TopTop

ബ്രിട്ടീഷ് നയതന്ത്ര പ്രതിനിധിയെ പുറത്താക്കാന്‍ ഇറാന്‍, രാജ്യത്ത് പ്രക്ഷോഭം തുടരുന്നു, വിമാനം വെടിവെച്ചിട്ട സംഭവത്തിൽ അറസ്റ്റ്

ബ്രിട്ടീഷ് നയതന്ത്ര പ്രതിനിധിയെ പുറത്താക്കാന്‍ ഇറാന്‍, രാജ്യത്ത് പ്രക്ഷോഭം തുടരുന്നു, വിമാനം വെടിവെച്ചിട്ട സംഭവത്തിൽ അറസ്റ്റ്


ഉക്രൈയിന്‍ വിമാനം വെടിവെച്ചിട്ടതിനെതിരായ ഇറാനിലെ ജനകീയ പ്രക്ഷോഭങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചുവെന്ന് ആരോപണം നേരിടുന്ന ബ്രിട്ടന്റ നയതന്ത്ര പ്രതിനിധിയെ രാജ്യത്ത്‌നിന്ന് പുറത്താക്കും. ബ്രിട്ടീഷ് നയതന്ത്ര പ്രതിനിധി സ്വീകാര്യനായ വ്യക്തിയല്ലെന്ന് നീതിന്യായ സംവിധാനം പ്രഖ്യാപിച്ചതായി ഇറാനില്‍നിന്നുള്ള റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഇറാനില്‍ കഴിഞ്ഞ ദിവസം ആരംഭിച്ച സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്ക് പിന്നില്‍ ബ്രീട്ടിഷ് അംബാസിഡര്‍ റോബ് മെക്കെയര്‍ ആണെന്ന് അധികൃതര്‍ ആരോപിച്ചിരുന്നു. ഇതേ തുടര്‍ന്ന് ഇയാള്‍ അറസ്റ്റ് ചെയ്യപ്പെടുകയും ചെയ്തു. തുടര്‍ന്നാണ് ഇദ്ദേഹത്തെ പുറത്താക്കാനുള്ള തീരുമാനം. ഇപ്പോള്‍തന്നെ സുഗമമല്ലാത്ത ബ്രീട്ടന്‍-ഇറാന്‍ ബന്ധത്തില്‍ ഇത് കൂടുതല്‍ അസ്വാരസ്യങ്ങള്‍ സൃഷ്ടിക്കുമെന്ന കാര്യം ഉറപ്പാണ്.
ഇറാനിലെ ജയിലുകളില്‍ കഴിയുന്ന ബ്രീട്ടീഷുകാരുടെ വിഷയത്തിലും പതിറ്റാണ്ടുകള്‍ പഴക്കമുള്ള ആയുധ ഇടപാടുകളുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന തര്‍ക്കങ്ങളിലും നേരത്തെ തന്നെ ബ്രിട്ടനുമായുള്ള ഇറാൻ്റെ ബന്ധം സുഗമമായിരുന്നില്ല. അതിനിടെയാണ് ഉക്രൈയിന്റെ വിമാനം വെടിവെച്ചിട്ട സംഭവം ഉണ്ടായത്. ഇതിനെതിരെ രാജ്യത്ത് ഉയര്‍ന്ന പ്രക്ഷോഭത്തെ അനുകൂലിക്കുന്ന നിലപാടാണ് ബ്രിട്ടീഷ് പ്രതിനിധി സ്വീകരിച്ചതെന്നാണ് ഇറാന്‍ അധികൃതരുടെ നിലപാട്. ഇതേതുടര്‍ന്ന് റോബ് മെക്കെയറിനെ അറസ്റ്റ് ചെയ്ത് വിട്ടയക്കുകയായിരുന്നു.
അതിനിടെ ഇറാനിലെ പല ഭാഗങ്ങളിലും ഇപ്പോഴും പ്രതിഷേധം തുടരുകയാണ്. പ്രതിഷേധത്തെ നേരിടാന്‍ അധികൃതര്‍ പലയിടങ്ങളിലും ഭാഗീകമായി ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചു. കഴിഞ്ഞ നവംമ്പറില്‍ വിലക്കയറ്റത്തിനെതിരെ പ്രതിഷേധം ശക്തമായപ്പോഴും ഇന്റര്‍നെറ്റ് നിരോധിച്ചാണ് സര്‍ക്കാര്‍ പ്രതികരിച്ചത്.
ഉക്രൈയിന്‍ വിമാനം വെടിവെച്ച് വീഴ്ത്തിയതുമായി ബന്ധപ്പെട്ട് ചിലരെ അറസ്റ്റ് ചെയ്തതായി ഇറാന്‍ പറഞ്ഞു. എന്നാല്‍ എത്രപേരെ അറസ്റ്റ് ചെയ്തുവെന്നതിന്റെ വിശദാംശങ്ങള്‍ നല്‍കാന്‍ അധികൃതര്‍ തയ്യാറായില്ല. വിമാനം വെടിവെച്ചിട്ട സംഭവം വിചാരണചെയ്യാന്‍ പ്രത്യേക കോടതി സ്ഥാപിക്കുമെന്ന് പ്രസിഡന്റ് ഹസ്സാന്‍ റൗഹാനി പറഞ്ഞു. നീതിന്യായ വകുപ്പ് പ്രത്യേക കോടതി സ്ഥാപിക്കണം. മുതിര്‍ന്ന ജഡ്ജിയും വിദഗ്ദരും വിചാരണ കോടതിയുടെ ഭാഗമാകണമെന്നും പ്രസിഡന്റ് നിര്‍ദ്ദേശിച്ചു. വിമാനത്തെ വെടിവെച്ചിട്ടിത് പൊറുക്കാന്‍ പറ്റാത്ത തെറ്റാണെന്നും റൗഹാനി പറഞ്ഞു. ഏതെങ്കിലും ഒരാളല്ല ഇതിന് കാരണക്കാരനെന്നും അദ്ദേഹം പറഞ്ഞു. ഇറാനിലെ റവല്യുഷണറി ഗാര്‍ഡ് സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു.
176 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇതില്‍ 63 പേര്‍ കനഡക്കാരായിരുന്നു. വിമാനം തകരാറുമൂലമാണ് തകര്‍ന്നതെന്നായിരുന്നു ഇറാന്‍ ആദ്യം പറഞ്ഞത്. പിന്നീടാണ് അബന്ധത്തില്‍ തകര്‍ത്തതാണെന്ന് കുറ്റ സമ്മതം നടത്തിയത്. ഇതിനെ തുടര്‍ന്നാണ് ഇറാനില്‍ സര്‍ക്കാരിനെതിരെ വലിയ പ്രക്ഷോഭം ഉണ്ടായത്. ഖാമയേനി രാജിവെയ്ക്കണമെന്നതടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു പ്രക്ഷോഭം


Next Story

Related Stories