TopTop
Begin typing your search above and press return to search.

സൂയസ് കനാലില്‍ കുടുങ്ങിയ എവര്‍ ഗിവണിന്റെ കുരുക്കഴിഞ്ഞിട്ടില്ല; ഭീമന്‍ ചരക്ക് കപ്പല്‍ പിടിച്ചെടുത്ത് ഈജിപ്ത്

സൂയസ് കനാലില്‍ കുടുങ്ങിയ എവര്‍ ഗിവണിന്റെ കുരുക്കഴിഞ്ഞിട്ടില്ല; ഭീമന്‍ ചരക്ക് കപ്പല്‍ പിടിച്ചെടുത്ത് ഈജിപ്ത്

ദിവസങ്ങളോളം സൂയസ് കനാലില്‍ ചരക്ക് നീക്കത്തിന് തടസമായി കുടുങ്ങി കിടന്ന ചരക്ക് കപ്പലായ എവര്‍ ഗിവണ്‍ സൂയസ് കനാല്‍ അതോറിറ്റി പിടിച്ചെടുത്തുവെന്ന് റിപോര്‍ട്ട്. കാറ്റില്‍പെട്ട് മണല്‍തിട്ടയിലമര്‍ന്നതോടെയാണ് മറ്റ് കപ്പലുകള്‍ക്ക് തടസമായി എവര്‍ ഗിവണ്‍ കുടുങ്ങി കിടന്നത്. കുരുക്കഴിച്ചിട്ട് രണ്ടാഴ്ച കഴിഞ്ഞെങ്കിലും ലക്ഷ്യത്തിലേക്ക് യാത്ര ചെയ്യാന്‍ കപ്പലിന് ഇനിയും കാത്തിരിക്കണം.

ആഴ്ചകള്‍ക്ക് മുമ്പ് സൂയസ് കനാലില്‍ തടസം സൃഷ്ടിച്ച ഭീമന്‍ ചരക്ക് കപ്പല്‍ പിടിച്ചെടുത്ത ഈജിപ്ത് നഷ്ടപരിഹാരമായി 900 മില്യണ്‍ യുഎസ് ഡോളര്‍ അടയ്ക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്. കനാല്‍ അതോറിറ്റി മേധാവി ഒസാമ റാബിയെ ഉദ്ധരിച്ച് ഈജിപ്തിലെ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

കപ്പലിനെ വീണ്ടും ചലിപ്പിക്കാനായി നടത്തിയ രക്ഷാപ്രവര്‍ത്തനത്തിന്റെ ചിലവ്, കനാലില്‍ ഗതാഗതം തടസപ്പെട്ട ദിവസങ്ങളിലെ നഷ്ടപരിഹാരം തുടങ്ങിയവ ഉള്‍ക്കൊള്ളിച്ചാണ് 900 മില്യണ്‍ ഡോളര്‍ നല്‍കാന്‍ കനാല്‍ അതോറിറ്റി ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ ഇത്രയുംദിവസമായിട്ടും കപ്പല്‍ ഉടമകള്‍ പണമടച്ചില്ലെന്നും അതിനാലാണ് ഔദ്യോഗികമായി കപ്പല്‍ പിടിച്ചെടുത്തെതെന്നുമാണ് കനാല്‍ അതോറിറ്റി മേധാവിയുടെ വിശദീകരണം. തിങ്കളാഴ്ചയാണ് ഇസ്മായിലിയയിലെ കോടതി കപ്പല്‍ പിടിച്ചെടുക്കാനുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. പിന്നാലെ ഇക്കാര്യം കപ്പലിലെ ജീവനക്കാരെ അധികൃതര്‍ അറിയിക്കുകയും ചെയ്തു. അതേസമയം, നഷ്ടപരിഹാര തുക സംബന്ധിച്ച് കനാല്‍ അതോറിറ്റിയും കപ്പല്‍ ഉടമകളും ഇന്‍ഷുറന്‍സ് കമ്പനിയും തമ്മില്‍ ഇപ്പോഴും ചര്‍ച്ചകള്‍ തുടരുകയാണ്. മാര്‍ച്ച് 23 ന് സൂയസ് പട്ടണത്തിനരികെ എവര്‍ ഗിവണ്‍ മണലില്‍ കുടുങ്ങിയതോടെ സൂയസ് കനാല്‍ വഴിയുള്ള ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു. ദക്ഷിണ ഭാഗത്തെ പ്രവേശനഭാഗത്തുനിന്ന് ആറു കിലോമീറ്റര്‍ മാത്രം അകലെയായിരുന്നു സംഭവം. ഗതാഗതം നിലച്ചതോടെ വ്യാപാരമേഖലയില്‍ കോടിക്കണക്കിന് രൂപയുടെ നഷ്ടമാണുണ്ടായത്.

അതേസമയം സമാന സാഹചര്യത്തില്‍ മറ്റു കപ്പലുകളും കനാലിലുണ്ടായിരുന്നിട്ടും അപകടമില്ലാതെ മറുതീരം കടന്നിരിക്കെ, 'എവര്‍ഗിവണ്‍' മാത്രം കുടുങ്ങാന്‍ കാരണം തേടി സര്‍ക്കാര്‍ പ്രത്യേക അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അനുവദിച്ചതിനെക്കാള്‍ വേഗത്തിലായിരുന്നു കപ്പല്‍ കനാലില്‍ സഞ്ചരിച്ചതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. കാറ്റു പിടിക്കാന്‍ ഇതു കാരണമായിട്ടുണ്ടാകുമെന്നാണ് സംശയം.


Next Story

Related Stories