കൊറോണ വൈറസ് കുട്ടികളെ ബാധിക്കില്ലെന്ന് അവകാശപ്പെട്ട് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പുറത്തിറക്കിയ പ്രചരണ വീഡിയോ ഫേസ്ബുക്ക് നീക്കം ചെയ്തു. കോവിഡുമായി ബന്ധപ്പെട്ട് വസ്തുതാവിരുദ്ധമായ വാര്‍ത്തകള്‍ പ്രചരിപ്പിച്ചതിനാലാണ് ഫേസ്ബുക്ക് ഈ വീഡിയോ നീക്കം ചെയ്തത്.
ചട്ടവിരുദ്ധമായ കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുള്ള വീഡിയോകളും സോഷ്യല്‍ മീഡിയ പോസ്റ്റുകളും ഫേസ്ബുക്ക് മുമ്പും പിന്‍വലിച്ചിട്ടുണ്ടെങ്കിലും കോവിഡിന്റെ പേരില്‍ ട്രംപ് പോസ്റ്റ് ചെയ്ത തെറ്റായ വാര്‍ത്ത നീക്കം ചെയ്യുന്നത് ആദ്യമായാണ്. ഇക്കഴിഞ്ഞ ജൂണില്‍ നാസി ചിഹ്നവുമായി ബന്ധപ്പെട്ട് ട്രംപ് പോസ്റ്റ് ചെയ്ത ഒരു പ്രചരണ വീഡിയോ ഫേസ്ബുക്ക് നീക്കം ചെയ്തിരുന്നു.
അതേ സമയം, വ്യാജവാര്‍ത്തകള്‍ അടക്കം, രാഷ്ട്രീയ നേതാക്കളും മറ്റും പുറത്തു വിടുന്ന പോസ്റ്റുകളും മറ്റും നിയന്ത്രിക്കുന്നതില്‍ ഫേസ്ബുക്ക് പുലര്‍ത്തുന്ന അയഞ്ഞ സമീപനം ഇക്കാര്യം കൊണ്ട് മാറും എന്ന് സൂചനയില്ലെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട് ചെയ്യുന്നു. രാഷ്ട്രീയ നേതാക്കള്‍ പ്രസിദ്ധീകരിക്കുന്ന കാര്യങ്ങള്‍ എന്താണ് എന്നറിയാന്‍ ജനങ്ങള്‍ക്ക് ആഗ്രഹമുണ്ടെന്നും ഇക്കാര്യത്തില്‍ തങ്ങള്‍ ഒരു ആര്ബിറ്ററ്ററുടെ പങ്ക് നിര്‍വഹിക്കാന്‍ ഉദ്ദേശിക്കുന്നില്ല എന്നായിരുന്നു ഇക്കാര്യത്തില്‍ ഫേസ്ബുക്കിന്റെ ചീഫ് എക്സിക്യൂട്ടീവ് മാര്‍ക്ക് സക്കബര്ഗ് പറഞ്ഞത്. ആവിഷ്കാര സ്വാതന്ത്ര്യമാണ് ഇക്കാര്യത്തില്‍ ഫേസ്ബുക്ക് ചൂണ്ടിക്കാട്ടുന്നത്. ട്രംപിനെപ്പോലുള്ള നേതാക്കള്‍ പുറത്തുവിടുന്ന വ്യാജ വാര്‍ത്തകളുടെ കാര്യത്തിലും തങ്ങള്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ഫേസ്ബുക്ക് വ്യക്തമാക്കിയിരുന്നു.
ഫോക്സ് ന്യൂസിന് തലേന്ന് നല്കിയ ഒരു അഭിമുഖത്തില്‍ ട്രംപ് പറഞ്ഞ കാര്യങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടായിരുന്നു ഇപ്പോള്‍ നീക്കം ചെയ്ത പ്രചരണ വീഡിയോ പുറത്തിറക്കിയിരുന്നത്. ഈ അഭിമുഖത്തിലാണ് കുട്ടികള്‍ക്ക് കോവിഡില്‍ നിന്ന് പ്രതിരോധശേഷിയുണ്ടെന്നും അവരെ കൊറോണ വൈറസ് ബാധിക്കില്ലെന്നും അതുകൊണ്ട് ഈ ശരത്കാലത്ത് സ്കൂളുകള്‍ തുറക്കണമെന്നും ട്രംപ് പറയുന്നത്. ഇത് പുറത്തു വന്ന് നാലു മണിക്കൂറുകള്‍ക്കുള്ളില്‍ ഫേസ്ബുക്ക് വീഡിയോ നീക്കം ചെയ്യുകയും ചെയ്തു.