TopTop
Begin typing your search above and press return to search.

ആയിരങ്ങളെ കൊന്നൊടുക്കിയ നാസി ക്യാമ്ബിലെ ഗാര്‍ഡ് ആയിരുന്ന 93കാരനെ വിചാരണ ചെയ്യും

ആയിരങ്ങളെ കൊന്നൊടുക്കിയ നാസി ക്യാമ്ബിലെ ഗാര്‍ഡ് ആയിരുന്ന 93കാരനെ വിചാരണ ചെയ്യും

ജര്‍മ്മനിയിലെ നാസി തടങ്കല്‍പ്പാളയത്തില്‍ വെച്ച്‌ ആയിരക്കണക്കിന് പേരെ കൊന്നൊടുക്കുന്നതില്‍ കൂട്ടാളിയായി പ്രവര്‍ത്തിച്ച 93 കാരനായ മുന്‍ ഗാര്‍ഡിനെ വിചാരണ ചെയ്യും. ബ്രൂണോ ഡി എന്നറിയപ്പെടുന്ന ഇയാളുടെ വിചാരണ ഹാംബര്‍ഗ് കോടതിയിലാണ് നടക്കുക. 1944 ഓഗസ്റ്റിനും 1945 ഏപ്രിലിനുമിടയില്‍ അദ്ദേഹം ജയില്‍ കാവല്‍ക്കാരനായി ജോലിചെയ്ത കാലത്ത് നടന്ന 5,230 പേരുടെ കൊലപാതകത്തില്‍ അദ്ദേഹത്തിന് വ്യക്തമായ പങ്കുണ്ടെന്നാണ് പ്രാഥമികമായ വിലയിരുത്തല്‍.

സ്റ്റത്തോഫിലെ (ഇന്നത്തെ പോളണ്ട്) തടങ്കല്‍പ്പാളയത്തില്‍ വച്ച്‌ 'വഞ്ചനാപരവും ക്രൂരവുമായ കൊലപാതകത്തിന്' പ്രതി അറിഞ്ഞുകൊണ്ട് കൂട്ടുനിന്നതായി കുറ്റപത്രത്തില്‍ പറയുന്നു. തടവുകാരെ കഴുത്തിന് പിന്നില്‍ വെടിവെച്ചും, സൈക്ലോണ്‍ ബി ഗ്യാസ് ഉപയോഗിച്ച്‌ വിഷം കലര്‍ത്തിയും, ഭക്ഷണവും മരുന്നും നിഷേധിച്ചുമൊക്കെയാണ് കൊലകള്‍ നടത്തിയത് കോടതി രേഖകള്‍ ആരോപിക്കുന്നു. തടവുകാരെ രക്ഷപ്പെടാനോ, സമരം നടത്താനോ അനുവദിക്കാതെ തടഞ്ഞുനിര്‍ത്തിയത് ബ്രൂണോ ഡി-യാണ്. കാവല്‍ക്കാരനായി ജോലിചെയ്യുന്ന സമയത്ത് ബ്രൂണോയ്ക്ക് 17 വയസ്സായിരുന്നു പ്രായം. ആരോഗ്യം തീരെ മോശമായതുകൊണ്ട് അദ്ദേഹത്തെ ഒരു ദിവസം രണ്ട് മണിക്കൂര്‍ മാത്രമേ വിചാരണ ചെയ്യൂ എന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്.

പോളിഷ് നഗരമായ ഗ്ഡാന്‍സ്കിലാണ് ഇപ്പോള്‍ സ്റ്റത്തോഫ് നാസി തടങ്കല്‍ പാളയം ഉള്ളത്. 1939-ല്‍ സ്ഥാപിതമായ അവിടെ മൊത്തം 115,000 തടവുകാര്‍ ഉണ്ടായിരുന്നു. അവരില്‍ പകുതിയിലധികം പേര്‍ക്കും അതിനുള്ളില്‍വച്ചുതന്നെ ജീവന്‍ നഷ്ടമായി. 22,000 പേരെ മറ്റൊരു ക്യാമ്ബിലേക്ക് പിന്നീട് മാറ്റുകയും ചെയ്തു. രണ്ടാം ലോക യുദ്ധസമയത്ത് നാസി തടങ്കല്‍പ്പാളയങ്ങളില്‍ മാത്രം ഏകദേശം ആറ് ദശലക്ഷം ജൂതന്മാര്‍ മരിച്ചുവെന്നാണ് കണക്ക്. ലക്ഷക്കണക്കിന് റോമക്കാരെയും മാനസികമോ ശാരീരികമോ ആയ വൈകല്യമുള്ളവരേയും കൊന്നുകളയുകയും ചെയ്തിട്ടുണ്ട്.


Next Story

Related Stories