്ലാത്ത ആരോഗ്യ സുരക്ഷാ പദ്ധതികള്‍, കൊറോണ തുറന്നുകാട്ടുന്ന അമേരിക്കന്‍ സംവിധാനങ്ങള്‍

ചിലവേറിയ ചികില്‍സ, ഇല്ലാത്ത ആരോഗ്യ സുരക്ഷാ പദ്ധതികള്‍, കൊറോണ തുറന്നുകാട്ടുന്ന അമേരിക്കന്‍ സംവിധാനങ്ങള്‍

ലോകത്ത് ഇന്നത്തെ കണക്കനുസരിച്ച് ഏറ്റവും കൂടുതല്‍ കോവിഡ് 19 രോഗ ബാധിതരുള്ളത് അമേരിക്കയിലാണ്. ചൈനയേയും ഇറ്റലിയേയും മറികടന്നാണ് രോഗികളുടെ എണ്ണം അമേരിക്കയില്‍ കുതിച്ചുമുന്നേറുന്നത്. ഇതിനകം 82,000 ത്തിലേറെ പേര്‍ രോഗികളായ അമേരിക്കയില്‍ സ്ഥിതി ഗതികള്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ രൂക്ഷമാകുമെന്നാണ് ആരോഗ്യ രംഗത്തെ ചില സംഘടനകളും വിദഗ്ദരും മുന്നറിയിപ്പ് നല്‍കുന്നത്. ഇതിനകം ആയിരത്തിലേറെ പേര്‍ അമേരിക്കയില്‍ കൊവിഡ് 19 പിടിപ്പെട്ട് മരിക്കുകയും ചെയ്തു. രോഗ വ്യാപനം തടയുന്നതിലും, രോഗികളെ ചികില്‍സിക്കുന്നതിലുമുള്ള സംവിധാനപരമായ പോരായ്മകളിലേക്ക് കൂടി ഇപ്പോഴത്തെ പ്രതിസന്ധി വിരല്‍ചൂണ്ടുന്നുണ്ടെന്നാണ് വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നത്.

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അലര്‍ജി ആന്റ് ഇന്‍ഫെക്ഷ്യസ് ഡിസീസസ് ഡയറക്ടര്‍ ഡോ ആൻ്റോണി എസ് ഫൗസി കഴിഞ്ഞ ദിവസം വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞത് അമേരിക്കയിലെ ആരോഗ്യ സംവിധാനം ഇന്ന് എത്തി നില്‍ക്കുന്ന അവസ്ഥയെക്കുറിച്ചുള്ള യഥാര്‍ത്ഥ വിവരണമാണെന്നണ് പലരും കരുതുന്നത്. ' ഇപ്പോള്‍ ആവശ്യമുള്ള രീതിയില്‍ പ്രവര്‍ത്തിക്കാന്‍ ഈ സംവിധാനം അപര്യാപ്തമാണ്. സംവിധാനം പരാജയപ്പെടുകയാണ്. അത് അംഗീകരിച്ചേ പറ്റൂ' എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
'ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കെല്ലാം മനസ്സിലാക്കാന്‍ കഴിയുന്ന കാര്യം കൊവിഡ് 19 നെ നേരിടുന്ന കാര്യത്തില്‍ അമേരിക്ക വളരെ പിന്നിലാണെന്നാണ്.' കെയ്‌സര്‍ ഫാമിലി ഫൗണ്ടേഷനിലെ ഗ്ലോബല്‍ ഹെല്‍ത്ത് ഡയറക്ടര്‍ ജെന്‍ കെറ്റസ് പറയുന്നു.
