TopTop

ഈസ്റ്റര്‍ 'സ്പെഷ്യലാ'ണ് ട്രംപിന്, കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയാല്‍ ഫലം മാരകമെന്ന് വിദഗ്ധര്‍

ഈസ്റ്റര്‍

കോവിഡ്-19 ഭീഷണിയെത്തുടർന്ന് യു.എസ് ഭരണകൂടം കൊണ്ടുവന്ന നിയന്ത്രണങ്ങൾ വൈകാതെ നീക്കിയേക്കുമെന്ന് ട്രംപ് തന്നെ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. വരുന്ന ഈസ്റ്ററോടെ (ഏപ്രിൽ 12) ഇപ്പോൾ ഏർപ്പെടുത്തിയ സാമൂഹിക അകലം പാലിക്കൽ ചട്ടങ്ങൾ അവസാനിപ്പിക്കാനാണ് പദ്ധതി എന്നാണ് സൂചന. കൊറോണ വൈറസിനെതിരായ പോരാട്ടത്തിൽ നിർണ്ണായകമായ ഇത്തരം ശ്രമങ്ങൾ മാസങ്ങളോളം തുടരേണ്ടി വരുമെന്ന് വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുമ്പോഴാണ് ട്രംപ് മറിച്ചൊരു തീരുമാനം എടുക്കുന്നത്. 'അത് ഭയങ്കര സമയമാണ്' എന്നാണ് അദ്ദേഹം പറയുന്നത്.

ആരോഗ്യ വിദഗ്ധർ നൽകുന്ന നിർദേശമനുസരിച്ച് സാമൂഹിക അകലം പാലിക്കൽ മാസങ്ങളോളം തുടരേണ്ടി വരുമെന്ന് ട്രംപ് നേരത്ത നടത്തിയ പത്രസമ്മേളനങ്ങളിലെല്ലാം ആവർത്തിച്ചു പറഞ്ഞിരുന്നു. എന്നാൽ 'അമേരിക്ക താമസിയാതെ പഴയ നിലയിലേക്ക് തിരിച്ചു വരുമെന്നാണ്' അദ്ദേഹം തിങ്കളാഴ്ച നടത്തിയ പത്രസമ്മേളനത്തിൽ പറഞ്ഞത്. 'വളരെ പെട്ടെന്ന്. ചിലർ നിർദേശിക്കുന്ന മൂന്നോ നാലോ മാസത്തേക്കാൾ വളരെ പെട്ടെന്ന്. ചികിത്സയെ രോഗത്തേക്കാൾ മോശമാക്കാൻ അനുവദിക്കില്ല' എന്നാണ് അദ്ദേഹം പറയുന്നത്. എന്നാൽ സാമൂഹിക അകലം പാലിക്കുന്നത് ആഴ്ചകൾക്കുള്ളിൽ അവസാനിപ്പിക്കാനുള്ള തീരുമാനം ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് വിദഗ്ദ്ധർ വ്യക്തമാക്കുന്നു.

റെസ്റ്റോറന്റുകൾ, സ്റ്റോറുകൾ തുടങ്ങി സകല വ്യാപാര സ്ഥാപനങ്ങളും അടയ്ക്കുകയോ കുറയുകയോ ചെയ്യുന്നതിലൂടെയും അമേരിക്കക്കാർ കഴിയുന്നത്ര വീട്ടിൽ തന്നെ തുടരാൻ ആവശ്യപ്പെടുന്നതിനാലും സാമൂഹികമായ അകലം പാലിക്കാനുള്ള ശ്രമങ്ങൾ സമ്പദ്‌വ്യവസ്ഥയിൽ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെ കുറിച്ചാണ് ട്രംപ് കൂടുതൽ ആശങ്കാകുലനാകുന്നത്. 'തീർച്ചയായും, ലക്ഷക്കണക്കിന് അല്ലെങ്കിൽ ദശലക്ഷക്കണക്കിന് ആളുകൾ മരിക്കുന്നത് മോശമായിരിക്കും, എന്നാൽ, എല്ലാറ്റിനുമുപരിയായി, നമ്മുടെ സമ്പദ്‌വ്യവസ്ഥയെ സംബന്ധിച്ചിടത്തോളം വൈറസിനെതിരായ പോരാട്ടത്തിൽ എത്രയും പെട്ടെന്ന് വിജയം കൈവരിച്ചു സാധാരണ നിലയിലേക്ക് തിരിച്ചുവരുക എന്നതാണെന്ന്' ട്രംപ് പറയുന്നു.

അതേസമയം, കാര്യങ്ങൾ എത്രത്തോളം ട്രംപ് പറയുന്നത് പോലെ നടക്കുമെന്നത് വ്യക്തമല്ല. കാരണം, ലോക്ക് ഡൗൺ മുതൽ കർഫ്യൂ വരെയുള്ള യഥാർത്ഥ നയമാറ്റത്തിന്റെ ഭൂരിഭാഗവും നിശ്ചയിക്കുന്നത് പ്രാദേശിക-സംസ്ഥാന ഭരണകൂടങ്ങളാണ്. അവിടെ ട്രംപിന് കാര്യമായ നിയന്ത്രണങ്ങൾ ഇല്ല. എന്നാൽ പ്രാദേശിക നേതാക്കളും സ്വകാര്യ വ്യക്തികളും ട്രംപിന്റെ മാർഗനിർദേശങ്ങൾ പിന്തുടരാൻ പോയാൽ കാര്യങ്ങൾ കൈവിട്ടുപോയേക്കും.

ഇതിനിടെ അമേരിക്ക കോവിഡ് മഹാമാരിയുടെ മുഖ്യ കേന്ദ്രമായി മാറിയേക്കാമെന്ന സൂചന നല്‍കി ലോകാരോഗ്യ സംഘടന രംഗത്തെത്തിക്കഴിഞ്ഞു. കഴിഞ്ഞ 24 മണിക്കൂറില്‍ റിപ്പോര്‍ട്ട് ചെയ്ത കേസുകളില്‍ ഭൂരിഭാഗവും യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും അമേരിക്കയില്‍ നിന്നുമാണ്. നിരവധി രാജ്യങ്ങള്‍ കൊറോണ വൈറസിന്റെ വ്യാപനം തടയാന്‍ കടുത്ത നടപടികള്‍ കൈക്കൊള്ളുമ്പോള്‍ ഡൊണാള്‍ഡ് ട്രംപ് ഗവണ്‍മെന്‍റ് എടുക്കുന്ന നടപടികളില്‍ പൂര്‍ണ്ണ തൃപ്തരല്ല ഡബ്ല്യു എച്ച് ഒ എന്നാണ് സംഘടനയുടെ വക്താവിന്റെ ഇന്നലത്തെ പ്രസ്താവന സൂചിപ്പിക്കുന്നത്. നിലവില്‍ രോഗ ബാധിതരുടെ എന്നതില് മൂന്നാം സ്ഥാനത്താണ് അമേരിക്ക. 53,287 പേര്‍ക്കാണ് രാജ്യത്ത് രോഗം ബാധിച്ചിരിക്കുന്നത്. ഇതുവരെ 689 പേര്‍ മരിച്ചിട്ടുണ്ട്. ഇന്നലെ മാത്രം 136 പേര്‍ യു എസില്‍ മരിച്ചു.


Next Story

Related Stories