TopTop
Begin typing your search above and press return to search.

സൈന്യത്തെയല്ല, ഡോക്ടര്‍മാരെ മറ്റ് രാജ്യങ്ങളിലയച്ച് ലോകത്തെ കീഴടക്കുന്ന ക്യൂബ, കാസ്‌ട്രോയുടെ രാജ്യം സൃഷ്ടിക്കുന്ന സമാനതകളില്ലാത്ത മാതൃക

സൈന്യത്തെയല്ല, ഡോക്ടര്‍മാരെ മറ്റ് രാജ്യങ്ങളിലയച്ച് ലോകത്തെ കീഴടക്കുന്ന ക്യൂബ, കാസ്‌ട്രോയുടെ രാജ്യം സൃഷ്ടിക്കുന്ന സമാനതകളില്ലാത്ത മാതൃക

കൊറോണ വൈറസിനെതിരെ ഇറ്റലിയുടെ പോരാട്ടം ഇതുവരെ വിജയിച്ചിട്ടില്ല. നൂറുകണക്കിന് ആളുകളാണ്, ആഴ്ചകളായി ദിവസവും മരിച്ചുവീഴുന്നത്. നഗരങ്ങള്‍ അടച്ചും, ആളുകളോട് പുറത്തിറങ്ങരുതെന്ന് പറഞ്ഞും നടത്തുന്ന ചെറുത്തുനില്‍പ്പുകള്‍ ഇതുവരെ കാര്യമായ ഫലം കണ്ടിട്ടില്ല. അങ്ങനെ ചരിത്രത്തിലെ വലിയ ദുരന്തത്തെ നേരിടുന്ന ഇറ്റലിയ്ക്ക് ഐക്യദാര്‍ഡ്യവുമായി ക്യൂബയില്‍നിന്ന് ഡോക്ടര്‍മാരെത്തിയതായിരുന്നു ഇന്നലെ ലോകമെമ്പാടുമുള്ള സാമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ച്ചയായ ഒരു പ്രധാന വിഷയം. മറ്റ് വന്‍ വികസിത രാജ്യങ്ങളുടെ സാമ്പത്തിക ശേഷിയോ, വളര്‍ച്ചയോ ഇല്ലാത്ത ഈ ലാറ്റിന്‍ അമേരിക്കന്‍ രാജ്യം എന്തുകൊണ്ടാണ് ഇറ്റലി പോലുള്ള രാജ്യത്തേക്ക് മെഡിക്കല്‍ സഹായം നല്‍കാന്‍ സന്നദ്ധരാകുന്നത്. എവിടെ നിന്നാണ് അവര്‍ക്ക് അതിനുള്ള ശേഷി? അതറിയണമെങ്കില്‍ ക്യൂബയില്‍ ഫിദല്‍ കാസ്‌ട്രോയുടെയും ചെ ഗുവരേയുടെയും നേതൃത്വത്തില്‍ നടന്ന വിപ്ലവത്തിന് ശേഷം കൈകൊണ്ട സമീപനമെന്തെന്ന് അറിയണം. ആരോഗ്യമെന്നതും ചികില്‍സയെന്നതും എല്ലാ മനുഷ്യന്റെയും അവകാശമാണെന്ന ബോധ്യമാണ് ക്യൂബയെ ഇത്തരത്തിലുള്ള അന്താരാഷ്ട്ര സേവനങ്ങള്‍ക്ക് പ്രാപ്തമാക്കുന്നത്. ഡോക്ടർകൂടിയായിരുന്ന ചെ ഗുവേര വിപ്ലവാനന്തര ക്യൂബയിൽ നടപ്പിലാക്കേണ്ട ആരോഗ്യ പരിപാടികളെകുറിച്ചും ഡോക്ടർമാരുടെ കർത്തവ്യങ്ങളെക്കുറിച്ചും വിശദമായി പറഞ്ഞിരുന്നു. ഈ കാഴ്ചപാടാണ് തുടർന്നുള്ള കാലത്ത് ക്യൂബയുടെ ആരോഗ്യമേഖലയെ മുന്നോട്ടു കൊണ്ടുപോയ പ്രധാന ധാർമ്മിക രാഷ്ട്രീയ ശക്തി.

