TopTop
Begin typing your search above and press return to search.

വിമാന ദുരന്തം: ഇറാന്‍ കുറ്റക്കാരെ അറസ്റ്റ് ചെയ്തു; ട്രംപും ഇറാനുമുണ്ടാക്കിയ ദുരന്തമെന്ന് കനേഡിയന്‍ പ്രധാനമന്ത്രി

വിമാന ദുരന്തം: ഇറാന്‍ കുറ്റക്കാരെ അറസ്റ്റ് ചെയ്തു; ട്രംപും ഇറാനുമുണ്ടാക്കിയ ദുരന്തമെന്ന് കനേഡിയന്‍ പ്രധാനമന്ത്രി

ഇറാന്‍ തങ്ങളുടെ വ്യോമാതിര്‍ത്തിയില്‍ വെച്ച്‌ മിസ്സൈലാക്രമണത്തിലൂടെ വീഴ്ത്തിയ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റ് നടന്നതായി വിവരം. 176 പേര്‍ കൊല്ലപ്പെട്ട ഈ വിമാനത്തകര്‍ച്ച തങ്ങളുടെ ഭാഗത്തു നിന്നുണ്ടായ അബദ്ധമാണെന്ന് ഇറാന്‍ വെളിപ്പെടുത്തിയിരുന്നു. കുറ്റക്കാരായവരെ ശിക്ഷിക്കണമെന്ന് ഉക്രൈന്‍ ആവശ്യപ്പെടുകയുമുണ്ടായി. കുറ്റം പൂര്‍ണമായും ഏറ്റെടുക്കണമെന്നും അവര്‍ ഇറാനോട് ആവശ്യപ്പെട്ടിരുന്നു. ഇതിനോടുള്ള ആദ്യത്തെ പ്രതികരണമെന്ന നിലയിലാണ് ഈ അറസ്റ്റുണ്ടായിരിക്കുന്നത്.

ടെഹ്റാനില്‍ നിന്നും ടേക്കോഫ് ചെയ്ത് അല്‍പസമയത്തിനുള്ളില്‍ വിമാനം തകര്‍ന്നു വീഴുകയായിരുന്നു. യുഎസ്സിന്റെ ഇറാഖിലെ പട്ടാളകേന്ദ്രങ്ങളില്‍ ഇറാന്‍ നടത്തിയ ആക്രമണത്തിനു ശേഷമായിരുന്നു ഈ സംഭവമെന്നത് ലോകശ്രദ്ധയാകര്‍ഷിച്ചു. ഒരു സാധാരണ വിമാനാപകടമെന്ന നിലയിലാണ് ഇറാന്‍ തുടക്കത്തില്‍ പ്രതികരിച്ചത്. എന്നാല്‍ യുഎസ്സിന്റെയും കാനഡയുടെയും ഇന്റലിജന്‍സ് വിഭാഗങ്ങളുടെ റിപ്പോര്‍ട്ടുകള്‍ ഇതിനെ നിഷേധിച്ച്‌ പുറത്തു വന്നതോടെ ഇറാന്‍ തങ്ങള്‍ക്കു പറ്റിയ അബദ്ധം സമ്മതിക്കുകയായിരുന്നു. യുഎസ്സിന്റെ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലുണ്ടായ അതിജാഗ്രതയാണ് ഈ ദുരന്തത്തിന് കാരണമായതെന്ന് ഇറാന്‍ വ്യക്തമാക്കി.

നേരത്തെ ഈ വിഷയത്തില്‍ ഇറാന്‍ പ്രസിഡണ്ട് പ്രത്യേക താല്‍പര്യമെടുത്ത് ഒരു പ്രത്യേക കോടതി സ്ഥാപിക്കാര്‍ ഉത്തരവിട്ടിരുന്നു. അതെസമയം എത്ര അറസ്റ്റ് നടന്നെന്ന് ഇനിയും വ്യക്തമല്ല. ഇക്കാര്യം വ്യക്തമാക്കാന്‍ പ്രത്യേക കോടതിയുടെ വക്താവ് തയ്യാറായില്ല.

ക്ഷമിക്കാനാകാത്ത തെറ്റാണ് വിമാനം തകര്‍ത്തതെന്ന് ഇറാന്‍ പ്രസിഡണ്ട് ഹസ്സന്‍ റൂഹാനി ഇന്ന് നടത്തിയ ടെലിവിഷന്‍ പ്രസ്താവനയില്‍ പറഞ്ഞു. കുറ്റക്കാരായവരെ ശിക്ഷിക്കുമെന്ന് അദ്ദേഹം ഉറപ്പു നല്‍കുകയും ചെയ്തു. ഇതൊരു സാധാരണ കേസല്ലെന്നും കോടതിയുടെ പ്രവര്‍ത്തനങ്ങളെ ലോകം മുഴുവന്‍ നിരീക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പിഞ്ചുകുഞ്ഞുങ്ങളടക്കം 176 പേരാണ് വിമാനം തകര്‍ന്നുവീണ് മരിച്ചത്. വിമാനത്തിലുണ്ടായിരുന്ന ആരും ജീവനോടെ അവശേഷിച്ചില്ല.

അതെസമയം ഉക്രൈന്‍ വിമാനം തകര്‍ത്ത സംഭവത്തില്‍ ഡോണള്‍ഡ് ട്രംപിനെയും ഇറാനെയും പഴി പറഞ്ഞ് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ രംഗത്തു വന്നു. ഇരുകൂട്ടരും സ്ഥിതിഗതികള്‍ വഷളാക്കിയിരുന്നില്ലെങ്കില്‍ ഇങ്ങനെയൊരു ദുരന്തമുണ്ടാകില്ലായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. യുദ്ധമുണ്ടാകുമ്ബോള്‍ നിഷ്കളങ്കരാണ് ഇരകളാകുന്നതെന്നും കനേഡിയന്‍ പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.


Next Story

Related Stories