പ്രസിഡന്റ് ട്രംപ് കാര്യങ്ങള്‍ നടത്തുന്നതുമായി ബന്ധപ്പെട്ടായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം. എന്നാല്‍ അതുമാത്രമല്ല കാര്യമെന്നാണ് മറ്റ് ചിലര്‍ പറയുന്നത്. അമേരിക്കയുടെ മുന്‍ ലേബര്‍ സെക്രട്ടറിയും കാലിഫോര്‍ണിയ സര്‍വകലാശാല പ്രൊഫസറുമായ റോബര്‍ട് റീക്ക് പറയുന്നത് ഏറ്റവും ശേഷിയുള്ള പ്രസിഡന്റായിരുന്നാലും ഈ സംവിധാനം പാതി വഴിയില്‍ പരാജയപെ്ടുമെന്നാണ് . അതായത് അമേരിക്ക ഇപ്പോള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ വര്‍ഷങ്ങളായുള്ള നയ സമീപനങ്ങളുടെതാണെന്നാണ് അദ്ദേഹം പറയുന്നത്. ആരോഗ്യമെന്നത് സ്വകാര്യമേഖല ലാഭത്തിന് വേണ്ടി നടത്തുന്ന സംരംഭമെന്ന രീതിയിലാണ് രാഷ്ട്രീയ നേതൃത്വം കണക്കാക്കിയതെന്നാണ് വിമര്‍ശകര്‍ പറയുന്നത്. വ്യക്തികളുടെ താൽപര്യത്തിനപ്പുറം പൊതു ആവശ്യങ്ങൾ ഇവിടെ പരിഗണിക്കപ്പെടുന്നില്ലെന്ന് അദ്ദേഹം പറയുന്നു.
കോവിഡ് 19 ന്റെ പരിശോധന സൗജന്യമായി നടത്താനുള്ള സംവിധാനം പോലും ശരിയായ രീതിയിലല്ല അമേരിക്കയില്‍ ഇപ്പോള്‍ നിലനില്‍ക്കുന്നതെന്നാണ് ആക്ഷേപം. സംസ്ഥാന പ്രദേശിക മേഖലയിലെ ആരോഗ്യവകുപ്പുകളില്‍ ഇതിന് പറ്റിയ സംവിധാനങ്ങളോ മതിയായ ആളുകളോ പലയിടത്തും ഇല്ലെന്നാണ് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നത്. നാഷണല്‍ അസോസിയേഷന്‍ ഓഫ് കൗണ്ടി ആന്റ് സിറ്റി ഹെല്‍ത്ത് ഒഫീഷ്യല്‍സ് എന്ന സംഘടന പറയുന്നത് 2008 ലെ സാമ്പത്തിക മാന്ദ്യം മുതല്‍ ഇതാണ് സ്ഥിതിയെന്നാണ്.
കൊവിഡ് പകരുന്നതിന്റെ തോത് വെച്ച് അമേരിക്കയില്‍ 29ലക്ഷം ആളുകള്‍ക്ക് ചിലപ്പോള്‍ വെന്റിലേറ്റര്‍ സഹായം ആവശ്യമായി വരും എന്നാണ് കണക്കാക്കുന്നത്. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ 45000 പേര്‍ക്ക് ഈ സഹായം എത്തിക്കാന്‍ മാത്രമാണ് കഴിയുകയെന്ന് റോബര്‍ട് റീക്ക് പറയുന്നു. മൂന്ന് കോടിയോളം അമേരിക്കയ്ക്കാര്‍ക്ക് ആരോഗ്യ ഇന്‍ഷൂറന്‍സില്ല. രോഗ ബാധ ഏറ്റവും കുടുതല്‍ വ്യാപകമായ ന്യൂയോര്‍ക്കിലെ ഗവര്‍ണര്‍ പറയുന്നത് ഇതിനകം തന്നെ നഗരത്തിലെ ആശുപത്രികളിലെ 80 ശതമാനം തീവ്ര പരിചരണ മുറികള്‍ നേരത്തെ തന്നെ പ്രവര്‍ത്തന ക്ഷമമാണെന്നാണ്. അതായത് പുതുതായി വരുന്ന രോഗികളി്ല്‍ വലിയ വിഭാഗത്തെയും ഉള്‍കൊള്ളാന്‍ കഴിയില്ലെന്ന് വ്യക്തമായിരിക്കുന്നു. ഇതിന് പുറമെയാണ് പലര്‍ക്കും സ്വകാര്യ ആശുപത്രികളിലെ ചിലവ് താങ്ങാന്‍ കഴിയാത്ത സാഹചര്യം. രോഗമുണ്ടോ എന്ന് പരിശോധിക്കാനുള്ള സംവിധാനം പര്യാപ്തമല്ലെന്ന അവസ്ഥ. മറ്റ് വികസിത രാജ്യങ്ങളെ അപേക്ഷിച്ച് അമേരിക്കയില്‍ പരിശോധന സംവിധാനം കുറവാണെന്നാണ് വിദഗ്ദര്‍ പറയുന്നത്. ' പരിശോധന സമ്പ്രദായം തകരാറിലായത് പ്രശ്‌നം കൂടുതല്‍ വഷളാക്കുകയാണ്. ഇതുള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ അമേരിക്കയെ മറ്റ് സമാന രാജ്യങ്ങളെ അപേക്ഷിച്ച് കൂടതല്‍ പ്രതിസന്ധിയിലാക്കുകയാണ്' പിറ്റേഴ്‌സണ്‍ കെയ്‌സര്‍ ഹെല്‍ത്ത് സിസ്റ്റംസ് ഡയറകടര്‍ സിന്തിയ കോക്‌സ് പറഞ്ഞു.
