TopTop
Begin typing your search above and press return to search.

എന്തുകൊണ്ട് ട്രംപിനെ ഇംപീച്ച് ചെയ്യണം? ഭരണഘടനാപരമായ കാരണങ്ങൾ നിരത്തി ജുഡീഷ്യറി കമ്മിറ്റി റിപ്പോര്‍ട്ട്

എന്തുകൊണ്ട് ട്രംപിനെ ഇംപീച്ച് ചെയ്യണം? ഭരണഘടനാപരമായ കാരണങ്ങൾ നിരത്തി ജുഡീഷ്യറി കമ്മിറ്റി റിപ്പോര്‍ട്ട്

യുഎസ് പ്രസിഡണ്ട് ഡോണൾഡ് ട്രംപിനെ ഇംപീച്ച്മെന്റ് ചെയ്യുന്നതിന്റെ ഭരണഘടനാപരമായ ന്യായങ്ങള്‍ വ്യക്തമാക്കികൊണ്ടുള്ള ഹൗസ് ജുഡീഷ്യറി കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തിറങ്ങി. അടുത്ത വർഷം നടക്കുന്ന യുഎസ് പ്രസിഡണ്ട് തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടിയുടെ സ്ഥാനാർഥിയാകാൻ സാധ്യതയുള്ള ജോ ബൈഡനെതിരെ ഉക്രൈനിൽ അഴിമതിക്കേസും അന്വേഷണവും കൊണ്ടുവരാൻ ആ രാജ്യത്തെ പ്രസിഡണ്ടിനെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന ആരോപണമാണ് ട്രംപിനെതിരെ ഇംപീച്ച്മെന്റ് നടപടിക്കു കാരണമായത്. നയതന്ത്രജ്ഞരുടെയും ട്രംപിന്റെ ഉപദേശകരുടെയും മൊഴികള്‍ ഗുരുതരമായ അധികാര ദുർവിനിയോഗം നടന്നതിന്റെ തെളിവുകൾ നൽകുന്നു.

ട്രംപിനെതിരെ ഗുരുതര ആരോപണങ്ങൾ അടങ്ങുന്ന ജനപ്രതിനിധി സഭയിലെ ഹൗസ് ഇന്റലിജൻസ് കമ്മിറ്റി‌യുടെ 300 പേജുള്ള റിപ്പോർട്ട് ലഭിച്ചതിനു പിന്നാലെയാണ് ജുഡീഷ്യറി കമ്മിറ്റി മൊഴിയെടുപ്പ് ആരംഭിച്ചത്. അതില്‍നിന്നും വ്യത്യസ്തമായി ഇംപീച്ച്മെന്റ് ചെയ്യേണ്ടതിന്റെ ഭരണഘടനാപരമായ കാരണങ്ങളും, അതിന് ഉപോല്‍ബലകമായ വകുപ്പുകളും വ്യക്തമാക്കിക്കൊണ്ടുള്ള റിപ്പോര്‍ട്ടാണ് ഇപ്പോള്‍ ജുഡീഷ്യറി കമ്മിറ്റി പുറത്തിറക്കിയിരിക്കുന്നത്. പ്രസിഡണ്ടുമാരെ നീക്കം ചെയ്യേണ്ടത് എങ്ങിനെയാണെന്ന് 1780-കളിൽ യുഎസ് ഭരണഘടനാ ശില്‍പ്പികള്‍ ഭരണഘടനയില്‍ വ്യക്തമായി എഴുതിവച്ചിട്ടുണ്ട്.

‘പ്രസിഡണ്ട് അധികാര ദുര്‍വിനിയോഗം നടത്തി, നമ്മുടെ ദേശീയ സുരക്ഷയെപ്പോലും ഒറ്റുകൊടുക്കുകയും തെരഞ്ഞെടുപ്പ് നശിപ്പിക്കുകയും ചെയ്തു. എല്ലാം വ്യക്തിപരമായ നേട്ടങ്ങൾക്കുവേണ്ടി മാത്രമായിരുന്നു. ഈ ദുരുപയോഗത്തിന് ഒരേയൊരു പ്രതിവിധി മാത്രമാണ് ഭരണഘടന വിശദീകരിക്കുന്നത്; അതാണ്‌ ഇംപീച്ച്മെന്റ്’- ഹൌസ് ജുഡീഷ്യറി ചെയർ ജെറി നാഡ്‌ലർ ട്വീറ്റ് ചെയ്തു.

