Top

ലോകം പാരിസ്ഥിതിക അടിയന്തരാവസ്ഥ നേരിടുന്നു , പ്രഖ്യാപനവുമായി യൂറോപ്യന്‍ യൂണിയൻ

ലോകം പാരിസ്ഥിതിക അടിയന്തരാവസ്ഥ നേരിടുന്നു , പ്രഖ്യാപനവുമായി യൂറോപ്യന്‍ യൂണിയൻ

ആഗോള കാലാവസ്ഥാ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചുകൊണ്ട് യൂറോപ്യൻ പാർലമെന്റ് രംഗത്ത്. 2050 ആകുമ്പോഴേക്കും ഹരിതഗൃഹ വാതകങ്ങളുടെ ബഹിർഗമനം പൂർണ്ണമായും ഇല്ലാതാക്കണമെന്ന് ഇ.യു അംഗരാജ്യങ്ങളോട് നിർദേശിക്കുന്നു. പാർലമെന്റിൽ നടന്ന പ്രത്യേക വോട്ടെടുപ്പിലൂടെയാണ് പുതിയ നയം ഇ.യു പാസാക്കിയത്. നേരത്തേ, ലോകം പാരിസ്ഥിതിക അടിയന്തരാവസ്ഥയെ നേരിടുകയാണെന്നും അതിനെ മറികടക്കാന്‍ കൃത്യമായ പദ്ധതികള്‍ വേണമെന്നും 153 രാജ്യങ്ങളില്‍ നിന്നുള്ള പതിനോരായിരം ശാസ്ത്രജ്ഞര്‍ ചേര്‍ന്ന് മുന്നറിയിപ്പ് നൽകിയിരുന്നു.

അതേസമയം, മതിയായ നടപടികളൊന്നും പ്രഖ്യാപിക്കാതെയുള്ള വെറും പ്രഖ്യാപനം മാത്രമാണ് അതെന്ന് പരിസ്ഥിതി പ്രവർത്തകർ പറയുന്നു. നിലവിൽ യൂറോപ്യൻ യൂണിയൻ മുന്നോട്ടുവെക്കുന്ന കാലാവസ്ഥാ ലക്ഷ്യങ്ങളും 2015-ലെ പാരീസ് കാലാവസ്ഥാ കരാറും തമ്മിൽ വലിയ വ്യത്യാസമുണ്ട്.

2050 ഓടെ ആഗോള താപനവര്‍ധന തോത് രണ്ട് ഡിഗ്രി സെല്‍ഷ്യസിലും താഴെയാക്കാനുള്ള തീരുമാനമാണ് പാരീസ് ഉടമ്പടിയുടെ പ്രധാന സവിശേഷത. കാലാവസ്ഥാ വ്യതിയാനം ചെറുക്കാന്‍ ലോകരാഷ്ട്രങ്ങള്‍ കൈക്കൊള്ളുന്ന നടപടികളുടെ പുരോഗതി ഓരോ അഞ്ചുവര്‍ഷം കൂടുമ്പോഴും പുനരവലോകനം ചെയ്യുക താപനിലയിലെ വർധനവ്‌ ക്രമേണ 1.5 ഡിഗ്രി സെൽഷ്യസിലേക്ക്‌ പരിമിതപ്പെടുത്തുക എന്നിവയും പ്രധാന ലക്ഷ്യങ്ങളാണ്. ഈ ഉടമ്പടി അതേപോലെ പ്രാവർത്തികമാക്കാനാണ് ഇപ്പോൾ യൂറോപ്യൻ പാർലമെന്റ് തീരുമാനിച്ചിരിക്കുന്നത്.

2030 ഓടെ ഹരിതഗൃഹ വാതക ബഹിർഗമനം 55 ശതമാനം കുറയ്ക്കുകയെന്ന കടുത്ത ലക്ഷ്യത്തെയാണ് എം‌ഇ‌പിമാർ പിന്തുണയ്ക്കാൻ തീരുമാനിച്ചിരിക്കുന്നത്. നേരത്തെ അത് 40 ശതമാനം ആയിരുന്നു. എന്നാൽ നിലവിലെ സാഹചര്യത്തിൽ അതും അപര്യാപ്തമാണെന്നാണ് ഗ്രീൻ എം.പിമാർ പറയുന്നത്. അതിനിടെ, നിലവിലെ സാഹചര്യത്തെ 'ക്ലൈമറ്റ് എമർജൻസി' എന്നല്ല 'ക്ലൈമറ്റ് അർജൻസി' എന്നാണ് വിളിക്കേണ്ടത് എന്ന വിഷയത്തിൽ യൂറോപ്യൻ പാർലമെന്റിലെ ഏറ്റവും വലിയ പാർട്ടിയായ സെന്റർ-റൈറ്റ് യൂറോപ്യൻ പീപ്പിൾസ് പാർട്ടിയിൽ നിന്നുള്ള എം‌ഇ‌പിമാർക്കിടയിൽ ഭിന്നതയുണ്ടായി. 'എമർജൻസി' എന്ന വാക്ക് ജർമനിയിലെ നാസിക്കാലത്തെ നിയമങ്ങളിൽ നിന്നുള്ളതാണെന്നാണ് അതിനെ എതിർക്കുന്നവർ പറയുന്നത്. ലിബറലുകൾ, സോഷ്യലിസ്റ്റുകൾ, ഗ്രീൻസ്, തീവ്ര ഇടതുപക്ഷം തുടങ്ങിയ ആശയപരമായി വലിയ വിയോജിപ്പുകൾ ഉള്ള പാർട്ടികളെല്ലാം വോട്ടിംഗിനെ പിന്തുണച്ചു എന്നതും ശ്രദ്ധേയമാണ്.


Next Story

Related Stories