TopTop
Begin typing your search above and press return to search.

പരീക്ഷണം വിജയിച്ചാലും വാക്സിൻ പൊതുജനങ്ങളിലെത്താൻ ഒന്നരക്കൊല്ലമെടുക്കുമെന്ന് റിപ്പോർട്ട്; വാക്സിനുകളിലെ 'ചെറുമീനുക'ളെ ശ്രദ്ധിച്ചു തുടങ്ങണമെന്ന് ശാസ്ത്രജ്ഞർ

പരീക്ഷണം വിജയിച്ചാലും വാക്സിൻ പൊതുജനങ്ങളിലെത്താൻ ഒന്നരക്കൊല്ലമെടുക്കുമെന്ന് റിപ്പോർട്ട്; വാക്സിനുകളിലെ ചെറുമീനുകളെ ശ്രദ്ധിച്ചു തുടങ്ങണമെന്ന് ശാസ്ത്രജ്ഞർ

കോവിഡ് വാക്സിൻ 2021 ആദ്യത്തിൽ തന്നെ പുറത്തിറക്കാൻ സാധിക്കുമെന്ന വിശ്വാസമാണ് പൊതുവിലുള്ളത്. ഇതിനെ ബലപ്പെടുത്തുന്ന റിപ്പോർട്ടുകളല്ല കഴിഞ്ഞദിവസങ്ങളിലായി വരുന്നതെങ്കിലും ഈ വർഷം അവസാനത്തോടെയോ അടുത്ത വർഷം ആദ്യത്തിലോ വാക്സിൻ എത്തുമെന്ന് പൊതുവിൽ ധാരണയുണ്ട്. ഇത് സംഭവിക്കുകയാണെങ്കിൽപ്പോലും പൊതുജനങ്ങളിലേക്ക് വാക്സിൻ എത്താൻ പിന്നെയും ആറുമാസമെങ്കിലും എടുക്കുമെന്നാണ് റിപ്പോർട്ട്.

വാക്സിൻ നൽകുന്നത് സംബന്ധിച്ച മുൻഗണന ഇതിനകം തന്നെ ലോകാരോഗ്യസംഘടന രൂപീകരിച്ചു തുടങ്ങിയിട്ടുണ്ട്. ലോകമെമ്പാടുമുള്ള സർക്കാരുകളും ലോകാരോഗ്യ സംഘടനയുടെ ധാരണയോട് യോജിക്കുന്ന നിലപാടാണ് എടുത്തുവരുന്നത്. വാക്സിനുകൾ ആദ്യം ലഭിക്കുക ആരോഗ്യപ്രവർത്തകർക്കു തന്നെയായിരിക്കും. പൊതുജനങ്ങളുടെ കാര്യത്തിലേക്ക് വരുമ്പോൾ രോഗബാധ ഏറ്റവുമധികം അപകടമുണ്ടാക്കാനിടയുള്ള ആളുകളിലാണ് ആദ്യം വാക്സിൻ പ്രയോഗം നടത്തുക. പ്രായമേറിയവർ, ഇതര രോഗങ്ങളുള്ളവർ തുടങ്ങിയവരെ ആദ്യം പരിഗണിക്കും.

ഇന്ത്യയിലെ പൊതുജനങ്ങൾക്ക് കോവിഡ് വാക്സിൻ ലഭ്യമായിത്തുടങ്ങാൻ കുറഞ്ഞത് ഒന്നര വർൽമെങ്കിലും എടുക്കുമെന്നാണ് പബ്ലിക് ഹെൽത്ത് ഫൊണ്ടേഷൻ ഓഫ് ഇന്ത്യ പ്രസിഡണ്ട് പ്രൊഫ. കെ ശ്രീനാഥ് റെഡ്ഢി പറയുന്നത്. വാക്സിന് അനുമതി ലഭിച്ചാലും എല്ലാവർക്കും ലഭിച്ചു തുടങ്ങാൻ മാസങ്ങൾ പിന്നെയുമെടുക്കും.

