TopTop
Begin typing your search above and press return to search.

പലസ്തീനിലെ യുദ്ധക്കുറ്റങ്ങൾ: അന്വേഷണം വേണമെന്ന് അന്താരാഷ്ട്ര ക്രിമിനൽ കോടതി

പലസ്തീനിലെ യുദ്ധക്കുറ്റങ്ങൾ: അന്വേഷണം വേണമെന്ന് അന്താരാഷ്ട്ര ക്രിമിനൽ കോടതി

പലസ്തീനിലെ യുദ്ധക്കുറ്റങ്ങളെക്കുറിച്ച് അന്വേഷണം ആരംഭിക്കണമെന്ന് അന്താരാഷ്ട്ര ക്രിമിനൽ കോടതി (ഐസിസി). ഇസ്രയേൽ അധിനിവേശ വെസ്റ്റ് ബാങ്ക്, ഈസ്റ്റ് ജറുസലേം, ഗാസാ സ്ട്രിപ്പ് എന്നിവിടങ്ങളിൽ യുദ്ധക്കുറ്റങ്ങൾ നടന്നിട്ടുണ്ടെന്നും, ഇപ്പോഴും നടക്കുന്നുണ്ടെന്നും ചീഫ് പ്രോസിക്യൂട്ടർ ഫാറ്റൗ ബെൻസൂഡ പറഞ്ഞു. 2015 മുതൽ പലസ്തീനികൾ നല്‍കിയ കേസുകള്‍ ഐസിസി പരിശോധിച്ചു വരികയാണ്. അതേസമയം ഐസിസിയുടെ നീക്കം അടിസ്ഥാനരഹിതമാണെന്ന വാദവുമായി ഇസ്രായേൽ രംഗത്തെത്തിക്കഴിഞ്ഞു.

പലസ്തീനുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഐസിസിയുടെ അധികാര പരിധിയില്‍പെട്ട കാര്യമല്ലെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കി. ഐസിസിയില്‍ ഇസ്രയേൽ അംഗമല്ല. 1967 ലെ മിഡിൽ ഈസ്റ്റ് യുദ്ധത്തോടെയാണ് വെസ്റ്റ് ബാങ്ക്, ഗാസ, കിഴക്കൻ ജറുസലേം തുടങ്ങിയ പ്രദേശങ്ങള്‍ ഇസ്രായേൽ അധീനപ്പെടുത്തുന്നത്.

പ്രാഥമിക പരിശോധനയിൽതന്നെ അന്വേഷണം ആരംഭിക്കുന്നതിനാവശ്യമായ എല്ലാ വിവരങ്ങളും ലഭിച്ചിട്ടുണ്ടെന്നും, ബെൻസൂഡ പറഞ്ഞു. ജഡ്ജിമാരോട് നിയമനടപടികളുമായി എത്രയും മുന്നോട്ടു പോകുവാന്‍ അവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ആരെല്ലാമാണ് ആരോപണ വിധേയരെന്ന് അവര്‍ വ്യക്തമാക്കിയിട്ടില്ല. പക്ഷെ, അന്വേഷണവുമായി മുമ്പോട്ടു പോയാൽ ഇസ്രയേലികൾക്കും പലസ്തീനികൾക്കുമെതിരെ കുറ്റം ചുമത്തപ്പെട്ടേക്കും.

ഗാസയിൽ ഇസ്രായേലും പലസ്തീൻ വിഘടനവാദികളും തമ്മിലുള്ള യുദ്ധം തുടങ്ങുന്നതിനും ഒരു മാസം മുമ്പ് 2014 ജൂൺ മുതൽതന്നെ ഇസ്രായേൽ നടത്തിയ യുദ്ധക്കുറ്റകൃത്യങ്ങൾ ഐസിസി പരിശോധിച്ചുവരുന്നുണ്ട്. അന്നത്തെ യുദ്ധത്തില്‍ 1,462 സിവിലിയന്മാർ ഉൾപ്പെടെ 2,251 പേര്‍ കൊല്ലപ്പെട്ടിരുന്നു. പലസ്തീൻ പ്രശ്‌ന പരിഹാരമാണ് അറബ് രാജ്യങ്ങളുടെ പ്രഥമ പരിഗണനയെന്ന് അറബ് യൂറോപ്യൻ ഉച്ചകോടിക്കിടെ സൗദി അറേബ്യ വ്യക്തമാക്കിയിരുന്നു.

വെസ്റ്റ് ബങ്കിലും കിഴക്കൻ ജറുസലേമിലും 140 ഓളം ഇസ്രായേലി കുടിയേറ്റ കേന്ദ്രങ്ങളുണ്ട്. ഇസ്രായേൽ എതിര്‍ക്കുന്നുണ്ടെങ്കിലും അവ അന്താരാഷ്ട്ര നിയമപ്രകാരം നിയമവിരുദ്ധമെന്ന് ലോകമൊന്നാകെ അംഗീകരിക്കുന്ന കാര്യമാണ്. എന്നാല്‍ അടുത്തിടെ യുഎസ് നിലപാട് മാറ്റി ഇസ്രയേലിന് പിന്തുണയുമായി രംഗത്തെത്തിയിരുന്നു.


Next Story

Related Stories