TopTop
Begin typing your search above and press return to search.

ഹോങ്കോങ് പ്രാദേശിക തെരഞ്ഞെടുപ്പില്‍ വന്‍ വോട്ടര്‍ പങ്കാളിത്തം; ജനാധിപത്യ മുന്നേറ്റക്കാര്‍ക്ക് അനുകൂലമെന്ന് റിപ്പോര്‍ട്ടുകള്‍

ഹോങ്കോങ് പ്രാദേശിക തെരഞ്ഞെടുപ്പില്‍ വന്‍ വോട്ടര്‍ പങ്കാളിത്തം; ജനാധിപത്യ മുന്നേറ്റക്കാര്‍ക്ക് അനുകൂലമെന്ന് റിപ്പോര്‍ട്ടുകള്‍

പ്രക്ഷോഭങ്ങള്‍ക്കിടെ ഹോങ്കോങ്ങില്‍ നടന്ന പ്രാദേശിക തെരഞ്ഞെടുപ്പില്‍ കനത്ത പോളിംഗ്. ജില്ലാ കൌണ്‍സിലിലേക്ക് നടന്ന തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കരുതെന്നും, എല്ലാവരും വോട്ട് ചെയ്ത് ചൈനക്ക് തങ്ങളുടെ ശക്തി കാണിച്ചു കൊടുക്കണമെന്നും പ്രക്ഷോഭകര്‍ ഇന്നലെ ആഹ്വാനം ചെയ്തിരുന്നു. ഹോങ്കോങ്ങ് കണ്ടതില്‍വെച്ച് ഏറ്റവുംവലിയ ജനപങ്കാളിത്തമാണ് പോളിംഗ് സ്റ്റേഷനുകളില്‍ കണ്ടത്. മണിക്കൂറുകളോളം കാത്തുനിന്നാണ് പലരും വോട്ട് ചെയ്തത്.

ഇന്നലെ രാത്രി 10.30-ന് വോട്ടെടുപ്പ് അവസാനിക്കുമ്പോള്‍ ഏകദേശം 3 ദശലക്ഷം ആളുകൾ വോട്ട് ചെയ്തുവെന്നാണ് ഔദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നത്. ജനം ബൂത്തുകളിലേക്ക് ഒഴുകിയെത്തിയതോടെ പോളിംഗ് 71 ശതമാനമായി ഉയര്‍ന്നു. 18 ജില്ലാ കൗൺസിലുകളിൽ 17-ഉം ജനാധിപത്യ അനുകൂല രാഷ്ട്രീയ പാര്‍ട്ടികള്‍ നേടുമെന്ന് സ്ഥിരീകരിക്കാത്ത റിപ്പോട്ടുകള്‍ ഉണ്ട്. നിലവില്‍ ഭൂരിപക്ഷം കൗൺസിലുകളും ഭരിക്കുന്നത് ചൈനയെ അനുകൂലിക്കുന്ന ഗ്രൂപ്പുകളാണ്. മൊത്തം 452 ജില്ലാ കൗൺസിൽ സീറ്റുകളിലേക്ക് ആയിരത്തിലധികം സ്ഥാനാർത്ഥികൾ മത്സരിച്ചിരുന്നു.

ജില്ലാ കൗൺസിലുകൾക്ക് യഥാർത്ഥത്തില്‍ വലിയ അധികാരങ്ങളൊന്നും ഇല്ലെങ്കിലും ഈ തിരഞ്ഞെടുപ്പിനെ ലോകം ആകാംക്ഷയോടെയാണ് ഉറ്റുനോക്കുന്നത്. ജൂണിൽ സർക്കാർ വിരുദ്ധ പ്രതിഷേധം ആരംഭിച്ചതിന് ശേഷം നടക്കുന്ന ആദ്യ തിരഞ്ഞെടുപ്പാണിത്. അതിനാല്‍ നിലവിലെ സര്‍ക്കാറിന് എത്രത്തോളം ജനപിന്തുണയുണ്ടെന്നു അളക്കപ്പെടുന്ന ആദ്യ പരീക്ഷകൂടിയാണിത്. ഹോങ്കോങ്ങിന്റെ തിരഞ്ഞെടുപ്പ് സമ്പ്രദായത്തിൽ 117 ജില്ലാ കൗൺസിലർമാരും ചീഫ് എക്സിക്യൂട്ടീവിന് വോട്ട് ചെയ്യുന്ന 1200 അംഗ സമിതിയിൽ ഉണ്ടാകും. അതിനാല്‍ കൂടുതല്‍ സീറ്റുകള്‍ നേടി അടുത്ത ചീഫ് എക്സിക്യൂട്ടീവ് ആരാകണമെന്ന് തീരുമാനിക്കുന്നതില്‍ വ്യക്തമായ പങ്കുവഹിക്കണം എന്നാണ് പ്രക്ഷോഭകരുടെ ആഗ്രഹം.

കുറ്റവാളികളെ വിചാരണയ്‌ക്കായി ചൈനയ്‌ക്ക് കൈമാറാനുള്ള ബില്ലിനെതിരെയാണ് ഹോങ്കോങ്ങില്‍ ബഹുജന പ്രക്ഷോഭം ആരംഭിച്ചത്. ബിൽ പിന്‍വലിച്ചെങ്കിലും ചീഫ് എക്‌സിക്യുട്ടീവ് കാരി ലാം രാജിവെയ്ക്കണമെന്നും പൊലീസ് ക്രൂരതയെക്കുറിച്ച് സ്വതന്ത്ര അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് പ്രതിഷേധം തുടരുകയായിരുന്നു. ഇപ്പോഴത് ചൈനയില്‍ നിന്നും കൂടുതല്‍ സ്വാതന്ത്ര്യം ആവശ്യപ്പെടുന്ന തരത്തിലുള്ള പ്രസ്ഥാനമായി പരിണമിച്ചിരിക്കുകയാണ്. ചൈനയുടെ പിന്‍ബലത്തോടെയാണ് കാരി ലാം ഇപ്പോൾ ഭരണം നിലനിര്‍ത്തുന്നത്. ചൈനയുടെ 70-ാം വാർഷികാഘോഷത്തെ ഹോങ്കോങ്ങുകാര്‍ കരിദിനമായി ആചരിച്ച് വ്യാപക പ്രതിഷേധം നടത്തിയിരുന്നു.


Next Story

Related Stories