TopTop
Begin typing your search above and press return to search.

'ഫേസ്ബുക്കില്‍ ജോലി ചെയ്യുന്നതില്‍ ലജ്ജ തോന്നുന്നു' ട്രംപിന്റെ പോസ്റ്റ് നീക്കം ചെയ്യാത്ത സുക്കര്‍ബര്‍ഗിന്റെ നടപടിക്കെതിരെ ജീവനക്കാരുടെ പരസ്യ പ്രതിഷേധം

ഫേസ്ബുക്കില്‍ ജോലി ചെയ്യുന്നതില്‍ ലജ്ജ തോന്നുന്നു ട്രംപിന്റെ പോസ്റ്റ് നീക്കം ചെയ്യാത്ത സുക്കര്‍ബര്‍ഗിന്റെ നടപടിക്കെതിരെ ജീവനക്കാരുടെ പരസ്യ പ്രതിഷേധം

അമേരിക്കയെ പിടിച്ചുലയ്ക്കുന്ന കറുത്തവര്‍ഗക്കാരുടെ നീതി തേടിയുള്ള പ്രക്ഷോഭത്തിനെതിരെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സ്വീകരിച്ച സമീപനത്തിന് ഫേസ്ബുക്ക് കൂട്ടുനില്‍ക്കുകയാണെന്ന് ആരോപണം. ഇതുമായി ബന്ധപ്പെട്ട ട്രംപ് ഫേസ്ബുക്കിലിട്ട പോസ്റ്റ് എടുത്തുമാറ്റത്തതില്‍ പ്രതിഷേധിച്ച് ഫേസ്ബുക്ക് ജീവനക്കാര്‍ തന്നെ രംഗത്തെത്തി. എന്നാൽ ജീവനക്കാര്‍ക്ക് പരസ്യമായി അഭിപ്രായം പറയുന്നതില്‍ തെറ്റില്ലെന്ന് ഫേസ്ബുക്ക് പ്രതികരിച്ചു.

