TopTop
Begin typing your search above and press return to search.

കൊറോണ വൈറസ്: ഇസ്രായേലിന്റെ പോരാട്ടത്തില്‍ മൊസ്സാദിന്റെ അന്തര്‍ദ്ദേശീയ നെറ്റ്‌വര്‍ക്ക് ഇടപെട്ടതെങ്ങനെ?

കൊറോണ വൈറസ്: ഇസ്രായേലിന്റെ പോരാട്ടത്തില്‍ മൊസ്സാദിന്റെ അന്തര്‍ദ്ദേശീയ നെറ്റ്‌വര്‍ക്ക് ഇടപെട്ടതെങ്ങനെ?

ഈ മാസത്തിന്റെ ആദ്യം ഇസ്രായേലിന്റെ ആരോഗ്യമന്ത്രിക്ക് കൊറോണ വൈറസ് ബാധയുണ്ടെന്ന് കണ്ടെത്തുകയുണ്ടായി. തൊട്ടുപിന്നാലെ അദ്ദേഹവുമായി ഇടപഴകിയ എല്ലാ ഉന്നതോദ്യോഗസ്ഥരും ക്വാറന്റൈനിലായി. ഇക്കൂട്ടത്തില്‍ ഒരാളുടെ കാര്യം പ്രത്യേകം പരാമര്‍ശിക്കേണ്ടതാണ്. ഇതിഹാസമാനമായ ആഖ്യാനങ്ങള്‍ക്ക് ഏറെ പാത്രമായിട്ടുള്ള മൊസ്സാദിന്റെ ഡയറക്ടറായിരുന്നു അത്.

ഇസ്രായേലിന്റെ സംരക്ഷിക്കുകയെന്ന ദൗത്യത്തിന്റെ പേരില്‍ നടത്തുന്ന ചാരപ്രവര്‍ത്തനങ്ങളുടെ കാര്യത്തിലല്ലാതെ പൊതുജനാരോഗ്യ കാര്യത്തില്‍ മൊസ്സാദിന് എന്താണ് ചെയ്യാനുള്ളത്? ഇസ്രായേലുകാര്‍ക്ക് ആകാംക്ഷയുണ്ടായി.

ആരോഗ്യമന്ത്രിയായ യാകോവ് ലിറ്റ്സ്മാന്റെ അതേ മുറിയില്‍ എന്താണ് മൊസ്സാദിന്റെ ഡയറക്ടര്‍ യോസ്സി കോഹന്‍ ചെയ്തിരുന്നത്? എന്തുതരം വ്യവഹാരമാണ് മന്ത്രിയുമായി അദ്ദേഹത്തിനുള്ളത്? ഇതന്വേഷിക്കുമ്പോഴാണ് മൊസ്സാദിന്റെ ദൗത്യങ്ങളുടെ വിശാലത ബോധ്യപ്പെടുക. ഇസ്രായേലില്‍ കൊറോണ വൈറസ്സിനെതിരായ പോരാട്ടത്തില്‍ മൊസ്സാദിന്റെ പങ്ക് വളരെ വലുതാണ്. രാജ്യത്തേക്ക് ആവശ്യമായ മെഡിക്കല്‍ ഉപകരണങ്ങള്‍ സ്വന്തമാക്കുന്നതിലും സാങ്കേതികതകള്‍ സ്വന്തമാക്കുന്നതിലുമെല്ലാം മൊസ്സാദിന് വലിയ പങ്കുണ്ടെന്ന് ഇസ്രായേലിലെ സുരക്ഷാ ഉദ്യോഗസ്ഥരും മെഡിക്കല്‍ ഉദ്യോഗസ്ഥരും പറയുന്നു.

