റഷ്യ വികസിപ്പിച്ച കോവിഡ് വാക്സിന് സ്പുട്നിക് അഞ്ചിന്റെ നിർമാണത്തിൽ ഇന്ത്യയുടെ സഹകരണം തേടിയേക്കും. റഷ്യൻ ഡയറക്ട് ഇൻവെസ്റ്റ്മെന്റ് ഫണ്ട് (ആർഡിഎഫ്) ഡയറക്ടർ കിറിൽ ദിമിത്രേവാണ് വ്യാഴാഴ്ച ഇതുബന്ധിച്ച പ്രതികരണം നടത്തിയത്. ഗമാലിയ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡെമിയോളജി ആൻഡ് മൈക്രോബയോളജി ആർഡിഎഫ് എന്നിവയുടെ നേതൃത്വത്തിൽ വികസിപ്പിച്ചെടുത്ത കോവിഡ് വാക്സിന് (സ്പുട്നിക് V) നിലവിൽ ക്ലിനിക്കൽ പരീക്ഷണങ്ങളുടെ മൂന്നാം ഘട്ടത്തിലാണ്.
കോവിഡ് വാക്സിൻ നിർമാണത്തിൽ ലാറ്റിനമേരിക്ക, ഏഷ്യ, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിൽ നിന്നുള്ള നിരവധി രാജ്യങ്ങൾക്ക് താൽപ്പര്യം പ്രകടിപ്പിച്ചതായും ഓൺലൈൻ പത്രസമ്മേളനത്തിൽ സംസാരിക്കവെ ദിമിത്രീവ് പ്രതികരിച്ചു. വാക്സിൻ ഉൽപാദനം വളരെ പ്രധാനപ്പെട്ട ഒരു ഘട്ടമാണ്. നിലവിൽ, ഇന്ത്യയുമായി ഒരു പങ്കാളിത്തത്തിനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. കോവിഡ് വാക്സിൻ ഉത്പാദിപ്പിക്കാൻ അവർ പ്രാപ്തരാണെന്ന് വിശ്വസിക്കുന്നു. ഇന്ത്യൻ സഹകരണം വാക്സിന് നിലവിലുള്ള ആവശ്യകത നിറവേറ്റാൻ പ്രാപ്തമാക്കുമെന്നാണ് വിലയിരുത്തൽ. വാക്സിൻ നിർമാണത്തിൽ അന്താരാഷ്ട്ര സഹകരണം പ്രതീക്ഷിക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
വാക്സിന്റെ ക്ലിനിക്കൽ ട്രയല്‍ റഷ്യയിൽ മാത്രമല്ല, യുഎഇ, സൗദി അറേബ്യ, ബ്രസീല്‍ ഇന്ത്യ എന്നിവിടങ്ങലിലേക്കും വ്യാപിപ്പിക്കും. നിലവിൽ അഞ്ചിലധികം രാജ്യങ്ങളിൽ വാക്സിൻ ഉത്പാദിപ്പിക്കാൻ പദ്ധതിയിട്ടിട്ടുണ്ട്. വാക്സിൻ വിതരണം ചെയ്യുന്നതുമായി ഏഷ്യ, ലാറ്റിൻ അമേരിക്ക, ഇറ്റലി തുടങ്ങി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ബന്ധപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, സ്പുട്നിക് V കൂടുതല്‍ ആളുകളില്‍ പരീക്ഷിക്കാനൊരുങ്ങുകയാണ് റഷ്യയെന്നും റിപ്പോർട്ടുകൾ പറയുന്നു. രാജ്യത്തെ ജനങ്ങളില്‍ മരുന്ന് ഉപയോഗിക്കാനുള്ള അനുമതി നേടുന്നതിന് മുന്നോടിയായാണ് പരീക്ഷണം. ഗമാലേയ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡെമിയോളജി ആൻഡ് മൈക്രോബയോളജി ഡയറക്ടറും റഷ്യൻ അക്കാദമി ഓഫ് സയൻസസിലെ അക്കാദമിഷ്യനുമായ അലക്സാണ്ടർ ജിന്റ്സ്ബർഗാണ് ഇത് സംബന്ധിച്ച സൂചന നൽകിയത്. ഇതിനോടകം 20000ത്തോളം പേരിൽ വാക്സിൻ പരീക്ഷിച്ചിട്ടുണ്ട്. ഇനി 40,000 കൂടുതൽ പേരിലാണ് വാക്സിന് പരീക്ഷിക്കാനൊരുങ്ങുകയാണ് എന്നാണ് റഷ്യ നൽകുന്ന സൂചന.
സ്പുടിനിക് അഞ്ച് എന്ന വാക്സിന് സുരക്ഷിതവും ഫലപ്രദവുമാണെന്നാണ് റഷ്യന്‍ ശാസ്ത്രജ്ഞരുടെ അവകാശവാദം. രണ്ടുമാസം നീണ്ടുനിന്ന മനുഷ്യരിലെ പരീക്ഷണങ്ങള്‍ ഫലപ്രദമാണെന്നാണ് കണ്ടെത്തിയതായും റഷ്യ അവകാശപ്പെടുന്നു. എന്നാൽ പരീക്ഷണം സംബന്ധിച്ച കൂടുതൽ വിവരങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല