TopTop
Begin typing your search above and press return to search.

ചൈനയ്ക്കതിരെ വീണ്ടും ട്രംപ്, ലാബില്‍നിന്നാണ് കൊറോണ വൈറസ് ഉണ്ടായതെന്ന് സ്ഥാപിക്കാന്‍ രഹസ്യാന്വേഷണ ഏജന്‍സിയ്ക്ക് മേല്‍ സമ്മര്‍ദ്ദം

ചൈനയ്ക്കതിരെ വീണ്ടും ട്രംപ്, ലാബില്‍നിന്നാണ് കൊറോണ വൈറസ് ഉണ്ടായതെന്ന് സ്ഥാപിക്കാന്‍ രഹസ്യാന്വേഷണ ഏജന്‍സിയ്ക്ക് മേല്‍ സമ്മര്‍ദ്ദം

കൊറോണ വൈറസ് ചൈനയിലെ ലാബില്‍ സൃഷ്ടിക്കപ്പെട്ടതാണെ വാദവുമായി അമേരിക്കന്‍ ഭരണകൂടം വീണ്ടും. പ്രസിഡന്റ് ട്രംപിന്റെയും വിദേശകാര്യ സെക്രട്ടറി മൈക്ക് പെന്‍സിന്റെയും അവകാശവാദങ്ങള്‍ അമേരിക്കയിലെ രഹസ്യാന്വേഷണ ഏജന്‍സികള്‍ തള്ളി കളഞ്ഞിരുന്നു. എന്നാല്‍ ചൈനയില്‍ മനുഷ്യ നിര്‍മ്മിതമാണ് വൈറസ് എന്ന തങ്ങളുടെ വാദം തെളിയിക്കാന്‍ ഉതകുന്ന തരത്തിലുളള തെളിവുകള്‍ കൊണ്ടുവരാന്‍ ഏജന്‍സിക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തുകയാണ് സര്‍ക്കാര്‍ എന്ന ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

ചൈനയ്‌ക്കെതിരായ നീക്കം ശക്തമാക്കാനാണ് ട്രംപ് ഭരണകൂടം തീരുമാനിച്ചിട്ടുള്ളതെന്നാണ് സൂചന. ഇതിന്റെ ഭാഗമായി ചൈനയ്‌ക്കെതിരെ സ്വീകരിക്കേണ്ട നടപടികള്‍ സ്വീകിരിക്കാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ വൈറ്റ് ഹൗസില്‍ യോഗം ചേരുകയാണെന്ന് വാഷിംങ്ടണ്‍ പോസ്റ്റും റിപ്പോര്‍ട്ട് ചെയ്തു. കൊറോണ വൈറസ് വ്യാപനം തുടങ്ങിയതിന്റെ ആദ്യഘട്ടത്തില്‍ മുതല്‍ ട്രംപ് ചൈനയ്‌ക്കെതിരെ ആരോപണം ഉന്നയിച്ചിരുന്നു. എന്നാല്‍ ഒരു ഘട്ടത്തിലും ഇതിന് അമേരിക്കന്‍ ഏജന്‍സികള്‍ തെളിവുകള്‍ ഹാജരാക്കിയിരുന്നില്ല. പിന്നീട് ഒരു ഘട്ടത്തില്‍ ചൈനയ്ക്കതിരെ ആരോപണം ഉന്നയിക്കുന്നത് ട്രംപ് നിര്‍ത്തിവെയ്ക്കുകയും ചെയ്തു. ചൈനീസ് പ്രസിഡന്റ് ഷീ ജെന്‍ പിങ്ങ് ട്രംപുമായി മാര്‍ച്ചില്‍ സംസാരിച്ചതിനെ തുടര്‍ന്നായിരുന്നു ഇത്. എന്നാല്‍ അടുത്ത കാലത്തായി വീണ്ടും ആരോപണം ഉന്നയിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം റോയ്‌ട്ടേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ തന്നെ തോല്‍പ്പിക്കാനാണ് ചൈന ശ്രമിക്കുന്നതെന്ന് ആരോപിച്ചിരുന്നു. ജോ ബൈഡനെ ജയിപ്പിക്കാന്‍ വേണ്ടി ചൈന ശ്രമിക്കുകയാണെന്നും വ്യാപാര കരാറും ചൈനയ്‌ക്കെതിരെ സ്വീകരിച്ച മറ്റ് ശക്തമായ നടപടികളുമാണ് ഇതിന് കാരണമെന്നുമായിരുന്നു ട്രംപിന്റെ വാദം. വൈറ്റ് ഹൗസിന്റെ വാദം തള്ളുന്ന സമീപനമാണ് അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സി ഇതുവരെ സ്വീകരിച്ചത്. കഴിഞ്ഞ ദിവസം ഡയറക്ടര്‍ ഓഫ് നാഷണല്‍ ഇന്റലിജന്‍സ് പുറത്തിറക്കിയ പ്രസ്താവനയില്‍ ഇങ്ങനെ പറഞ്ഞു: കോവിഡ് 19 വൈറസ് മനുഷ്യനിര്‍മ്മിതമോ, ജനിതകമായി മാറ്റം വരുത്തി സൃഷ്ടിക്കപ്പെട്ടതോ അല്ലെന്ന ശാസ്ത്ര സമൂഹത്തിന്റെ നിലപാടിനൊട് രഹസ്യാന്വേഷണ വിഭാഗം യോജിക്കുകയാണ്. പുതുതായി പുറത്തുവരുന്ന വിവരങ്ങളുടെയും സൂചനകളുടെയും അടിസ്ഥാനത്തില്‍ വുഹനാലെ ലാബില്‍നിന്നാണോ അതോ വന്യ മൃഗങ്ങളില്‍നിന്നാണോ വൈറസ് ബാധ ആരംഭിച്ചതെന്ന കാര്യം തുടര്‍ന്നും പരിശോധിക്കും' നേരത്തെയുണ്ടായ വൈറസുകളെ പോലെ, വന്യ മൃഗങ്ങളില്‍നിന്നാണ് കൊറണയും മനുഷ്യരിലേക്ക് പടര്‍ന്നതെന്നാണ് ശാസ്ത്ര സമൂഹവും കരുതുന്നത്. വൈറസ് ബാധ ഉണ്ടായതു മുതല്‍ അത് ഫലപ്രദമായി തടയാനോ മുന്നറിയിപ്പുകള്‍ നല്‍കാനോ ചൈന തയ്യാറായില്ലെന്ന് നേരത്തെ മുതല്‍ ട്രംപ് ആരോപിക്കുന്നതാണ്. വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ പറഞ്ഞത് ചൈന ലോകാരോഗ്യ സംഘടനയില്‍നിന്ന് ചൈന വിവരങ്ങള്‍ മറച്ചുവെച്ചുവെന്നാണ്. എന്നാല്‍ ചൈന സ്വീകരിച്ച നിലപാടുകളെ പിന്തുണയ്ക്കുന്ന സമീപനമാണ് ലോകാരോഗ്യ സംഘടന സ്വീകരിച്ചത്. വൈറസ് വ്യാപനത്തിന്റെ തുടക്കത്തെ കുറിച്ച് അന്താരാഷ്ട്ര അന്വേഷണം വേണമെന്ന ആവശ്യത്തോട് ചൈന ഇതുവരെ അനുകൂലമായല്ല പ്രതികരിച്ചത്. അത്തരം അന്വേഷണം നടത്തേണ്ടത് ലോകാരോഗ്യ സംഘടനയാണെന്നാണ് ചൈനീസ് വാദം. എന്നാല്‍ ലോകാരോഗ്യ സംഘടന ചൈന അനുകൂല നിലപാടാണ് സ്വീകരിക്കുന്നതെന്ന് ആരോപിച്ച് ആ സംഘടനയ്ക്കുള്ള സാമ്പത്തിക സഹായം നല്‍കുന്നത് ട്രംപ് ഭരണകൂം നിര്‍ത്തിവെച്ചിരിക്കയാണ്. വൈറസ് വ്യാപനത്തെക്കുറിച്ച് അന്വേഷണം വേണമെന്ന് ആവശ്യം അമേരിക്കയ്ക്ക് പുറമെ ഓസ്‌ത്രേലിയ, ന്യൂസിലാന്റ് തുടങ്ങിയ രാജ്യങ്ങളും ഉന്നയിച്ചിരുന്നു. ഓസ്‌ത്രേലിയന്‍ ഉത്പന്നങ്ങള്‍ ബഹിഷ്‌ക്കരിക്കുമെന്നായിരുന്നു ഇതിന് ചൈനയുടെ മറുപടി. വൈറസിന്റെ ഉത്ഭവത്തെക്കുറിച്ച് രാഷ്ട്രീയ പ്രേരിതമായ അന്വേഷണമല്ല, മറിച്ച് ശാസ്ത്രീയമായ പഠനങ്ങളാണ് വേണ്ടതെന്നും അത് നടത്തേണ്ടത് ലോകാരോഗ്യ സംഘടനയുമാണെന്നുമുള്ള നിലപാടുമാണ് ചൈന സ്വീകരിച്ചത്. എന്നാല്‍ ഇത്തരം അന്വേഷണം നടത്താനുള്ള ശേഷിയോ ആര്‍ജ്ജവമോ ലോകാരോഗ്യ ,സംഘടനയ്ക്ക് ഇല്ലെന്ന് ചൈനീസ് നടപടിയെ വിമര്‍ശിക്കുന്നവര്‍ പറയുന്നു. ചൈനയ്‌ക്കെതിരെ വിമര്‍ശനം ഉന്നയി്ക്കുന്നവര്‍ ഇപ്പോഴും അവര്‍ ലോക പോലീസാണെന്ന ധാരണയിലാണെന്ന് ബ്രിട്ടനിലെ ചൈനീസ് അംബാസിഡര്‍ ലിയു ക്‌സിയാമിങ് പറഞ്ഞു. ചൈന ഇപ്പോള്‍ അര്‍ദ്ധ കൊളോണിയല്‍ രാജ്യമല്ല. ഇത് 21-ാം നൂറ്റാണ്ടിന്റെ മൂന്നാം ദശകമാണ്. ചിലർക്ക് അത് മനസ്സിലാകുന്നില്ല. ചൈനയെ ഭയപ്പെടുത്തി നിര്‍ത്താമെന്നാണ് ചിലര്‍ കണക്കുകൂട്ടുന്നതെന്നും അദ്ദേഹം ആരോപിച്ചു. എന്തുകൊണ്ട് കൊറോണ വൈറസിനെ ആദ്യ ഘട്ടത്തില്‍ തന്നെ തളയ്ക്കാന്‍ കഴിഞ്ഞില്ലെന്ന കാര്യം അന്വേഷിക്കണമെന്നായിരുന്നു ബ്രീട്ടീഷ് വിദേശകാര്യ വകുപ്പിന്റെ നിലപാട്


Next Story

Related Stories