TopTop
Begin typing your search above and press return to search.

ചൈനീസ് ദേശീയഗാനത്തെ അപമാനിക്കുന്നത് ഹോങ്കോങ്ങിൽ ക്രിമിനൽ കുറ്റമാക്കുന്നു, ടിയാനൻമെൻ സ്ക്വയർ അനുസ്മരണത്തിന് പിരിമുറുക്കം രൂക്ഷമാവുന്നു

ചൈനീസ് ദേശീയഗാനത്തെ അപമാനിക്കുന്നത് ഹോങ്കോങ്ങിൽ ക്രിമിനൽ കുറ്റമാക്കുന്നു, ടിയാനൻമെൻ സ്ക്വയർ അനുസ്മരണത്തിന് പിരിമുറുക്കം രൂക്ഷമാവുന്നു

ചൈനയുടെ ദേശീയഗാനത്തെ പരിഹസിക്കുന്നത് കുറ്റകരമാക്കുന്ന ഒരു ബിൽ പാസാക്കാൻ ഒരുങ്ങി ഹോങ്കോങ് നിയമ നിർമ്മാണസഭ. 1989 ലെ ടിയാനൻമെൻ സ്ക്വയർ കൂട്ടക്കൊലയുടെ വാർഷികത്തോടനുബന്ധിച്ച് നിയമം കൊണ്ടുവരാനാണ് നീക്കം. ഇതോടെ ചൈനീസ് വിരുദ്ധ വികാരം നിലനിൽക്കുന്ന ഹോങ്കോങ്ങില്‍ വീണ്ടും പിരിമുറുക്കം ശക്തമായി. അർദ്ധ സ്വയംഭരണ നഗരമായ ഹോങ്കോങ്ങിനുമേല്‍ ദേശീയ സുരക്ഷാ നിയമങ്ങൾ ചൈന ചുമത്തിയതിനുശേഷം നടക്കാന്‍ പോകുന്ന ആദ്യത്തെ ബഹുജന പ്രതിഷേധമാണ് ടിയാനൻമെൻ സ്ക്വയർ അനുസ്മരണം.

പ്രതിഷേധങ്ങൾക്ക് പോലീസ് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ഡൌണ്‍ ടൌണ്‍ പാർക്കിൽ മെഴുകുതിരി കത്തിച്ച് അനുസ്മരണ സമ്മേളനം നടത്താനാണ് പ്രക്ഷോഭകരുടെ പദ്ധതി. ഒരുപക്ഷെ, ഹോങ്കോങ്ങിലെ അവസാനത്തെ പ്രതിഷേധ സംഗമമായിരിക്കും അതെന്നു പലരും ഭയപ്പെടുന്നു.

നിരോധനം നടപ്പാക്കാൻ മൂവായിരത്തിലധികം പോലീസുകാരെ ഇതിനകംതന്നെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ടെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വ്യാപകമായ എതിർപ്പിനിടയിലാണ് ബീജിംഗ് അനുകൂല നിയമനിർമ്മാതാക്കളുടെ ആധിപത്യമുള്ള ഹോങ്കോങ്ങിന്റെ ലെജിസ്ലേറ്റീവ് കൗൺസിൽ വ്യാഴാഴ്ച്ച ദേശീയഗാന ബിൽ പാസാക്കാൻ ഒരുങ്ങുന്നത്.

പ്രാബല്യത്തിൽ വന്നുകഴിഞ്ഞാൽ, ചൈനീസ് ദേശീയഗാനത്തെ “പരസ്യമായും മന പൂർവ്വമായും”, വരികളിലോ സ്കോറിലോ മാറ്റം വരുത്തുകയോ, വികലമാക്കുകയോ, അനാദരവ് പുലര്‍ത്തുന്ന രീതിയിൽ പാടുകയോ അവതരിപ്പിക്കുകയോ ചെയ്യുന്നത് ക്രിമിനല്‍ കുറ്റമാകും. കുറ്റങ്ങൾക്ക് 6,500 ഡോളർ പിഴയും മൂന്ന് വർഷം വരെ തടവുമാണ് ശിക്ഷ. “ദേശീയഗാനത്തിന്റെ ചരിത്രവും ചൈതന്യവും” വിദ്യാർത്ഥികളെ പഠിപ്പിക്കുന്നതിന് ദേശീയഗാനം സ്കൂൾ വിദ്യാഭ്യാസത്തിൽ ഉൾപ്പെടുത്തണമെന്നും ബിൽ വ്യവസ്ഥ ചെയ്യുന്നു.

നിർദ്ദിഷ്ട നിയമത്തിലെ “അപമാനം”, “അവഹേളനം” തുടങ്ങിയ പദങ്ങളുടെ അവ്യക്തമായ നിർവചനങ്ങൾ ഹോങ്കോങ്ങിലെ അഭിപ്രായ സ്വാതന്ത്ര്യത്തിന് ഭീഷണിയാകുമെന്ന് വിമർശകർ ഭയപ്പെടുന്നു. ഒരു വർഷം മുമ്പ് ആരംഭിച്ച സർക്കാർ വിരുദ്ധ പ്രതിഷേധം തടയാൻ ഹോങ്കോങ്ങിൽ ശക്തമായ ഒരു ദേശീയ സുരക്ഷാ നിയമം അടിച്ചേല്‍പ്പിച്ചതിനറെ തുടര്‍ച്ചയാണ് പുതിയ നിയമവും.


Next Story

Related Stories