ലോകത്തിലെ എല്ലാ രാജ്യങ്ങളും വിവിധങ്ങളായ ക്ഷാമത്തില്‍ കുടുങ്ങിയിരിക്കുകയാണ്. ആവശ്യമായ മരുന്നും സുരക്ഷാ ഉപാധികളുമെല്ലാം ലഭ്യതക്കുറവുള്ളവയുടെ ഗണത്തിലുണ്ട്. സഹായത്തിനായി അവര്‍ സൗഹാര്‍ദ്ദത്തിലല്ലാത്തവരുടെ പോലും സഹായം തേടുന്നു. നിരുപാധികമായി മസിലുകള്‍ക്ക് അയവ് വരുത്തിയിരിക്കുന്നു. മൊസ്സാദിനെ സംബന്ധിച്ചാണെങ്കില്‍ നിലവില്‍ ഇറാന്റെ കാര്യത്തില്‍ അധികം സമയം ചെലവിടേണ്ടി വരുന്നില്ല. സ്വന്തം രാജ്യത്തെ കൊറോണ വ്യാപനത്തെ ചെറുക്കാന്‍ കഷ്ടപ്പെടുകയാണ് ഇറാന്‍ ഇപ്പോള്‍. അടിയന്തിരമായ ഒരു സുരക്ഷാ ഭീഷണിയല്ല അവരിപ്പോള്‍. ഇക്കാരണത്താല്‍ തന്നെ മൊസ്സാദിന് സ്വന്തം രാജ്യത്തെ ആരോഗ്യപ്രശ്നത്തില്‍ ഇടപെടാന്‍ കൂടുതല്‍ സൗകര്യമുണ്ടെന്ന് ഈ വിഷയത്തില്‍ അറിവുള്ള ചില വൃത്തങ്ങളില്‍ നിന്ന് അറിയാന്‍ കഴിഞ്ഞു.

തുടക്കത്തില്‍ കൊറോണ വ്യാപനം സംബന്ധിച്ച് വലിയ ഭീതിയുണ്ടായിരുന്നു ഇസ്രായേലില്‍. എന്നാല്‍ ഇപ്പോഴത്തെ കണക്കുകള്‍ പറയുന്നത്, അവര്‍ ആവശ്യത്തിലധികം അശുഭചിന്ത പുലര്‍ത്തിയെന്നാണ്. 11,000 പേര്‍ക്കാണ് രാജ്യത്ത് രോഗബാധയുണ്ടായിട്ടുള്ളത്. 103 മരണങ്ങള്‍ സംഭവിച്ചു. ലോകത്തില്‍ ഏറ്റവും വലിയ വൈറസ് ആക്രമണം നടന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇസ്രായേല്‍ ഇപ്പോഴില്ല.

ഇസ്രായേലിലെ ടെല്‍ അവീവ് സര്‍വ്വകലാശാലയിലെ പ്രൊഫസര്‍ ഐസക് ബെന്‍ എഴുതിയ ഒരു ലേഖനം പറയുന്നത്, രണ്ടാഴ്ചയ്ക്കുള്ളില്‍ രോഗവ്യാപനത്തിന്റെ തോതില്‍ കാര്യമായ കുറവുണ്ടാകുമെന്നാണ്. എന്നാല്‍ ഫെബ്രുവരി മാസത്തില്‍ ഇതൊന്നുമായിരുന്നില്ല സ്ഥിതി. ഇസ്രായേലിലെ ഏറ്റവും വലിയ ആശുപത്രിയായ ഷേബാ മെഡിക്കല്‍ സെന്ററിലെ വിദഗ്ധര്‍ പ്രവചിച്ചത് കൂടുതല്‍ വെന്റിലേറ്ററുകളും മറ്റ് സുരക്ഷാ ഉപകരണങ്ങളും ആവശ്യമായി വരുമെന്നായിരുന്നു. ആശുപത്രിയുടെ ഡയറക്ടര്‍ ജനറലായ പ്രൊഫ. യിത്സ്ബാക്ക് ക്രെയിസ്, മൊസ്സാദ് തലവന്‍ കോഹനുമായി ഈ സന്ദര്‍ഭത്തില്‍ കൂടിക്കാഴ്ച നടത്തുകയുണ്ടായി. ഒരു സ്വകാര്യ ചടങ്ങില്‍ വെച്ച് ഒരു പൊതുസുഹൃത്തിന്റെ സഹായത്തോടെയായിരുന്നു ഈ കൂടിക്കാഴ്ച. ഇസ്രായേലെന്ന ചെറിയ രാജ്യത്ത് ഉന്നതന്മാര്‍ ഒരേ സാമൂഹ്യവൃത്തങ്ങളില്‍ വന്നുപെടുന്നത് ഒരു അസാധാരണ കാര്യമല്ല.

