TopTop

'മാപ്പു പറയുക, രാജിവയ്ക്കുക': ഉക്രൈന്‍ വിമാനം തകര്‍ത്തതില്‍ ഇറാനില്‍ പ്രതിഷേധം; പൊലീസ് വെടിവെച്ചു

ഉക്രൈൻ വിമാനം തകർത്തതിനെതിരെ പ്രതിഷേധിക്കുന്ന ഇറാൻ ജനതക്കെതിരെ ഞായറാഴ്ച രാത്രി വെടിവയ്പ്പ് നടന്നതായും, നിരവധി പേർക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ട്. യുഎസിന് മറുപടി കൊടുക്കുന്നതിനിടെ യുക്രെയ്ന്റെ യാത്രാവിമാനം വീഴ്ത്തിയതിന്റെ ഉത്തരവാദിത്വം ഇറാന്‍റെ വല്യൂഷനറി ഗാർഡ്സ് ഏറ്റതിനെ തുടർന്നു രാജ്യമെങ്ങും പ്രതിഷേധം പടരുന്ന സാഹചര്യത്തിലാണ് ഭരണകൂടം അടിച്ചമര്‍ത്തല്‍ നടപടികളിലേക്ക് കടക്കുന്നത്. ഇറാനിലെ സർവകലാശാലകളിലെല്ലാം പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടു കഴിഞ്ഞു.

യുക്രെയ്ന്റെ യാത്രാവിമാനം വീഴ്ത്തിയതിൽ പ്രതിഷേധിച്ച് 'മാപ്പു പറയുക, രാജിവയ്ക്കുക' എന്നീ മുദ്രാവാക്യങ്ങളുമായി ആയിരങ്ങൾ ടെഹ്റാനിലെ അമീർ അക്ബർ സർവകലാശാലയിൽ പ്രകടനം നടത്തി. ബുധനാഴ്ച നടന്ന വിമാന ദുരന്തത്തിൽ കൊല്ലപ്പെട്ട 176 പേരുടെ പേരുകൾ എഴുതിയ കൂറ്റൻ ബാനർ പ്രതിഷേധക്കാർ വാലി അസർ ചത്വരത്തിൽ ഉയർത്തി. പ്രതിഷേധക്കാരെ നേരിടുന്നതിന് കലാപനിയന്ത്രണ സേനയെ സര്‍ക്കാര്‍ നിയോഗിച്ചു. രാജ്യത്തിന്റെ ശത്രുക്കൾ ഉള്ളിൽ തന്നെയാണെന്നും യാത്രാവിമാനം വീഴ്ത്തിയതിന് ഉത്തരവാദികളെ ശിക്ഷിക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെടുന്നു.

അതേസമയം, പുതിയ സർക്കാർ വിരുദ്ധ പ്രതിഷേധം ഇപ്പോഴും ഇറാനിലെ മധ്യവർഗത്തിനും വിദ്യാർത്ഥികൾക്കുമിടയിൽ മാത്രമാണ് കേന്ദ്രീകരിച്ചിരിക്കുന്നതെന്നും അതുകൊണ്ട് സർക്കാരിന് അസ്തിത്വപരമായ ഭീഷണിയല്ലെന്നും വിശകലന വിദഗ്ധർ പറയുന്നു. ജനുവരി 3-ന് യുഎസ് ഡ്രോൺ ആക്രമണത്തിലൂടെ ജനറൽ ഖാസെം സുലൈമാനിയെ കൊലപ്പെടുത്തിയതിനെത്തുടർന്ന് അമേരിക്കക്കെതിരെ ഉയര്‍ന്ന ജനരോഷം, ഇറാഖിലെ അമേരിക്കൻ സേനയ്ക്ക് നേരെ നടത്തിയ മിസൈൽ ആക്രമണത്തിലൂടെ മുതലാക്കാന്‍ ഇറാൻ ശ്രമിച്ചിരുന്നു. എന്നാല്‍ വിമാനം വെടിവെച്ചിട്ടതോടെ എല്ലാ പ്രതീക്ഷകളും തെറ്റുകയും ജനങ്ങളുടെ ഭാഗത്തു നിന്ന്തന്നെ കനത്ത തിരിച്ചടിയേല്‍ക്കുകയും ചെയ്തിരിക്കുകയാണ്.

ഇറാന്‍റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിക്കെതിരെയും മുദ്രാവാക്യങ്ങൾ ഉയർത്തിക്കൊണ്ടാണ് ജനങ്ങള്‍ പ്രതിഷേധിക്കുന്നത്. ടെഹ്റാനു പുറമേ ഷിറാസ്, ഇസ്ഫഹാൻ, ഹമദാൻ, ഒറുമിയേ നഗരങ്ങളിലും പ്രതിഷേധ പ്രകടനങ്ങൾ നടന്നു. വിമാനം അബദ്ധത്തില്‍ വീഴ്ത്തിയതാണെന്ന് ഇറാൻ ഭരണനേതൃത്വം ശനിയാഴ്‍ചയാണു തുറന്നു പറഞ്ഞത്. അതോടെ സമൂഹ മാധ്യമങ്ങളിലടക്കം പ്രതിഷേധമിരമ്പി. വിമാനാപകടത്തില്‍ മരണപ്പെട്ടവര്‍ക്ക് ആദരാജ്ഞലിയര്‍പ്പിക്കാന്‍ പ്രതിഷേധക്കാര്‍ ഒത്തുകൂടാന്‍ ശ്രമിക്കുന്നതിനിടെ ഒന്നിലധികം ഇറാനിയന്‍ പ്രവിശ്യകളില്‍ ഇന്റര്‍നെറ്റ് പ്രവേശനം നിര്‍ത്തിവച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.


Next Story

Related Stories