TopTop
Begin typing your search above and press return to search.

അമേരിക്കന്‍ പൗരന്മാരുടെ ആരോഗ്യരക്ഷാ വിവരങ്ങള്‍ ഗൂഗിള്‍ രഹസ്യമായി ശേഖരിക്കുന്നു

അമേരിക്കന്‍ പൗരന്മാരുടെ ആരോഗ്യരക്ഷാ വിവരങ്ങള്‍ ഗൂഗിള്‍ രഹസ്യമായി ശേഖരിക്കുന്നു

ദശലക്ഷക്കണക്കിന് അമേരിക്കക്കാരുടെ സ്വകാര്യ ആരോഗ്യ പരിരക്ഷാ വിവരങ്ങൾ ഗൂഗിള്‍ രഹസ്യമായി ശേഖരിക്കുന്നതായി വിസില്‍ബ്ലോവറുടെ വെളിപ്പെടുത്തല്‍. ‘പ്രോജക്റ്റ് നൈറ്റിംഗേള്‍’ എന്ന ഈ പദ്ധതിയുടെ ഭാഗമായ ഒരു വ്യക്തിയാണ് വിവരങ്ങള്‍ ‘ദ ഗാര്‍ഡിയനു'മായി പങ്കുവെച്ചത്.

ടെക്നോളജി ഭീമനായ ഗൂഗിള്‍ അമേരിക്കയിലെ രണ്ടാമത്തെ വലിയ ആരോഗ്യസംരക്ഷണ ദാതാക്കളായ അസൻഷനുമായി ചേർന്ന് കഴിഞ്ഞ വർഷം മുതൽ 21 സംസ്ഥാനങ്ങളില്‍ നിന്നുള്ള 5 കോടി രോഗികളുടെ വിവരങ്ങൾ ശേഖരിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഒരു ടെക്നോളജി കമ്പനി ആരോഗ്യസംരക്ഷണ വ്യവസായത്തിലേക്ക് ചുവടുമാറ്റാന്‍ നടത്തിയ ഏറ്റവും ആക്രമണാത്മകമായ നീക്കമാണിത്. വ്യക്തികളുടെ സ്വകാര്യവിവരങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്യുമെന്നതിനെക്കുറിച്ചുള്ള ആശങ്കകളാണ് പ്രോജക്റ്റ് നൈറ്റിംഗേള്‍ വിവാദമാകാന്‍ കാരണം.

രോഗികളോടും ഡോക്ടർമാരോടും അവരുടെ സ്വകാര്യ വിവരങ്ങള്‍ മറ്റൊരു കമ്പനിക്ക് കൈമാറുന്നതായി അറിയിച്ചിട്ടില്ല. ഗൂഗിളിലെ കുറഞ്ഞത് 150 ജീവനക്കാരെങ്കിലും ഈ പ്രോജക്ടിന്‍റെ ഭാഗമായി ജോലി ചെയ്യുന്നുണ്ടെന്നും, അവര്‍ക്കെല്ലാം ഡാറ്റ കൈകാര്യം ചെയ്യാന്‍ കഴിയുമെന്നും വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്യുന്നു. രോഗികളുടെ പേരുകൾ, വിലാസങ്ങൾ, ജനനത്തീയതികൾ, മെഡിക്കൽ ഡയഗ്നോസിസ്, ലാബ് ഫലങ്ങൾ, ഡോക്ടര്‍ നിർദ്ദേശിച്ച മരുന്നുകൾ, ആശുപത്രിയിൽ പ്രവേശിക്കുന്ന രേഖകൾ തുടങ്ങി പരമാവധി വിവരങ്ങള്‍ അവര്‍ ശേഖരിക്കുന്നുണ്ട്.

പ്രൊജക്റ്റ് നൈറ്റിംഗേളുമായി ബന്ധപ്പെട്ട രഹസ്യ ഫയലുകളുടെ നൂറുകണക്കിന് ചിത്രങ്ങള്‍ അജ്ഞാത വിസിൽബ്ലോവർ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ഡെയ്‌ലി മോഷനിൽ’ പോസ്റ്റ് ചെയ്യുകയായിരുന്നു. ‘തിരശ്ശീലയ്ക്ക് പിന്നിൽ നടക്കുന്ന കാര്യങ്ങളെ കുറിച്ച് പറയാതെ വയ്യ’ എന്ന് പറഞ്ഞുകൊണ്ടാണ് വിസിൽബ്ലോവർ തന്‍റെ വീഡിയോ ആരംഭിക്കുന്നത്. ഗൂഗിളിന്‍റെയും അസൻഷന്‍റെയും പ്രതിനിധികള്‍ നടത്തിയ രഹ്യസ്യ യോഗങ്ങളെ കുറിച്ചുള്ള രേഖകളും വിസിൽബ്ലോവർ പുറത്തുവിട്ടവയില്‍ ഉണ്ട്. പുതിയ കൃത്രിമ ബുദ്ധിയും മറ്റ് ഉപകരണങ്ങളും നിർമ്മിക്കുന്നതിന് രോഗികളുടെ സ്വകാര്യ ആരോഗ്യ വിവരങ്ങൾ ഗൂഗിള്‍ ഉപയോഗിക്കുന്ന രീതിയെക്കുറിച്ച് അവർ തന്നെ ഗുരുതരമായ ആശങ്കകൾ ഉന്നയിക്കുന്നു.

കൃത്രിമ ബുദ്ധി [AI] ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ചില ഉപകരണങ്ങൾ പരീക്ഷിക്കുന്നതിനായാണ് ഗൂഗിള്‍ ഈ വിവരങ്ങള്‍ ഉപയോഗിക്കുന്നത്. എം‌ആർ‌ഐ സ്കാന്‍ റിപ്പോര്‍ട്ട് ഉള്‍പ്പടെയുള്ള വിവരങ്ങള്‍ വിശകലനം ചെയ്ത്, രോഗങ്ങള്‍ തിരിച്ചറിയുന്നതിന് കൃത്രിമ ബുദ്ധി അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങള്‍ നിര്‍മ്മിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. ‘ആത്യന്തികമായി ചെലവ് കുറച്ചുകൊണ്ട് ഏറ്റവും മികച്ച ആരോഗ്യ സുരക്ഷ ഉറപ്പാക്കുക എന്നതാണ് ഇത്തരം ഉപകരണങ്ങളുടെ നിര്‍മ്മാണംകൊണ്ട് ഉദ്ദേശിക്കുന്നതെന്ന്’ ഗൂഗിൾ ക്ലൗഡ് പ്രസിഡന്റ് താരിഖ് ഷൌക്കത്ത് പറഞ്ഞു.


Next Story

Related Stories