അതേസമയം, ട്രംപിനെ ഇംപീച്ച് ചെയ്യാൻ ഇനിയും കടമ്പകള്‍ ഏറെ ബാക്കിയുണ്ട്. പ്രമേയം സെനറ്റില്‍ ചർച്ച ചെയ്യണം. സുപ്രീം കോടതി ചീഫ് ജസ്റ്റിന്റെ അധ്യക്ഷതയിൽ 100 സെനറ്റർമാർ അടങ്ങിയ ജൂറി ട്രംപിനെ വിചാരണ ചെയ്യും. അഞ്ച് വിചാരണയ്ക്കു ശേഷം മൂന്നിൽ രണ്ടു ഭൂരിപക്ഷത്തോടെ അംഗീകരിച്ചാൽ ശിക്ഷ വിധിക്കാം. എന്നാല്‍, ജനപ്രതിനിധി സഭയിൽ ഡെമോക്രാറ്റ് ആധിപത്യമാണെങ്കിലും സെനറ്റിൽ ട്രംപിന്റെ റിപ്പബ്ലിക്കൻ പാർട്ടിക്കാണ് ഭൂരിപക്ഷമുള്ളത്. അതിനെ മറികടന്നുകൊണ്ട്‌ ഇംപീച്ച്മെന്റ് ചെയ്യാന്‍ കഴിയില്ലെന്ന ആത്മവിശ്വാസത്തിലാണ് ട്രംപ്.

സഹകരിക്കില്ലെന്ന് ട്രംപ്

അതെസമയം അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിനെതിരായ ഇംപീച്ച്‌മെന്റ് നടപടി അവസാനിപ്പിക്കണമെന്ന് ഹൗസ് ജുഡീഷറിയോട് വൈറ്റ്ഹൗസ് കഴിഞ്ഞദിവസം ആവശ്യപ്പെടുകയുണ്ടായി. ജുഡീഷ്യറി സമിതിക്ക് നൽകിയ കത്തിലാണ് നടപടികൾ നിർത്തിവെക്കാൻ വൈറ്റ് ഹൗസ് ആവശ്യപ്പെട്ടത്. ട്രംപിനെതിരെ നികുതിപ്പണം ഉപയോഗിച്ച് നടത്തുന്ന വ്യക്തിഹത്യയാണെന്നും ഇംപീച്ച്മെന്റ് വ്യവസ്ഥകൾ അധികാര ദുർവിനിയോഗമാണെന്നും കത്തിൽ ആരോപിക്കുന്നു. അതിനിടെ, ഇംപീച്ച്മെന്റ് നടപടികളുമായി സഹകരിക്കില്ലെന്ന് ട്രംപും ട്വീറ്റ് ചെയ്തു.

ഡെമോക്രാറ്റുകളുടെ പ്രസിഡണ്ട് മത്സരാര്‍ത്ഥികളിലൊരാളും മുന്‍ വൈസ് പ്രസിഡണ്ടുമായ ജോ ബൈഡന്റെ മകന്‍ ഹണ്ടര്‍ ബൈഡനെതിരെ അന്വേഷണം ആവശ്യപ്പെട്ട് ട്രംപ്, ഉക്രൈന്‍ പ്രസിഡണ്ട് വൊളോദിമിര്‍ സെലിന്‍സ്‌കിയുമായി നടത്തിയ ടെലിഫോണ്‍ സംഭാണവുമായി ബന്ധപ്പെട്ടാണ് ഇംപീച്ച്മെന്റിന് ആധാരമായ ആരോപണങ്ങള്‍ ഉയര്‍ന്നത്. ട്രംപിന്റെ അജണ്ട നടപ്പിലാക്കുന്നതിനായി എങ്ങിനെയാണ് അദ്ദേഹത്തിന്റെ പേഴ്‌സണൽ അറ്റോർണി റൂഡി ജിയൂലിയാനിയും പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഉക്രൈന്‍ പ്രസിഡണ്ട് വൊളോദിമിര്‍ സെലിന്‍സ്‌കിയും ചര്‍ച്ച നടത്തിയത് എന്ന് യൂറോപ്യൻ യൂണിയനിലെ യുഎസ് അംബാസഡറായിരുന്ന ഗോർഡൻ സോണ്ട്‌ലാൻഡ് അന്വേഷണ സമിതിക്ക് മുന്‍പില്‍ പരസ്യമായി വെളിപ്പെടുത്തിയിരുന്നു.