ലോകത്തെമ്പാടും 360ലധികം വാാക്സിനുകൾ ഗവേഷണ-വികസനത്തിന്റെയും പരീക്ഷണങ്ങളുടെയും പല ഘട്ടങ്ങളിലായി നിലവിലുണ്ട്. ഇവയിൽ നാലോ അഞ്ചോ എണ്ണത്തിൽ മാത്രമാണ് ലോകം പ്രതീക്ഷ വെച്ചുകൊണ്ടിരുന്നത്. എന്നാൽ ഏറെ പ്രതീക്ഷ പുലർത്തിയിരുന്ന ഓക്സ്ഫോർഡ് വാക്സിൻ പരീക്ഷണം ചില പ്രതികൂലഫലങ്ങളെ തുടർന്ന് നിർത്തി വെക്കേണ്ടി വന്നത് ഈ വഴിക്കുള്ള പ്രതീക്ഷകളിൽ സംശയത്തിന്റെ നിഴൽ പരത്തിയിരിക്കുകയാണ്.

വാക്സിൻ വികസനം നടത്തിവരുന്ന ചെറുമീനുകളെ കൂടുതൽ ഫണ്ട് നൽകി മുഖ്യധാരയിലെത്തിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. ഇത്തരം ചില വാക്സിനുകൾ മൃഗപരീക്ഷണങ്ങളിൽ വിജയകരമെന്ന് കണ്ടെത്തിയിരുന്നു. എന്നാൽ ഈ വാക്സിൻ ഇപ്പോഴും മുഖ്യധാരയിലേക്ക് സ്വീകരിക്കപ്പെട്ടിട്ടില്ല. വിപണിസമവാക്യങ്ങളോട് എത്രത്തോളം ചേരുന്നുവെന്നതിനെ അടിസ്ഥാനപ്പെടുത്തിയാണ് ഇത്തരം കാര്യങ്ങൾ സംഭവിക്കുക എന്നതാണ് യാഥാർത്ഥ്യം. കോവിഡ് വാക്സിൻ ലോകത്ത് ഏറെ ശ്രദ്ധ നേടിയ ചെറുമീനാണ് യുഎസ്സിലെ ഇകാൻ സ്കൂൾ ഓഫ് മെഡിസിനിലെ വൈറോളജിസ്റ്റായ ഡോ. പീറ്റർ പലീസ് വികസിപ്പിച്ചെടുത്ത വാക്സിൻ. ഈ വാക്സിൻ എലികളിൽ നടത്തിയ പരീക്ഷണത്തിൽ വിജയകരമെന്ന് കണ്ടെത്തിയിരുന്നു.

ഡോ. പീറ്റർ പലീസ് തന്നെ പറയുന്നത് കേൾക്കുക: "ഭക്ഷണം കഴിഞ്ഞാൽ മനുഷ്യന് ഏറ്റവും ആവശ്യമുള്ളത് എന്ന സ്വീകാര്യതയെങ്കിലും ഈ വാക്സിന് ലഭിക്കുമെന്ന ഞങ്ങൾ പ്രതീക്ഷിച്ചു. ജനങ്ങൾ ഞങ്ങളുടെ വാതിൽ പൊളിച്ച് അകത്ത് കടക്കുമെന്നും ഞങ്ങൾ കരുതി. എന്നാൽ സംഭവിച്ചത് അതൊന്നുമായിരുന്നില്ല. ഞങ്ങൾ വളരെയധികം നിരാശരാണ്."

വൻ ഫാർമസ്യൂട്ടിക്കൽ കമ്പനികളുടെ വാക്സിനുകളാണ് ട്രയലുകളുടെ മുൻനിരയിലുള്ളത്. അവ പരീക്ഷണങ്ങളിൽ അത്രകണ്ട് വിജയിക്കുന്നില്ലെങ്കിൽപ്പോലും അവരുടെ പ്രയാണത്തിന് മുടക്കം വരുന്നില്ല. എന്നാൽ മികവ് പുലർത്തുന്ന ചെറുകിട വാക്സിനുകൾ തങ്ങളുടെ പരീക്ഷണങ്ങൾ അവയുടെ പ്രാഥമികഘട്ടം കഴിഞ്ഞ് പുറത്തുകടക്കാൻ പ്രയാസപ്പെടുകയാണ്.