അമേരിക്കയിലെ ആകെ തൊഴില്‍ ശേഷിയുടെ 30 ശതമാനം പേര്‍ക്കും രോഗം ബാധിച്ചാല്‍ ശമ്പളത്തോട് കൂടി ലിവ് കിട്ടുന്ന സാഹചര്യമില്ല. സ്വയം തൊഴില്‍ ചെയ്യുന്നവരുടെ കാര്യം പറയാനുമില്ല. കൊവിഡ് ബാധ നേരിടുന്നതിന് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ട്രില്ല്യണ്‍ ഡോളറിന്റെ സാമ്പത്തിക പാക്കേജ് ഇവരെയൊന്നും പരിഗണിക്കുന്നില്ലെന്നുമാണ് ആക്ഷേപം.
വര്‍ധിച്ച പണ ചിലവ് കാരണം രോഗവസ്ഥയിലായിട്ടും ചികില്‍സ വേണ്ടെന്ന് വെയ്ക്കുന്നവരുടെ എണ്ണം അമേരിക്കയില്‍ കുടുതലാണെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. 33 ശതമാനം രോഗികളെങ്കിലും വര്‍ധിച്ച ചെലവ് കാരണം ആവശ്യമായ ചികില്‍സ തേടുന്നില്ലെന്നാണ് ഒരു പഠനം പറയുന്നത്. പിറ്റേഴ്‌സണ്‍ കെയ്‌സര്‍ ഹെല്‍ത്ത് സിസ്റ്റംസ് നടത്തിയ പഠനം അനുസരിച്ച് ഇത്തരക്കാരുടെ എണ്ണം ജര്‍മ്മനിയല്‍ ഏഴ് ശതമാനം മാത്രമാണ്. 2018 ലെ പഠന മനുസരിച്ച് സ്തനാര്‍ഭുതമുള്ള സ്ത്രീകള്‍പോലും മതിയായ ചികില്‍സ് ഇന്‍ഷൂറന്‍സ ഇല്ലാത്തതിനാല്‍ ചികില്‍സ മാറ്റിവെച്ചതായി കണ്ടെത്തിയിരുന്നു.
ഇങ്ങനെ സാമൂഹ്യ സുരക്ഷിതത്വം തീരെ ഉറപ്പുവരുത്താത്ത ഒരു വികസിത രാജ്യമാണ് അതിന്റെ സമീപ കാല ചരിത്രത്തിലെ ഏറ്റവും വലിയ ആരോഗ്യ പ്രതിസന്ധി അനുഭവിക്കുന്നത്. ഡൊണാള്‍ഡ് ട്രംപിന്റെ അലസ സമീപനം ഈ പ്രതിസന്ധിയുടെ ആഴം കൂട്ടുമെന്നാണ് ആരോഗ്യ പ്രവര്‍ത്തകര്‍ ആശങ്കപെടുന്നത്.
Next Story

Related Stories