TopTop
Begin typing your search above and press return to search.

ഡൊണാള്‍ഡ് ട്രംപ് വീണ്ടും കുറ്റമുക്തന്‍; ഇംപീച്ച്‌മെന്റ് പ്രമേയം സെനറ്റ് 57-43 വോട്ടിന് തള്ളി

ഡൊണാള്‍ഡ് ട്രംപ് വീണ്ടും കുറ്റമുക്തന്‍; ഇംപീച്ച്‌മെന്റ് പ്രമേയം സെനറ്റ് 57-43 വോട്ടിന് തള്ളി

യുഎസ് മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രണ്ടാം തവണയും ഇംപീച്ച്‌മെന്റ് നടപടിയില്‍നിന്നും രക്ഷപെട്ടു. ജനുവരി ആറിന് ക്യാപിറ്റോള്‍ ആക്രമണത്തിന് ജനക്കൂട്ടത്തെ പ്രേരിപ്പിച്ചെന്ന ആരോപണത്തില്‍ ട്രംപിനെ ഇംപീച്ച് ചെയ്യാനുള്ള പ്രമേയം 57-43 വോട്ടിന് സെനറ്റ് തള്ളി.

ഭരണകൂടത്തിനെതിരെ മനപൂര്‍വം അക്രമത്തിന് പ്രേരിപ്പിച്ചെന്നതായിരുന്നു ട്രംപിനെതിരായ കുറ്റാരോപണം. സെനറ്റ് ചര്‍ച്ച ചെയ്ത പ്രമേയം പാസാകാന്‍ 100 അംഗ സെനറ്റില്‍ 67 വോട്ടുകളാണ് (മൂന്നില്‍ രണ്ട് ഭൂരിപക്ഷം) വേണ്ടിയിരുന്നത്. എന്നാല്‍, വിചാരണക്കുശേഷം നടന്ന വോട്ടെടുപ്പില്‍ 50 ഡെമോക്രാറ്റിക് അംഗങ്ങള്‍ക്കൊപ്പം ഏഴ് റിപ്പബ്ലിക്കന്‍ അംഗങ്ങള്‍ മാത്രമാണ് പ്രമേയത്തെ അനുകൂലിച്ചത്. ഇരുപാര്‍ട്ടികള്‍ക്കും തുല്യ (50-50) പങ്കാളിത്തമുള്ള സെനറ്റില്‍ പ്രമേയം പാസാക്കാനാവില്ലെന്ന കാര്യം ഉറപ്പായിരുന്നു. എന്നാല്‍, ക്യാപിറ്റോള്‍ ആക്രമണത്തെത്തുടര്‍ന്ന് റിപ്പബ്ലിക്കന്‍ അംഗങ്ങളിലുണ്ടായ ട്രംപ് വിരുദ്ധ വികാരം മുതലെടുക്കാമെന്നായിരുന്നു ഡെമോക്രാറ്റിക് നേതൃത്വത്തിന്റെ കണക്കുക്കൂട്ടല്‍. എന്നാല്‍ റിച്ചാഡ് ബര്‍, ബില്‍ കാസിഡി, സൂസന്‍ കോളിന്‍സ്, ലിസ മര്‍കോവ്‌സ്‌കി, മിറ്റ് റോംനി, ബെന്‍ സാസെ, പാറ്റ് ടൂമി എന്നീ റിപ്പബ്ലിക്കന്‍ അംഗങ്ങള്‍ മാത്രമാണ് ട്രംപിനെതിരെ നിലപാടെടുത്തത്. മറ്റു റിപ്പബ്ലിക്കന്‍ അംഗങ്ങള്‍ പ്രമേയത്തെ എതിര്‍ത്തും വോട്ട് ചെയ്തു. ജോ ബൈഡന്റെ തെരഞ്ഞെടുപ്പ് വിജയം അംഗീകരിക്കാതെ അതിനെ അട്ടിമറിക്കാനുള്ള അവസാന നീക്കത്തിന്റെ ഭാഗമായിട്ടായിരുന്നു ക്യാപിറ്റോള്‍ ആക്രമണം.

നേരത്തെ, അധികാര ദുര്‍വിനിയോഗത്തിന്റെ പേരില്‍ ട്രംപിനെതിരെ ഇംപീച്ച്‌മെന്റ് പ്രമേയം കൊണ്ടുവന്നിരുന്നു. ഡെമോക്രാറ്റിക് നേതാവ് ജോ ബൈഡനെതിരെ കേസ് അന്വേഷണത്തിന് ഉത്തരവിടാന്‍ യുക്രെയ്ന്‍ പ്രസിഡന്റുമായി ഗൂഢാലോചന നടത്തിയെന്നായിരുന്നു ആരോപണം. ജനപ്രതിനിധി സഭ പ്രമേയം പാസാക്കിയെങ്കിലും സെനറ്റ് ട്രംപിനെ കുറ്റവിമുക്തനാക്കിയിരുന്നു. ഇതോടെ, രണ്ടുതവണ ഇംപീച്ച്‌മെന്റ് നേരിടുകയും കുറ്റവിമുക്തനാക്കപ്പെടുകയും ചെയ്ത യുഎസ് പ്രസിഡന്റ് എന്ന ഖ്യാതിയും ട്രംപിന് സ്വന്തം.


Next Story

Related Stories