ട്രംപിന്റെ പോസ്റ്റ് ആക്രമണത്തിന് പ്രേരണ നല്‍കുന്നതാണെന്ന് മുന്നറിയിപ്പ് ട്വിറ്റര്‍ നല്‍കിയിരുന്നു. എന്നാല്‍ ഫേസ്ബുക്ക് അത്തരം നടപടിയൊന്നുമെടുത്തിരുന്നില്ല. അമേരിക്കിയിലെ പ്രതിഷേധത്തിന്റെ മറവില്‍ കൊള്ളയാണെന്നും കൊള്ള തുടങ്ങുമ്പോള്‍ വെടിവെപ്പും തുടങ്ങുമെന്നുമായിരുന്നു ട്രംപിന്റെ പ്രസ്താവന. ഇത് ആക്രമം വര്‍ധിപ്പിക്കാന്‍ സാധ്യതയുള്ളതാണെന്ന് മുന്നറിയിപ്പോടെയാണ് ട്വിറ്റര്‍ പ്രസിദ്ധീകരിച്ചത്. എന്നാല്‍ പോസ്റ്റിന്റെ ഉള്ളടക്കം ഫേസ്ബുക്കിന്റെ നയങ്ങള്‍ക്കെതിരല്ലെന്നായിരുന്നു ഉടമ മാര്‍ക്ക് സുക്കര്‍ബര്‍ഗിന്റെ പ്രസ്താവന. ട്വിറ്റര്‍ സ്വീകരിച്ച നിലപാടില്‍നിന്ന് തീർത്തും വ്യത്യസ്തമായിരുന്നു സുക്കര്‍ബര്‍ഗിന്റെ സമീപനം. ആക്രമം നടത്തിയാല്‍ വെടിവെപ്പുണ്ടാകുമെന്നത് ഒരു മുന്നറിയിപ്പ് മാത്രമാണെന്നാണ് അദ്ദേഹം പറഞ്ഞത്. അതുകൊണ്ട് തന്നെ അത് നീക്കം ചെയ്യേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ' എവിടെയാണ് അതിര്‍ത്തിരേഖ നിശ്ചയിക്കേണ്ടത് എന്നത് സംബന്ധിച്ച് ഒരോരുത്തര്‍ക്കും വ്യത്യസ്ത അഭിപ്രായം ഉണ്ടാകാം. അതേക്കുറിച്ച് ചര്‍ച്ച നടക്കുന്നതാണ് നല്ലത്. പ്രത്യേകിച്ചും ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് കൂടുതല്‍ പ്രധാന്യമുണ്ടാകുമ്പോള്‍' ഇതായിരുന്നു സുക്കര്‍ബര്‍ഗ് എടുത്ത നിലപാട്. 'പ്രസിഡന്റ് പറഞ്ഞതിനോട് ഞാന്‍ പൂര്‍ണമായി വിയോജിക്കുന്നു. എന്നാല്‍ അതേസമയം അതൊക്കെ ജനങ്ങള്‍ അറിയണം. അവര്‍ക്കാണ് അധികാരത്തിലുളളവരുടെ പ്രസ്താവന നിശിതമായി വിലയിരുത്താന്‍ കഴിയുക' സുക്കര്‍ബര്‍ഗ് പറഞ്ഞു. എന്നാല്‍ ഈ നിലപാടിനോട് ഫേസ്ബുക്കിലെ ജീവനക്കാര്‍ പലരും യോജിച്ചില്ല. അവര്‍ പരസ്യ പ്രസ്താവനയുമായി രംഗത്തെത്തി. 'ട്രംപിന്റെ പ്രസ്താവന നീക്കം ചെയ്യാത്ത ഫേസ്ബുക്കില്‍ ജോലി ചെയ്യുന്നതില്‍ ലജ്ജിക്കുന്നു' ഫേസ്ബുക്കില്ഡ സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍ ആയ ലോറന്‍ താന്‍ എഴുതി. 'നിശബ്ദമാകുകയെന്നതിന് അര്‍ത്ഥം കുറ്റകൃത്യത്തിന് കൂട്ടുനില്‍ക്കുകയെന്നതാണ്.' അദ്ദേഹം തൻ്റെ നിലപാട് മയപ്പെടുത്തിയില്ല.ഡിസൈന്‍ ഹെഡ് ആന്റ്രു ക്രോ നിശിതമായാണ് സുക്കര്‍ബര്‍ഗിന്റെ നിലപാടിനെ എതിര്‍ത്തത്. ' തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കാനും ആക്രമണത്തെ പ്രോല്‍സാഹിപ്പിക്കാനും വേദിയൊരുക്കുന്നത് തെറ്റാണ്. അത് ആരായാലും. മാര്‍ക്കിന്റെ നിലപാടിനൊട് വിയോജിക്കുന്നു.' അദ്ദേഹം പറഞ്ഞു. 45,000 ത്തിലധികം ജീവനക്കാര്‍ ജോലി ചെയ്യുന്ന ഫേസ്ബുക്കില്‍ ഒരു ചെറിയ ശതമാനമാണ് ഇപ്പോള്‍ സുക്കര്‍ബര്‍ഗിന്റെ തീരുമാനത്തിനെതിരെ രംഗത്തുവന്നത്. എന്നാല്‍ ഇതാദ്യമായാണ് സുക്കര്‍ബര്‍ഗിനെതിരെ ഇത്ര പരസ്യമായി വിയോജിപ്പുകള്‍ പ്രകടിപ്പിക്കുന്നത്. ട്രംപിനെ പ്രകോപിപ്പിക്കാതിരിക്കാനാണ് സുക്കര്‍ബര്‍ഗ് കമ്പനിയുടെ നിലാപാടുകള്‍ മാറ്റിയതെന്നാണ് ചില ജീവനക്കാര്‍ ആരോപിക്കുന്നത്. ജീവനക്കാരില്‍ ചിലരുടെ പ്രത്യേകിച്ച് കറുത്ത വിഭാഗത്തില്‍പ്പെട്ടവരുടെ വേദന മനസ്സിലാക്കുന്നുണ്ടെന്ന് ഫേസ്ബുക്ക് പ്രതികരിച്ചു. നേതൃത്വത്തിന്റെ നിലപാടിനൊട് യോജിക്കാതിരിക്കുമ്പോള്‍ അക്കാര്യം പരസ്യപ്പെടുത്താന്‍ ജീവനക്കാരെ പ്രേരിപ്പിക്കുന്ന സമീപനമാണ് കമ്പനി സ്വീകരിക്കുന്നതെന്നും വക്താവ് പറഞ്ഞു


Next Story

Related Stories