ഈ സന്ദര്‍ഭത്തിനു മുമ്പു തന്നെ ഇസ്രായേലിലെ ആരോഗ്യവ്യവസ്ഥയെ തന്റെ ഏജന്‍സിക്ക് എങ്ങനെ സഹായിക്കാനാകുമെന്ന ആലോചന കോഹന്‍ തുടങ്ങിയിരുന്നു. പ്രൊഫസര്‍ ക്രെയിസ് നിലവില്‍ ഇസ്രായേലിന് അത്യാവശ്യമുള്ള ഉപകരണങ്ങളുടെ ഒരു പട്ടിക നല്‍കി. കോഹന്‍ മറ്റൊരു പട്ടിക ആരോഗ്യമന്ത്രാലയത്തില്‍ നിന്നും സമ്പാദിച്ചു. തങ്ങളുടെ അന്തര്‍ദ്ദേശീയ നെറ്റ്‌വര്‍ക്ക് ഉപയോഗിച്ച് ഈ ആരോഗ്യരക്ഷാ ഉപകരണങ്ങള്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ തുടങ്ങി.

മാര്‍ച്ച് മാസത്തിന്റെ തുടക്കത്തില്‍ മെഡിക്കല്‍ ഉപകരണങ്ങളുടെ വിതരണത്തിനായി ഒരു കണ്‍ട്രോള്‍ സെന്റര്‍ ഇസ്രായേലില്‍ തുറന്നു. അതിന്റെ തലവന്‍ മൊസ്സാദിന്റെ കോഹന്‍ തന്നെയായിരുന്നു. ഷേബയിലാണ് ഈ സ്ഥാപനം കേന്ദ്രീകരിച്ചത്. ഈ കേന്ദ്രത്തില്‍ മൊസ്സാദിന്റെ പ്രതിനിധികളും, പ്രതിരോധമന്ത്രാലയത്തിന്റെ പര്‍ച്ചേസിങ് വിഭാഗത്തിന്റെ പ്രതിനിധികളുമുണ്ടായിരുന്നു. ഇവര്‍ക്കൊപ്പം ഇസ്രായേല്‍ മിലിട്ടറിയുടെ 'യൂണിറ്റ് 81' കൂടെ ചേര്‍ന്നു. ഇസ്രായേല്‍ മിലിട്ടറി ഇന്റലിജന്‍സിന്റെ രഹസ്യ സംവിധാനമാണ് 'യൂണിറ്റ് 81'. ഈ സംവിധാനത്തിന്‍കീഴിലാണ് രാജ്യത്തെ ഏറ്റവും സന്നാഹപ്പെട്ട രഹസ്യചോരണ ഉപകരണങ്ങള്‍ നിര്‍മിക്കപ്പെടുന്നത്.

ഷെബാ മെഡിക്കല്‍ സെന്റര്‍ ആശുപത്രിയുടെ ഡയറക്ടര്‍ ജനറലായ പ്രൊഫ. യിത്സ്ബാക്ക് ക്രെയിസ് നേരത്തെ ആര്‍മിയില്‍ സര്‍ജന്‍ ജനറലായി പ്രവര്‍ത്തിച്ചിട്ടുള്ളയാളാണ്. വളരെ നിര്‍മായകമായ മെഡിക്കല്‍ ഉപകരണങ്ങള്‍ ഇസ്രായേലിന് ലഭ്യമാക്കുന്നതില്‍ മൊസ്സാദ് വഹിച്ച പങ്ക് അതിവിപുലമാണെന്ന് ക്രെയിസ് പറയുന്നു. ഇത് ഇസ്രായേലില്‍ മാത്രം നടക്കുന്ന ഒന്നാണെന്ന് ക്രെയിസ് ചൂണ്ടിക്കാട്ടുന്നു. "ന്യൂയോര്‍ക്കിലെ മൗണ്ട് സിനായ് ആശുപത്രി സിഐഎ-യുടെ സഹായം സ്വീകരിക്കുന്നത് നിങ്ങള്‍ക്ക് ഭാവന ചെയ്യാനെങ്കിലും സാധിക്കുമോ?" -അദ്ദേഹം ചോദിക്കുന്നു.

(ദി ന്യൂയോര്‍ക്ക് ടൈംസില്‍ പ്രസിദ്ധീകരിച്ച രോനന്‍ ബെര്‍ഗ്മാന്റെ റിപ്പോര്‍ട്ടില്‍ നിന്നുള്ള ഭാഗങ്ങള്‍.)

കൂടുതല്‍ വായിക്കാം


Next Story

Related Stories