യുഎസ് തിരഞ്ഞെടുപ്പിന്റെ നിര്‍ണായകമായ രണ്ടാം ഘട്ടത്തിലും വിജയിച്ച് ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ജോ ബൈഡന്. തിങ്കളാഴ്ച നടന്ന ഇലക്ടറല്‍ കോളേജ് വോട്ടെടുപ്പില്‍ 306 വോട്ടുകളാണ് ബൈഡന് നേടിയത്. അതേസമയം, റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിന് 232 വോട്ടുകളാണ് ലഭിച്ചത്. 538 അംഗങ്ങളുള്ള ഇലക്ടറല്‍ കോളേജ് വോട്ടെടുപ്പില്‍ ജയിക്കാന്‍ 270 വോട്ടുകളാണ് വേണ്ടിയിരുന്നത്. ജനകീയ വോട്ടുകള്‍ക്കു പിന്നാലെ ഇലക്ടറല്‍ വോട്ടിലും പരാജയപ്പെട്ടതോടെ തിരഞ്ഞെടുപ്പില്‍ അട്ടിമറി നടന്നെന്ന ട്രംപിന്റെ അവകാശവാദങ്ങളും പൊളിഞ്ഞിരിക്കുകയാണ്. തിരഞ്ഞെടുപ്പ് ഫലത്തെ നിയമപരമായി നേരിടാനുള്ള ട്രംപിന്റെയും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെയും നീക്കങ്ങള്‍ സുപ്രീംകോടതിയും തള്ളിയിരുന്നു. ഇതോടെ, പരാജയം അംഗീകരിക്കുകയല്ലാതെ മറ്റു വഴികളൊന്നും ട്രംപിനു മുന്നിലില്ല.
അമേരിക്കയുടെ ആത്മാവിനുവേണ്ടിയുള്ള പോരാട്ടത്തില്‍ ജനാധിപത്യം വിജയിച്ചിരിക്കുന്നു എന്നായിരുന്നു ഇലക്ടറല്‍ കോളേജ് വോട്ടെടുപ്പ് ജയത്തിനു പിന്നാലെ ബൈഡന്റെ പ്രതികരണം. ജനങ്ങളാണ് വോട്ട് ചെയ്തത്. നമ്മുടെ ഭരണസ്ഥാപനങ്ങളില്‍ അവര്‍ക്കുള്ള വിശ്വാസമാണ് അതില്‍ പ്രകടമാകുന്നത്. നമ്മുടെ തിരഞ്ഞെടുപ്പ് പ്രക്രിയയുടെ സമഗ്രതയ്ക്ക് ഭംഗം വരികയില്ല. അത് അങ്ങനെ തന്നെയിരിക്കും. ഇപ്പോള്‍ പേജുകള്‍ മറിയ്ക്കാനുള്ള സമയാണ്. ഒന്നിയ്ക്കാം. സുഖപ്പെടുത്താം-ബൈഡനെ ഉദ്ധരിച്ച് ദി ഗാര്ഡിയന് റിപ്പോര്‍ട്ട് ചെയ്യുന്നു.
ജനകീയ വോട്ടുകളില്‍ ബൈഡന് 51.4 ശതമാനം വോട്ടുകളാണ് (8,12,83,495) നേടിയത്. ട്രംപിന് 46.9 ശതമാനം (7,42,23,755) വോട്ടുകളാണ് ലഭിച്ചത്. ബൈഡന് 306 ഇലക്ടറല്‍ വോട്ടുകളും ട്രംപ് 232 വോട്ടുകളും ഉറപ്പാക്കിയിരുന്നു. അതിനാല്‍, ഇലക്ടറല്‍ കോളേജ് അംഗങ്ങളില്‍ 36-38 അംഗങ്ങള്‍ കൂറു മാറിയെങ്കില്‍ മാത്രമേ ട്രംപിന് സാധ്യതകളുണ്ടായിരുന്നുള്ളൂ. അടുത്തമാസം വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സിന്റെ നേതൃത്വത്തില്‍ ചേരുന്ന കോണ്‍ഗ്രസ് സമ്മേളനത്തിലാണ് വോട്ടെണ്ണലും അന്തിമ ഫലപ്രഖ്യാപനവും നടക്കുക. ജനുവരി 20ന് പുതിയ പ്രസിഡന്റ് സ്ഥാനമേല്‍ക്കും.