Top

സ്ഥാപകരായ ലാറി പേജും സെർജി ബിന്നും പടിയിറങ്ങുന്നു, ഗൂഗിളിന്റെ മാതൃ കമ്പനി ആൽഫബെറ്റിനെ സുന്ദർ പിച്ചൈ നയിക്കും

സ്ഥാപകരായ ലാറി പേജും സെർജി ബിന്നും പടിയിറങ്ങുന്നു, ഗൂഗിളിന്റെ മാതൃ കമ്പനി ആൽഫബെറ്റിനെ സുന്ദർ പിച്ചൈ നയിക്കും

ഗൂഗിളിന്‍റെ ഉപജ്ഞാതാക്കളായ ലാറി പേജും സെര്‍ജി ബ്രിന്നും മാതൃ കമ്പനിയായ ആല്‍ഫബെറ്റില്‍ നിന്നും പടിയിറങ്ങുന്നു. ഗൂഗിളിന്‍റെ സിഇഒ ആയ സുന്ദര്‍ പിച്ചെ ആയിരിക്കും ഇനിമുതല്‍ ആല്‍ഫബെറ്റിന്‍റെയും സിഇഒ. അതോടെ ഗൂഗിളിന്‍റെ ഒരു യുഗമാണ് അവസാനിക്കാന്‍ പോകുന്നത്. ആപ്പിളിന്റെ സ്റ്റീവ് ജോബ്സും, മൈക്രോസോഫ്റ്റിന്റെ ബിൽ ഗേറ്റ്സും പിന്നെ ലാറി പേജും സെര്‍ജി ബ്രിന്നുമാണ് സാങ്കേതിക വ്യവസായത്തിലെ അതികായന്മാര്‍.

1990-കളുടെ രണ്ടാംപകുതിയില്‍ 'ആള്‍ട്ടവി'സ്തയും 'ലൈക്കസു'മൊക്കെ തരംഗങ്ങള്‍ സൃഷ്ടിക്കുന്ന കാലത്താണ് സെര്‍ജി ബ്രിന്നും ലാറി പേജും സ്റ്റാൻഫോർഡില്‍ കമ്പ്യൂട്ടര്‍ സയന്‍സില്‍ പി.എച്ച്.ഡിക്ക് ചേരുന്നത്. 1995-ല്‍ ഒരു തര്‍ക്കത്തിനിടെ ഇരുവരും പരിചയപ്പെട്ടു. രണ്ടുപേരും തര്‍ക്കം തുടര്‍ന്നു. അവസാനമില്ലാത്ത ആ തര്‍ക്കങ്ങളില്‍നിന്നാണ് ഇന്നുനാം കാണുന്ന ഗൂഗിള്‍ പിറവിയെടുക്കുന്നത്.

ഇന്റര്‍നെറ്റിലെ കമ്പ്യൂട്ടര്‍ നോഡുകളും, വേള്‍ഡ് വൈഡ് വെബ്ബിലെ ലിങ്കുകളും വിശകലനം ചെയ്തുകൊണ്ടാണ് തുടക്കം. ലിങ്കുകളെ വിശകലനം ചെയ്യുക വഴി ഒരു സൈറ്റിന്റെ പ്രധാന്യം മനസിലാക്കാന്‍ സഹായിക്കുന്ന ആല്‍ഗരിതം രൂപപ്പെടുത്തലായിരുന്നു അടുത്തഘട്ടം. 'ബാക്ക്‌റബ്ബ്' എന്ന പേരില്‍ സെര്‍ച്ച്എഞ്ചിന്‍ അവര്‍ അവതരിപ്പിച്ചു. അധികം വൈകാതെ അതിന്‍റെ പേര് ഗൂഗിള്‍ എന്നാക്കിമാറ്റി. അതുവരെ രംഗത്തെത്തിയ സെര്‍ച്ച് എഞ്ചിനുകളൊക്കെ വെറും 'കീവേര്‍ഡു'കളെ മാത്രം ആശ്രയിച്ച് സെര്‍ച്ച് ഫലങ്ങള്‍ നല്‍കുന്നവയായിരുന്നു. പ്രസക്തവും അപ്രസക്തവുമായ ഫലങ്ങള്‍ കൂടിക്കുഴഞ്ഞ നിലയ്ക്കുള്ള ഫലമാണ് കിട്ടിയിരുന്നത്. എന്നാല്‍, സെര്‍ച്ച് ചെയ്യുന്നവര്‍ക്ക് ഏറ്റവും പ്രസക്തമായ സെര്‍ച്ച്ഫലങ്ങള്‍ ആദ്യം കിട്ടുമെന്നതായിരുന്നു ഗൂഗിളിന്‍റെ പ്രത്യേകത.

സെര്‍ച്ചിനെ സംബന്ധിച്ചിടത്തോളം അതൊരു വിപ്ലവമായിരുന്നു. ഗൂഗിളിന് ശേഷം ഒരിക്കലും സെര്‍ച്ച് പഴയതുപോലെ ആയില്ല. തങ്ങള്‍ രൂപപ്പെടുത്തിയ ആ സാങ്കേതികവിദ്യയ്ക്ക് ലോകത്തെ മാറ്റിമറിക്കാന്‍ കഴിവുണ്ടെന്ന് ലാറിക്കും സെര്‍ജിക്കും ബോധ്യമുണ്ടായിരുന്നു. സ്വാഭാവികമായും ഗൂഗിള്‍ ഒരു കമ്പനിയായി, കോടിക്കണക്കിനാളുകള്‍ക്ക് പ്രയോജനപ്പെടുന്ന, ആയിരക്കണക്കിന് ബിസിനസ് സംരംഭകര്‍ക്കും മറ്റ് മേഖലയിലുള്ളവര്‍ക്കും അനുഗ്രഹമാകുന്ന തരത്തില്‍ ഗൂഗിള്‍ വളര്‍ന്നു. അതിന്‍റെ തലപ്പത്ത് എല്ലാറ്റിനും കാരണക്കാരായി, സാക്ഷികളായി ലാറി പേജും സെര്‍ജി ബ്രിന്നും തെളിഞ്ഞു നിന്നു.

നാലു വര്‍ഷത്തിന് മുകളിലായി ഗൂഗിളിനെ നയിക്കുന്നത് ഇന്ത്യക്കാരനായ സുന്ദര്‍ പിച്ചെയാണ്. കഴിഞ്ഞ കുറച്ച് മാസങ്ങളായി ബ്രിന്നും പേജും കമ്പനി മീറ്റിങുകളില്‍ നിന്നും വിട്ടു നില്‍ക്കുക ആയിരുന്നു. ആല്‍ഫബെറ്റിന്റെ പ്രവര്‍ത്തനം ഇപ്പോള്‍ മികച്ച നിലവാരത്തിലാണെന്നും അതിനാല്‍ പടിയിറങ്ങേണ്ട സമയമായെന്നും ലാറിയും ബ്രിന്നും ബ്ലോഗില്‍ കുറിച്ചിരുന്നു.


Next Story

Related Stories