TopTop

താളംതെറ്റിയ 'തെക്കൻ ജെറ്റ് സ്‌ട്രീം' സാധാരണ നിലയിലേക്ക്, കൃത്യമായ ഇടപെടൽ ആഗോളതാപനത്തിന് പരിഹാരമെന്ന് വിദഗ്ദർ

താളംതെറ്റിയ

മനുഷ്യന്റെ ഇടപെടൽ മൂലം പതിറ്റാണ്ടുകളായി താളംതെറ്റി കിടക്കുന്ന തെക്കൻ ജെറ്റ് സ്‌ട്രീം സാധാരണ നിലയിലേക്ക് മടങ്ങി വരുന്നതായി പഠനം. സർക്കാരുകൾ കൃത്യമായി ഇടപെട്ടാൽ ആഗോളതാപനത്തിൽ നിന്നും കാലാവസ്ഥാ വ്യതിയാനത്തിൽ നിന്നും മനുഷ്യ കുലത്തെ രക്ഷിക്കാമെന്നതിന്റെ വ്യക്തമായ തെളിവാണിതെന്ന് ശാസ്ത്രജ്ഞർ പറയുന്നു. തെക്കൻ അർദ്ധഗോളത്തിലെ കാലാവസ്ഥാ രീതികളെയും സമുദ്ര പ്രവാഹങ്ങളെയും രൂപപ്പെടുത്തുന്ന, പ്രത്യേകിച്ച് വേനൽക്കാലത്ത്, ശക്തമായ കാറ്റാണ് തെക്കൻ ജെറ്റ് സ്ട്രീം.

ഏകദേശം 2000 വരെ തെക്കൻ ജെറ്റ് സ്ട്രീം അതിന്റെ പതിവ് ഗതിയിൽ നിന്ന് മാറുകയും തെക്ക് അന്റാർട്ടിക്കയിലേക്ക് ഓരോ ദശകത്തിലും ഒരു ഡിഗ്രി അക്ഷാംശ നിരക്കിൽ നീങ്ങുകയും ചെയ്തു. ഇത് തെക്കേ അമേരിക്ക, കിഴക്കൻ ആഫ്രിക്ക, ഓസ്ട്രേലിയ എന്നിവിടങ്ങളിലെ കൊടുങ്കാറ്റുകളുടെ പാതകളെയും മഴയെയും ബാധിച്ചു. ഇത് പ്രാഥമികമായി ഓസോൺ പാളിക്ക് സംഭവിച്ച അപകടത്തിന്റെ പരിണിതഫലമാണെന്ന് നേരത്തെതന്നെ ഗവേഷണങ്ങളിലൂടെ കണ്ടെത്തിയതാണ്. ഭൂമിയുടെ അന്തരീക്ഷത്തിൽ ഓസോണിന്റെ (O3) അളവ് കൂടുതലുള്ള പാളിയാണ്‌ ഓസോൺ പാളി. സൂര്യനിൽനിന്ന് വരുന്ന അൾട്രാവയലറ്റ് രശ്മികളിൽ 93-99% ഭാഗവും ഈ പാളി ആഗിരണം ചെയ്യുന്നു. മനുഷ്യ നിർമ്മിതങ്ങളായ ക്ലോറോഫ്ലൂറോ കാർബൺ(CFC), ബ്രോമോഫ്ലൂറോ കാർബൺ എന്നിവയാണ് ഓസോണിന് ഏറ്റവും വലിയ ഭീഷണി.

ഐക്യരാഷ്ട്രസഭയുടെ 1987 മോൺ‌ട്രിയൽ പ്രോട്ടോക്കോൾ പ്രകാരം ഘട്ടംഘട്ടമായി നീക്കംചെയ്യാൻ തുടങ്ങുന്നതുവരെ ഈ രാസവസ്തുക്കൾ വലിയ അളവിൽ അന്തരീക്ഷത്തിലേക്ക് പുറംതള്ളപ്പെട്ടിരുന്നു. അതോടെയാണ് ഓസോൺ പാളി നേർത്തതാക്കുകയും ദക്ഷിണധ്രുവത്തിന് മുകളിൽ 'ദ്വാരം' വീഴുകയും കാറ്റിന്റെ പാറ്റേണുകളെ ബാധിക്കുകയും ചെയ്തത്. എന്നാലിപ്പോൾ നേച്ചർ ജേണലിൽ പ്രസിദ്ധീകരിച്ച പുതിയ പഠനം പ്രകാരം മോൺ‌ട്രിയൽ പ്രോട്ടോക്കോൾ ജെറ്റ് സ്ട്രീമിന്റെ തെക്ക് ദിശയിലുള്ള ചലനത്തെ സാധാരണഗതിയിലാക്കുന്നുവെന്നാണ്. കഴിഞ്ഞ സെപ്റ്റംബറിൽ ലഭിച്ച സാറ്റലൈറ്റ് ചിത്രങ്ങൾ ഓസോൺ ദ്വാരത്തിന്റെ വ്യാപ്തി 16.4 മീറ്റർ ചതുരശ്ര കിലോമീറ്ററായി ചുരുങ്ങിയതായി വെളിപ്പെടുത്തി, ഇത് 1982 ന് ശേഷമുള്ള ഏറ്റവും ചെറിയ വ്യാപ്തിയാണ്.


Next Story

Related Stories