എല്ലാ വാക്സിൻ നിർമാതാക്കളെയും പരീക്ഷണഘട്ടത്തിലേക്ക് കൊണ്ടുവരികയെന്നത് അപ്രായോഗികമാണെന്ന് ശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടുന്നുണ്ട്. എങ്കിലും വാക്സിനുകളെ തെരഞ്ഞെടുക്കുന്നതിൽ വമ്പന്മാരെ മാത്രം പരിഗണിക്കുന്നിടത്തും പ്രശ്നങ്ങളുണ്ടെന്ന് അവർ സമ്മതിക്കുന്നു. ആദ്യം എത്തിയവരെന്ന പരിഗണന നൽകുന്നിടത്തും പ്രശ്നങ്ങളുണ്ടാകാം. പ്രസ്തുത വാക്സിനുകൾ വലിയ ചെലവുള്ളതായി മാറാം. അതായത് ഭൂരിഭാഗം വരുന്ന മനുഷ്യരിലേക്കും വാക്സിൻ എത്താത്ത സ്ഥിതി സംജാതമാകാം. ഒരുപക്ഷെ ചില പ്രായക്കാരിൽ മാത്രമേ വാക്സിൻ പ്രവർത്തിച്ചുള്ളൂ എന്നും വരാം. എല്ലാവരും തങ്ങൾ വിജയിക്കുമെന്ന് കരുതിത്തന്നെയാണ് വാക്സിൻ പരീക്ഷണങ്ങളുമായി മുമ്പോട്ടു പോകുന്നത്. എന്നാൽ, വിജയിച്ചില്ലെങ്കിലോ എന്ന ചോദ്യം ഉന്നയിക്കപ്പെടുക തന്നെ വേണമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

അതെസമയം കുറച്ചുദിവസങ്ങളായി നർത്തിവെച്ചിരുന്ന ഓക്സ്ഫോഡ് വാക്സിൻ പരീക്ഷണം തുടരാൻ ഇന്ത്യയിലും അനുമതിയായി ഇന്ന്. ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയാണ് രാജ്യത്ത് ഈ വാക്സിന്റെ പരീക്ഷണത്തിന് നേതൃത്വം നൽകുന്ന സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യക്ക് മനുഷ്യപരീക്ഷണം തുടരാൻ അനുമതി നൽകിയത്. ഈ വാക്സിന്റെ രണ്ടും മൂന്നും ഘട്ടങ്ങളിലെ പരീക്ഷണത്തിലേക്ക് നീങ്ങുന്നതിനിടയിലായിരുന്നു മുൻപ് വാക്സിൻ സ്വീകരിച്ച വളന്റിയർമാരിലൊരാൾക്ക് അജ്ഞാതരോഗം സ്ഥിരീകരിച്ചത്. ഇതോടെ യുകെ സർക്കാർ പരീക്ഷണം അടിയന്തിരമായി നിർത്തിവെപ്പിച്ചു. പിന്നീട് സെപ്തംബർ 12നാണ് പരീക്ഷണം തുടരാനുള്ള അനുമതി ലഭിച്ചത്. ഇന്ത്യയിലെ പരീക്ഷണങ്ങളിൽ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഇനി കൂടുതൽ ശ്രദ്ധ നൽകേണ്ടി വരും. ഇത്തരം ചില ഉപാധികളോടെയാണ് പരീക്ഷണം തുടരാൻ അനുവദിച്ചിട്ടുള്ളത്. വളണ്ടിയർമാരിൽ നിന്ന് സമ്മതം വാങ്ങുന്നതടക്കമുള്ള കാര്യങ്ങൾ കൂടുതൽ കർശനമായിത്തീർന്നിട്ടുണ്ട്. വാക്സിന്റെ പാർശ്വഫല സാധ്യതകളടക്കം എല്ലാക്കാര്യങ്ങളും വളണ്ടിയറെ ബോധ്യപ്പെടുത്തിയിരിക്കണം. വാക്സിൻ സ്വീകരിച്ച ഓരോ വളണ്ടിയറെയും സൂക്ഷ്മമായ നിരന്തര പരിശോധനകൾക്ക് വിധേയമാക്കണം.