പക്ഷെ, ജൂലൈ 24-ന് ഉക്രൈന്‍ പ്രസിഡണ്ട് സെലന്‍സ്കിയുമായി ട്രംപ് നടത്തിയ ടെലഫോണ്‍ സംഭാഷണത്തില്‍ ജിയൂലിയാനിയുടെ ഇടപെടലുകള്‍ സംബന്ധിച്ച് ട്രംപ്‌തന്നെ കൃത്യമായി പരാമര്‍ശിക്കുന്നുണ്ട്. വൈറ്റ്‌ഹൌസാണ് ആ സംഭാഷണത്തിന്റെ രേഖ പുറത്തുവിട്ടതും. "ജിയൂലിയാനി വളരെ ആദരണീയനായ വ്യക്തിയാണ്. അദ്ദേഹം ന്യൂയോർക്ക് നഗരത്തിന്റെ മേയറായിരുന്നു. അദ്ദേഹം നിങ്ങളെ വിളിക്കും. അറ്റോർണി ജനറലിനേയും കൂട്ടി നിങ്ങളെ വിളിക്കാൻ ഞാൻ അദ്ദേഹത്തോട് ആവശ്യപ്പെടും. എന്താണ് സംഭവിക്കുന്നതെന്ന് റൂഡിക്ക് നന്നായി അറിയാം. കാര്യങ്ങള്‍ നന്നായി കൈകാര്യം ചെയ്യാനുള്ള കഴിവുമുണ്ട്. നിങ്ങള്‍ അദ്ദേഹത്തോട് സംസാരിക്കുകയാണെങ്കില്‍ അത് വളരെ നന്നാകും" എന്നാണ് ട്രംപ് സെലൻസ്‌കിയോട് പറയുന്നത്.

അടുത്തവര്‍ഷത്തെ തെരഞ്ഞെടുപ്പിൽ ജയിച്ച് വീണ്ടും പ്രസിഡണ്ടാകാന്‍ ട്രംപ് അധികാര ദുര്‍വിനിയോഗം നടത്തിയെന്ന് ജനപ്രതിനിധി സഭയിലെ ഇന്റലിജന്‍സ് കമ്മിറ്റി കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇംപീച്ച്മെന്റിലേക്കു കാര്യങ്ങള്‍ നീങ്ങിയത്. രാജ്യതാല്‍പര്യത്തേക്കാള്‍ ട്രംപ് വ്യക്തിതാല്‍പര്യത്തിനാണ് മുന്‍‌തൂക്കം നല്‍കിയതെന്ന് ഇംപീച്ച്‌മെന്റ് റിപ്പോർട്ടില്‍ ഡെമോക്രാറ്റുകൾ ആരോപിക്കുന്നു. ട്രംപ് അമേരിക്കൻ ജനാധിപത്യത്തെ ദുർബലപ്പെടുത്താൻ ശ്രമിച്ചതായും ദേശീയ സുരക്ഷയെതന്നെ അപകടത്തിലാക്കിയതായും ചെയ്തുവെന്ന നിഗമനത്തിലാണ് റിപ്പോര്‍ട്ട് അവസാനിക്കുന്നത്.

പ്രതിനിധിസഭയാണ് ആദ്യം കുറ്റപത്രം പരിഗണിക്കുക. സഭ അംഗീകരിച്ചാൽ ഉന്നതസഭയായ സെനറ്റിലേക്ക്. സെനറ്റ് അംഗങ്ങൾ ജ്യൂറിയും തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധി സഭാംഗങ്ങൾ പ്രോസിക്യൂട്ടർമാരുമാകും. സെനറ്റ് കോടതിമുറിയായി മാറുന്നതോടെ മേൽനോട്ടം സുപ്രീംകോടതി ചീഫ് ജസ്റ്റിസിനാകും. മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ ട്രംപിനെ കുറ്റക്കാരനായി സെനറ്റ് വിധിയെഴുതിയാൽ അദ്ദേഹം പുറത്തു പോകേണ്ടിവരും.

പ്രസിഡണ്ടിനെ പദവിയിൽ നിന്ന് നീക്കുന്നത് സംബന്ധിച്ച് ക്രിസ്മസിന് മുൻപ് വോട്ടെടുപ്പ് നടത്താനാണ് ഡെമോക്രാറ്റുകളുടെ ലക്ഷ്യം. യു.എസ് ചരിത്രത്തിൽ നാലാം തവണയാണ് പ്രസിഡണ്ടിനെതിരെ ഇംപീച്ച്മെന്റ് നടക്കുന്നത്. വിചാരണക്കൊടുവിൽ മൂന്നിൽ രണ്ടു ഭൂരിപക്ഷത്തോടെ പാസായാൽ ആദ്യമായി ഇംപീച്ച്മെന്റ് വഴി പുറത്താകുന്ന പ്രസിഡണ്ടാകും ട്രംപ്.


Next Story

Related Stories