TopTop
Begin typing your search above and press return to search.

തകർന്ന ഉക്രേനിയൻ വിമാനത്തിന്റെ ബ്ലാക് ബോക്സുകൾ ബോയിങ്ങിനോ അമേരിക്കയ്ക്കോ നൽകില്ലെന്ന് ഇറാൻ

തകർന്ന ഉക്രേനിയൻ വിമാനത്തിന്റെ ബ്ലാക് ബോക്സുകൾ ബോയിങ്ങിനോ അമേരിക്കയ്ക്കോ നൽകില്ലെന്ന് ഇറാൻ

ഇറാനിൽ ഉക്രേനിയൻ വിമാനം തകർന്നുണ്ടായ അപകടത്തിന്റ വിവരങ്ങളോ, കണ്ടെത്തിയ ബ്ലാക് ബോക്സുകളോ അമേരിക്കൻ കമ്പനിയായ ബോയിങ്ങിന് നൽകില്ലെന്ന് അധികൃതർ. ഇറാന്റെ ഉന്നത സൈനികോദ്യോഗസ്ഥൻ ഖാസിം സുലൈമാനിയെ കൊല ചെയ്ത സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് രാജ്യത്തിന്റെ ഈ നിലപാട്. 176 യാത്രക്കാരാണ് ഈ അപകടത്തിൽ കൊല്ലപ്പെട്ടത്. ഇറാൻ-യുഎസ് സംഘർഷത്തിന് ഈ സംഭവങ്ങളിൽ പങ്കുണ്ടോയെന്ന് നേരത്തെ സംശയമുണ്ടായിരുന്നെങ്കിലും പിന്നീട് ആ സാധ്യതകൾ തള്ളപ്പെട്ടു.

ബോയിങ്ങിനോ അമേരിക്കയ്ക്കോ ബ്ലാക്ബോക്സ് കൈമാറാനാകില്ലെന്ന് ഇറാൻ സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ തലവൻ അലി അഅബെദ്സദേഹ് അറിയിച്ചു. ഏത് രാജ്യത്തിനാണ് ബ്ലാക്ബോക്സ് കൈമാറുകയെന്ന് ഇപ്പോഴും തീരുമാനമെടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ഉക്രൈൻ ഇന്റർനാഷണൽ എയർലൈൻസിന്റെ PS752 വിമാനമാണ് തകർന്നു വീണത്. ഇറാന്റെ വ്യോമയാന വിഭാഗവും സംഭവത്തിൽ അന്വേഷണം നടത്തും. എവിടെയാണോ വിമാനം തകർന്നു വീണത് ആ രാജ്യമാണ് സംഭവത്തിൽ അന്വേഷണത്തിന് നേതൃത്വം നൽകേണ്ടത് എന്നാണ് ചട്ടം.

ഇറാനിലെ ടെഹ്റാൻ വിമാനത്താവളത്തിൽ നിന്ന് ഉക്രെയ്ൻ തലസ്ഥാനമായ കീവിലെ ബോറിസ്പിൽ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പോവേണ്ട വിമാനം ഒരു മണിക്കൂർ വൈകിയായിരുന്നു പുറപ്പെട്ടത്. രാവിലെ 6:12 ന് പറന്നുയർന്ന വിമാനം അൽപ സമയത്തിനകം തന്നെ താഴേയ്ക്ക് പതിക്കുകയായിരുന്നു. വിമാന തകർന്ന് വീഴുന്ന ദൃശ്യങ്ങള്‍ ഇറാൻ വാർത്താ ഏജൻസി പുറത്ത് വിട്ടിരുന്നു. ഒരു വലിയ തീഗോളം ഇരുട്ടിൽ താഴ്ന്നിറങ്ങുന്നതാണ് ദൃശ്യങ്ങളിലുള്ളത്.

സാങ്കേതിക തകരാര്‍ മൂലമാണ് വിമാനം തകര്‍ന്ന് വീണതെന്നാണ് നിഗമനം. അപകടത്തെ അതിജീവിച്ചവരെ ജീവനോടെ കണ്ടെത്താൻ സാധ്യതയില്ലെന്ന് ഇറാന്റെ റെഡ് ക്രസന്റ് നേരത്തെതന്നെ വ്യക്തമാക്കിയിരുന്നു.


Next Story

Related Stories