ഏതെങ്കിലും തരത്തിലുള്ള ആരോഗ്യപ്രശ്നം വാക്സിൻ സ്വീകരിച്ചയാൾക്ക് നേരിടുകയാണെങ്കിൽ എന്ത് ചികിത്സയാണ് നൽകുകയെന്നതിൽ വ്യക്തമായ മാനദണ്ഡങ്ങളുണ്ടായിരിക്കണമെന്ന് ഡ്രഗ്സ് കൺട്രോളർ ഓഫ് ഇന്ത്യ സെറം ഇൻസ്റ്റിറ്റ്യൂട്ടിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന്റെ വിശദാംശങ്ങൾ സമർപ്പിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.

വാക്സിൻ സ്വീകരിച്ചയാളിൽ തിരിച്ചറിയാനാകാത്ത രോഗം കണ്ടെത്തിയതോടെ നിർത്തിവെച്ച പരീക്ഷണം വീണ്ടും തുടങ്ങാൻ സാഹചര്യമൊരുങ്ങിയത് വാക്സിന്‍ പരീക്ഷണം സുരക്ഷിതമാണെന്ന യുകെ മെഡിക്കൽ ഹെൽത്ത് റെഗുലേറ്ററി അതോറിറ്റി (എംഎച്ച്ആർഎ) യുടെ സാക്ഷ്യപ്പെടുത്തലോടെയാണ്. ഒരു വിദഗദ്ധസമിതിയെ ഇക്കാര്യം പരിശോധിക്കാനായി നിയോഗിച്ചിരുന്നു. ഇവരുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് എംഎച്ച്ആർഎ ഈ തീരുമാനമെടുത്തത്. ജൂലൈ 20നാണ് ഓക്സ്ഫഡ് ആദ്യം കോവിഡ് വാക്സിന്‍ വികസിപ്പിച്ചെടുത്തത്. ഈ വർഷം അവസാനത്തോടു കൂടിയോ ജനുവരി ആദ്യത്തിലോ വാക്സിൻ വിപണിയിലെത്തുമെന്ന പ്രതീക്ഷയാണ് ഓക്സ്ഫോഡ് വാക്സിൻ നൽകിയിരുന്നത്.

യുഎസ്സിൽ മാത്രം 30,000 പേരെയാണ് വളന്റിയർമാരായി എൻറോൾ ചെയ്തിരുന്നത്. ബ്രസീലിലും സൌത്താഫ്രിക്കയിലും ചെറിയ ഗ്രൂപ്പ് വളന്റിയർമാരിൽ പരീക്ഷണം നടത്തിയിരുന്നു. കൊറോണവൈറസ് മനുഷ്യകോശങ്ങളിൽ പ്രവേശിക്കാനുപയോഗിക്കുന്ന പ്രോട്ടീനിന്റെ സമാനരൂപം നിർമിക്കുകയാണ് ഓക്സ്ഫോഡ് വാക്സിൻ ചെയ്യുക. വാക്സിനേഷനു ശേഷം ഈ പ്രോട്ടീൻ ശരീരത്തിൽ സൃഷ്ടിക്കപ്പെട്ടാൽ കൊറോണവൈറസ്സിന്റെ ആക്രമണത്തെ ചെറുക്കാനുള്ള പ്രതിരോധശേഷി കൈവരിക്കപ്പെടും.

Next Story

Related Stories