2005 ല്‍ അമേരിക്കയിലെ ന്യൂ ഓര്‍ലിയാന്‍സില്‍ ആഞ്ഞുവീശിയ കത്രീന കൊടുങ്കാറ്റ വന്‍ നാമാണ് വിധിച്ചത്. അന്ന് അമേരിക്കന്‍ പ്രസിഡന്റായിരുന്ന ജോര്‍ജ്ജ് ബുഷ് ആവട്ടെ തന്റെ മുന്‍ഗാമികളെ പോലെ ക്യൂബയിലെ കമ്മ്യൂണിസ്റ്റ് ഭരണ കൂടത്തെ ഏതുവിധേനയും ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന നേതാവും. എന്നാല്‍ ഫിദല്‍ കാസ്ട്രയുടെ പരിഗണനയില്‍ അപ്പോള്‍ അക്കാര്യമായിരുന്നല്ല ഉണ്ടായിരുന്നത്. അദ്ദേഹം ദുരിതം നേരിടാന്‍ 1500 അംഗ മെഡിക്കല്‍ സംഘത്തെ അയക്കമാമെന്ന് അമേരിക്കയ്ക്ക് വാഗ്ദാനം നല്‍കി. ജോര്‍ജ്ജ് ബുഷ് സഹായം നിരസിച്ചെങ്കിലും ക്യൂബയുടെ മെഡിക്കല്‍ ഡിപ്ലോമസിയെക്കുറിച്ച് ലോകം ഏറെ ചര്‍ച്ച ചെയ്ത സമയം അതായിരുന്നു. ആരോഗ്യ രംഗത്ത് ക്യൂബ കൈവരിച്ച നേട്ടങ്ങളൊക്കെയും വിപ്ലവാനന്തരം കൈവരിച്ച പ്രവര്‍ത്തനങ്ങളെ തുടര്‍ന്നായിരുന്നു. അങ്ങനെ കൈവരിച്ച നേട്ടങ്ങള്‍ മറ്റ് രാജ്യങ്ങളുമായി പങ്കിടാനുള്ള മാനവികതയാണ് ക്യൂബയെ വ്യത്യസ്തമാക്കിയത്. 1960 മുതല്‍ തുടങ്ങിയതാണ് ക്യൂബ ഇത്തരത്തില്‍ പ്രവര്‍ത്തിക്കാന്‍. അന്ന് ചിലയില്‍ വലിയ ഭൂകമ്പമുണ്ടായി. അതില്‍പ്പെട്ടുപോയവരെ രക്ഷിക്കാനായിരുന്നു അന്ന് ക്യൂബന്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പെട്ട സംഘം തയ്യാറായത്. ഫ്രാന്‍സില്‍നിന്ന് അല്‍ജീരിയ സ്വതന്ത്ര്യമായപ്പോള്‍ അവിടുത്തെ ആരോഗ്യ പദ്ധതി തയ്യാറാക്കുന്നതിനുള്ള സഹായവും നല്‍കിയത് ക്യൂബന്‍ സംഘം തന്നെയാണ്.

തങ്ങളോട് പ്രത്യയശാസ്ത്രപരമായി ബന്ധപ്പെടുന്നവരെ മാത്രമെ ആപത്തുകാലത്ത് സഹായിക്കുവെന്ന നിലപാടൊന്നുമില്ല ക്യൂബയ്ക്ക്. അതിനും ചരിത്രത്തില്‍ ഉദാഹരണങ്ങളേറെ. ഹോണ്ടൂറാസിന് മെഡിക്കല്‍ സംഘത്തെ അയച്ചത് അവിടെ ജനാധിപത്യ സര്‍ക്കാരിനെ പട്ടാളം അട്ടിമറിച്ചതിന് ശേഷമാണ്. പരഗ്വായ് യില്‍ ക്യൂബയുടെ സുഹൃത്തായിരു്ന്ന ഫെര്‍ണാഡോ ലുഗോയെ നിക്കിയതിനെ വിമര്‍ശിച്ചപ്പോഴും ആരോഗ്യമേഖലയിലെ സഹായം ക്യൂബ തുടര്‍ന്നു. ക്യൂബയില്‍നിന്നുള്ള ഡോക്ടര്‍മാരെ തിരിച്ചുവിളിച്ചില്ല. അതുപോലെ തന്നെയായിരുന്നു നിക്കറാഗ്വയോട് 1972 ല്‍ സ്വീകരിച്ച സമീപനവും. അന്ന് അനസ്റ്റാസിയോ സോമോസയോടുള്ള കടുത്ത എതിര്‍പ്പ് തുടരുമ്പോഴും ഭൂ ചലനത്തില്‍ പെട്ടവരെ ചികില്‍സിക്കാന്‍ ക്യൂബന്‍ സംഘം എത്തിയിരുന്നു. ഹെയ്ത്തിയില്‍ 2010 ലെ ഭൂചലന സമയത്തും കാര്യമായ സഹായം ഉണ്ടായത് ക്യൂബയുടെ ഭാഗത്തുനിന്നായിരുന്നു. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ എബോള പടര്‍ന്നുപിടിച്ചപ്പോഴും മുന്നിട്ടറിങ്ങയത് ഈ ലാറ്റിനമേരിക്കന്‍ രാജ്യം തന്നെയായിരുന്നു. ക്യൂബയിലെ ആരോഗ്യ പ്രവര്‍ത്തകരുടെ മറ്റ് രാജ്യങ്ങളിലെ പ്രവര്‍ത്തനം പലപ്പോഴും ലോകാരോഗ്യ സംഘടനയുടെ പ്രശംസ നേടിയിട്ടുണ്ട്.

