TopTop
Begin typing your search above and press return to search.

'മുഖ്യധാരാ' വാക്സിനുകളുടെ സ്ഥിതി സംശയത്തിൽ; ചെറിയ വാക്സിൻ നിർമാതാക്കളിലേക്ക് ലോകത്തിന്റെ ശ്രദ്ധ ചെല്ലുമ്പോൾ

മുഖ്യധാരാ വാക്സിനുകളുടെ സ്ഥിതി സംശയത്തിൽ; ചെറിയ വാക്സിൻ നിർമാതാക്കളിലേക്ക് ലോകത്തിന്റെ ശ്രദ്ധ ചെല്ലുമ്പോൾ

അസാധാരണമായ വേഗത്തിലാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കോവിഡ് മഹാമാരിയെ ചെറുക്കാനുള്ള വാക്സിനു വേണ്ടിയുള്ള ഗവേഷണ-വികസന പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. ചരിത്രത്തിലെ ആദ്യത്തെ മഹാമാരിയല്ല കോവിഡെങ്കിലും, ചരിത്രത്തിലിന്നുവരെ ഇത്രയും വേഗത വാക്സിൻ നിർമാണ പ്രവർത്തനങ്ങൾക്ക് ഉണ്ടായിട്ടില്ല. ചരിത്രത്തിൽ ഏറ്റവും വേഗതയിൽ പുറത്തുവന്ന വാക്സിൻ മുണ്ടിവീക്കത്തിനുള്ളതാണ്. ഈ വൈറസ്സിനെ ചെറുക്കാനുള്ള വാക്സിൻ നാല് വർഷം കൊണ്ട് കണ്ടെത്താൻ ശാസ്ത്രലോകത്തിനായി.

നാല് വാക്സിനുകളാണ് നിലവിൽ ലോകാരോഗ്യ സംഘടനയുടെ അംഗീകാരത്തോടെ പരീക്ഷണങ്ങളുടെ മുൻനിരയിൽ നിൽക്കുന്നത്. അതിലൊന്നാണ് ഇന്ത്യയിലും പരീക്ഷണം തുടരുന്ന ഓക്സ്ഫോഡ് സർവകലാശാലാ വാക്സിൻ. മോഡേണ, ഫൈസർ, സിനോവാക് എന്നീ വാക്സിനുകൾ വേറെയുമുണ്ട്. റഷ്യ വികസിപ്പിച്ചെടുത്തതും, ഇപ്പോഴും ലോകത്തിന് സംശയം വിട്ടുമാറിയിട്ടില്ലാത്തതുമായ സ്പുട്നിക് വി വാക്സിനാണ് മറ്റൊന്ന്. ഇവയെക്കൂടാതെ പരീക്ഷണത്തിന്റെ വിവിധ ഘട്ടങ്ങളിൽ നിൽക്കുന്ന 320ലധികം കോവിഡ് വാക്സിനുകൾ വേറെയുമുണ്ട്.

ഇതിൽ ഏറെ പ്രതീക്ഷയോടെ ലോകം നോക്കിക്കൊണ്ടിരുന്ന ഓക്സ്ഫോഡ് വാക്സിന്റെ നില സംശയാസ്പദമായി മാറിയിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ. ഈ വാക്സിൻ കുത്തിവെച്ച വളന്റിയർമാരിലൊരാൾക്ക് തിരിച്ചറിയാനാകാത്ത ഒരു രോഗം പിടിപെട്ടതാണ് വിഷയം. വാക്സിൻ പരീക്ഷണം താൽക്കാലികമായി നിർത്തിവെക്കുകയുമുണ്ടായി. ഇപ്പോൾ വീണ്ടും പരീക്ഷണത്തിനുള്ള അനുമതി ലഭിച്ചിട്ടുണ്ട്.

ചൈനയുടെ വാക്സിനായ സിനോവാക്റ്റിന്റെ സ്ഥിതിയും വ്യത്യസ്തമല്ല. ഈ വാക്സിന് ഇതുവരെ സാർവദേശീയമായ പിന്തുണ ലഭിച്ചിട്ടുണ്ടെന്ന് പറയാനാകില്ല. പരീക്ഷണങ്ങളിലും മറ്റും പിന്തുടർന്ന രീതിശാസ്ത്രം സംബന്ധിച്ച് വലിയ ആരോപണങ്ങൾ സിനോവാക്റ്റിനെതിരെ നിലവിലുണ്ട്.

അതിവേഗത്തിൽ നിർമിക്കപ്പെടുന്ന വാക്സിൻ കോവിഡിനെക്കാൾ അപകടകരമായി ഭാവിയിൽ മാറിയേക്കാമെന്ന താക്കീതും ശാസ്ത്രലോകം നൽകുന്നുണ്ട്. ഏതായാലും മുഖ്യധാരയിൽ ആഘോഷിക്കപ്പെട്ടിരുന്ന വാക്സിനുകളുടെ സ്ഥിതി ഇപ്പോൾ അത്രകണ്ട് ആശാവഹമല്ലെന്ന് തിരിച്ചറിഞ്ഞ ലോകം മറ്റ് വാക്സിനുകളിലേക്ക് തിരിഞ്ഞിട്ടുണ്ട്. ഈ വാക്സിനുകൾ വിജയിക്കാനുള്ള സാധ്യത സംബന്ധിച്ച് വളരെ നേരിയ സാധ്യത മാത്രമാണ് കൽപ്പിക്കപ്പെട്ടിരുന്നു. ഇതിന്റെ പല കാരണങ്ങളിലൊന്ന് സാമ്പത്തികമാണ്. വാക്സിനുകളുടെ ഗവേഷണ-വികസന പ്രവർത്തനങ്ങൾക്ക് വലിയ ചെലവ് വരും. ഇത് താങ്ങാൻ പല സ്ഥാപനങ്ങൾക്കും സാധിക്കുന്നില്ല.

പല ചെറിയ വാക്സിൻ നിർമാണ സ്ഥാപനങ്ങളും തങ്ങളുടെ ആദ്യഘട്ട ട്രയലുകൾ നടത്തിയതിനു ശേഷം മുമ്പോട്ടു പോകാൻ വഴിയില്ലാതെ നിൽക്കുകയാണ്. ഇവരെ ഫണ്ട് ചെയ്ത് മുമ്പോട്ടു കൊണ്ടുവരണമെന്ന ആവശ്യമാണ് ഇപ്പോളുയരുന്നത്.

വിഖ്യാത വൈറോളജിസ്റ്റായ പീറ്റർ പലീസ് വികസിപ്പിച്ചെടുത്ത വാക്സിൻ ഇത്തരത്തിലൊന്നാണ്. എലികളിൽ നടത്തിയ പരീക്ഷണത്തിൽ ഈ വാക്സിൻ വിജയിച്ചിരുന്നു. ഇക്കാര്യം ദി നാച്വർ റിപ്പോർട്ട് ചെയ്യുകയുമുണ്ടായി. പക്ഷികളിൽ കണ്ടുവരുന്ന ഒരുതരം വൈറസ്സിനെ ഉപയോഗിച്ച് കൊറോണവൈറസ് പ്രോട്ടീൻ കൃത്രിമമായി നിർമിക്കാൻ ശേഷിയുള്ള വാക്സിൻ വികസിപ്പിച്ചെടുത്തിരിക്കുകയാണ് പീറ്റർ.

ഇത്തരം വാക്സിനുകളിലേക്കാണ് ഇനി ലോകത്തിന്റെ ശ്രദ്ധ ചെല്ലേണ്ടതെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.

Next Story

Related Stories