ഡൊണാള്‍ഡ് ട്രംപിന്റെ ഫെയ്സ്ബുക്കിനും ഇന്‍സ്റ്റാഗ്രാമിനും ഏര്‍പ്പെടുത്തിയ വിലക്ക് അനിശ്ചിതമായി നീട്ടുന്നതായി ഫേയ്സ്ബുക്ക് സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ്. അമേരിക്കയിലെ പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി. കാപ്പിറ്റോള്‍ മന്ദിരത്തില്‍ അക്രമം നടത്തിയവരെ പിന്തുണച്ചു പോസ്റ്റുകളിട്ടതിനാണ് ട്രംപിന്റെ അക്കൗണ്ടുകള്‍ സസ്പെന്‍ഡ് ചെയ്തത്. പ്രസിഡന്റിന്റെ അധികാര കൈമാറ്റം പൂര്‍ണമാകുന്നതുവരെ വിലക്ക് തുടരുമെന്നും സക്കര്‍ബര്‍ഗ് ഫേയ്സ്ബുക്കില്‍ വ്യക്തമാക്കി. കാപ്പിറ്റോള്‍ അക്രമികളെ 'ഐ ലവ് യൂ' എന്ന് അഭിവാദ്യം ചെയ്ത് ട്രംപ് പോസ്റ്റുകളിട്ടിരുന്നു. വാസ്തവവിരുദ്ധവും പ്രകോപനപരവുമായ 3 ട്വീറ്റുകള്‍ നീക്കം ചെയ്തില്ലെങ്കില്‍ ഭാവിയില്‍ സ്ഥിരമായി വിലക്കുണ്ടാകുമെന്നു ട്വിറ്ററും മുന്നറിയിപ്പു നല്കി.
'ഈ സമയത്ത് പ്രസിഡന്റിന് ഞങ്ങളുടെ സേവനം തുടര്‍ന്നും ലഭ്യമാക്കുന്നതിന്റെ അപകടസാധ്യത വളരെ വലുതാണെന്ന് ഞങ്ങള്‍ വിചാരിക്കുന്നു. അതുകൊണ്ട് അദ്ദേഹത്തിന്റെ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ക്ക് ഇപ്പോള്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിരോധനം അനിശ്ചിതമായോ, അല്ലെങ്കില്‍ അധികാര കൈമാറ്റം നടക്കുംവരെ രണ്ടാഴ്ചത്തേക്കെങ്കിലുമോ നീട്ടുകയാണ്'- സക്കര്‍ബര്‍ഗ് തന്റെ കുറിപ്പില്‍ പറയുന്നു.
ട്രംപിന്റെ സോഷ്യല്‍ മീഡിയയിലെ പ്രതികരണങ്ങള്‍ കൂടുതല്‍ അക്രമങ്ങള്‍ക്ക് ഇടയാക്കുമെന്ന വിലയിരുത്തലിലാണ് അദ്ദേഹത്തിന്റെ പോസ്റ്റുകള്‍ കഴിഞ്ഞ ദിവസംതന്നെ നീക്കംചെയ്തത്. ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട ഒരു സര്ക്കാരിനെതിരേരൂക്ഷമായ കലാപം അഴിച്ചുവിടുന്നതിന് പ്രേരിപ്പിക്കുന്നതിന് ഞങ്ങളുടെ പ്ലാറ്റ്ഫോം ഉപയോഗിക്കുന്നതടക്കമുള്ള കാര്യങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്നും അതാണ് ഇത്തരമൊരു നടപടിയിലേയ്ക്ക് നീങ്ങാന്‍ ഇടയാക്കിയതെന്നും സുക്കര്‍ബര്‍ഗ് ചൂണ്ടിക്കാട്ടുന്നു.