2016 ല്‍ പുറത്തിറങ്ങിയ ഒരു പഠനം അനുസരിച്ച് 67 രാജ്യങ്ങളിലായി ഏകദേശം അരലക്ഷത്തോളം ക്യൂബന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതില്‍ ഏറെയും ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളില്‍തന്നെയാണ്. ആഫ്രിക്കന്‍ രാജ്യങ്ങളിലും ക്യൂബന്‍ ആരോഗ്യ പ്രവര്‍ത്തകരുടെ നല്ല സ്വാധീനമുണ്ട്.

വിപ്ലാവനന്തരം ചെ ഗുവരേ തയ്യാറാക്കിയ ആരോഗ്യ പദ്ധതിയാണ് ക്യൂബയില്‍ വലിയ മാറ്റങ്ങളുണ്ടാക്കിയത്. അദ്ദേഹത്തിന്റെ

ഓണ്‍ റവല്യൂഷണറി മെഡിസിന്‍

എന്ന പ്രഭാഷണം വിപ്ലവനാന്തര സമൂഹത്തിലെ ഡോക്ടര്‍മാരുടെ കടമകള്‍ ഓര്‍മ്മിപ്പിക്കുന്നതാണ്. ആരോഗ്യ മേഖലയെ ദേശസാല്‍ക്കരിച്ചായിരുന്നു ആ മേഖലയിലെ വിപ്ലവകരമായി മാറ്റങ്ങള്‍ ക്യൂബ ഏറ്റെടുത്തത്. 1960 ല്‍ പ്രതിരോധ കുത്തിവെപ്പ് രാജ്യവ്യാപകമാക്കി. 1965 ല്‍ തന്നെ ഗര്‍ഭ ചിദ്രം നിയമവിധേയമാക്കിയ രാജ്യമായിരുന്നു ക്യുബ. എല്ലാവര്‍ക്കും ആരോഗ്യ സംരക്ഷണത്തിനുള്ള അവകാശമുണ്ട്. 'ഭരണകൂടം അത് ഉറപ്പുവരുത്തുന്നു' ക്യൂബന്‍ ഭരണഘടനയില്‍ 1976 ല്‍ എഴുതി ചേര്‍ത്ത വാക്കുകളാണത്. എങ്ങനെ ഇത് ഭരണ കൂടം സാധ്യമാക്കുമെന്നതിന്റെ വിശദാംശങ്ങളും വ്യവസ്ഥ ചെയ്യപ്പെട്ടിട്ടുണ്ട്. ക്യൂബയുടെ ജനസംഖ്യയില്‍ ഡോക്ടര്‍മാരുടെ അനുപാതം വികസിത രാജ്യങ്ങളെക്കാള്‍ മികച്ചതാണ്. 155 രോഗികള്‍ക്ക ഒരു ഡോക്ടര്‍ എന്ന തോതിലാണ് ഇവിടെ ഡോക്ടര്‍മാരെന്നാണ് കണക്കുകള്‍സൂചിപ്പിക്കുന്നത്. കുട്ടികളുടെ മരണനിരക്കും ക്യൂബയില്‍ വളരെ കുറവാണ് . 2012 ലെ കണക്കുപ്രകാരം 1000 ത്തില്‍ 4.83 മാത്രമാണ് ക്യൂബയിലെ ശിശുമരണ നിരക്ക്. 2018 ലെ കണക്കില്‍ ഇന്ത്യയില്‍ ഇത് മൂപ്പതിന് അടുത്താണ്.

ഇങ്ങനെ രാജ്യത്ത് സാര്‍വത്രിക ആരോഗ്യ സുരക്ഷ പദ്ധതികള്‍ ഉറപ്പാക്കുക മാത്രമല്ല, മറ്റ് രാജ്യങ്ങളിലേക്ക് സഹായം നല്‍കിയുമാണ് ക്യൂബന്‍ മാതൃക മുന്നോട്ടുപോകുന്നത്. ജി എട്ട് രാജ്യങ്ങള്‍ക്കും അന്താരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങള്‍ക്കും സാധ്യമാകാത്തത് ക്യൂബ കാണിച്ചുതരുന്നു. ഇപ്പോഴത്തെ അവരുടെ ദൗത്യം കൊറോണയാല്‍ ദുരിത മനുഭവിക്കുന്നവരെ സഹായിക്കുകയാണ്.


Next Story

Related Stories